തലസ്ഥാനത്ത് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ചിൽ സംഘർഷം. പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രതിഷേധക്കാർ പൊലീസിനെതിരെ തിരിയുകയായിരുന്നു. പൊലീസിന് നേരെ കല്ലും കുപ്പികളും എറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചു. ഇതോടെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് തിരിച്ചടിച്ചു.
തുടർച്ചയായി ആറ് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചും പിരിഞ്ഞുപോകാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറായില്ല. വിദ്യാർഥികളും പൊലീസും പലതവണ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. പ്രകോപിതരായ പ്രതിഷേധക്കാർ പലവട്ടം ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു.
നിയമസഭയിലേക്കുള്ള പ്രധാന റോഡിന് മുൻവശം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. നാല് വർഷ ഡിഗ്രി മുന്നൊരുക്കമില്ലാതെ നടത്തിയതിൻ്റെ പിഴവ് പരിഹരിക്കുക, സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പാൾമാരെ നിയമിക്കുക, നിയമ വിദ്യാർഥികളുടെ യൂണിവേഴ്സിറ്റി ഫീസ് വർധനവ് കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.