NEWSROOM

ഗതാഗത മന്ത്രിയുടെ നിർദേശം അവഗണിച്ച് ഡ്യൂട്ടി സറണ്ടറിങ്; കെഎസ്ആർടിസിക്ക് 6 കോടി വരെ അധികച്ചെലവ്

വരുമാന ചോർച്ച പരിഹരിക്കാൻ മാർഗങ്ങൾ തേടുമ്പോഴാണ് മെക്കാനിക്കൽ ജീവനക്കാർക്ക് ഡ്യൂട്ടി സറണ്ടറിങ് നിർദേശിച്ച് അധികൃതർ കെഎസ്ആ‍ര്‍ടിസിക്ക് നഷ്ടം ഉണ്ടാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഗതാഗത മന്ത്രിയുടെ നിർദേശം അവഗണിച്ച് മെക്കാനിക്കൽ ജീവനക്കാരെ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലേക്ക് നിയോഗിക്കുന്നത് പതിവാക്കി കെഎസ്ആ‍ർടിസി. ആൾ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക ജീവനക്കാർക്ക് പകരം ഡ്യൂട്ടി സറണ്ടറിങ് നടത്തി മെക്കാനിക്കൽ വിഭാഗത്തിൽ നിന്നുള്ളവരെ ഡ്യൂട്ടിയിൽ നിയോഗിക്കുന്നത്.

കുളത്തൂപ്പുഴ ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരൻ പുനലൂർ ഡിപ്പോയിൽ കണ്ടക്ടർ ജോലി ചെയ്തതായി കണ്ടെത്തിയതോടെയാണ് ഡ്യൂട്ടി സറണ്ടറിങ് എന്ന് അറിയപ്പെടുന്ന ഡ്യൂട്ടിയിലെ മാറ്റങ്ങൾ ആവർത്തിക്കരുതെന്ന ഉത്തരവിറക്കിയത്. ഈ ഉത്തരവ് നിലനിൽക്കെയാണ് പുനലൂർ ഡിപ്പോയിൽ അടക്കം ഡ്യൂട്ടി സറണ്ടറിംഗ് ഇപ്പോഴും നടപ്പാക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിയുന്ന മെക്കാനിക്കൽ ജീവനക്കാരെ വിശ്രമിക്കാൻ പോലും അനുവദിക്കാതെയാണ് തൊട്ടടുത്ത ദിവസം ഡ്രൈവർ കണ്ടക്ടർ തസ്തികയിലേക്ക് നിയോഗിക്കുന്നത്. താൽക്കാലിക ജീവനക്കാർ ഉണ്ടായിരിക്കേയാണ് സ്ഥിരം ജീവനക്കാരെ തന്നെ ഇത്തരത്തിൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. താൽക്കാലിക ജീവനക്കാർക്ക് 700 മുതൽ 800 വരെ ദിവസവേതനം നൽകുന്നിടത്ത് സ്ഥിരം ജീവനക്കാരെ നിയോഗിക്കുമ്പോൾ ആയിരം രൂപ മുതൽ ഇവർക്ക് പ്രത്യേകമായി നൽകേണ്ടി വരും.

വരുമാന ചോർച്ച പരിഹരിക്കാൻ മാർഗങ്ങൾ തേടുമ്പോഴാണ് മെക്കാനിക്കൽ ജീവനക്കാർക്ക് ഡ്യൂട്ടി സറണ്ടറിങ് നിർദേശിച്ച് അധികൃതർ കെഎസ്ആ‍ര്‍ടിസിക്ക് നഷ്ടം ഉണ്ടാക്കുന്നത്. ആറുകോടി രൂപ വരെ ഇത്തരത്തിൽ കെഎസ്ആർടിസിക്ക് പ്രതിമാസം അധിക ചെലവ് ഉണ്ടാകുന്നതായാണ് കണക്ക്. കൊല്ലം ജില്ലയിൽ പത്തനാപുരം, പുനലൂർ, കുളത്തൂപ്പുഴ, ചടയമംഗലം ഡിപ്പോകളിലും പത്തനംതിട്ട അടൂരിലുമാണ് ഡ്യൂട്ടി സറണ്ടറിങ് ഏറെ വ്യാപകം.

SCROLL FOR NEXT