NEWSROOM

ചോദ്യപേപ്പർ അയയ്ക്കുന്ന ഓൺലൈൻ സംവിധാനത്തിന് നിരീക്ഷണം വേണം; BCA ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ചാൻസലർക്ക് കത്തയച്ച് കെഎസ്‌യു

കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ്‌ ചെയ്തതിൽ നടപടി അവസാനിപ്പിക്കരുതെന്നും കത്തിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ ചാൻസലർക്ക് കത്തയച്ച് കെഎസ്‌യു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലാണ് കത്തയച്ചത്. സംഭവത്തിൽ കാസര്‍ഗോഡ് പാലക്കുന്ന് പിലാത്തറ ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ്‌ ചെയ്തതിൽ നടപടി അവസാനിപ്പിക്കരുതെന്ന് കത്തിൽ പറയുന്നു. ചോദ്യപേപ്പർ അയച്ചു നൽകുന്ന ഓൺലൈൻ സംവിധാനത്തിന് നിരീക്ഷണം വേണം. അധ്യാപകർക്ക് മാർഗനിർദേശം നൽകണമെന്നും കെഎസ്‌യു ചാൻസലർക്ക് അയച്ച കത്തിൽ പറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിയായ പിലാത്തറ ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പാൾ പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അജീഷിനെ പ്രതിയാക്കി ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കുന്ന് ഗ്രീന്‍ വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും ആറാം സെമസ്റ്റര്‍ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇ-മെയില്‍ വഴി അയച്ച പരീക്ഷ പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുന്‍പ് പരസ്യപ്പെടുത്തിയെന്നും, സര്‍വകലാശാലയെ വഞ്ചിച്ചെന്നുമാണ് അജീഷിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്.

സര്‍വകലാശാലയുടെ എക്‌സാം സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിയുടെ പക്കല്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ വിവരം വെളിപ്പെടുത്തിയത്. മെയില്‍ വഴി അയച്ച് നല്‍കിയ ചോദ്യപേപ്പര്‍ അധ്യാപിക ചോര്‍ത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തതായാണ് കണ്ടെത്തല്‍.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ നിരീക്ഷണം കര്‍ശനമാക്കാനും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കാനുമാണ് സര്‍വകലാശാലയുടെ തീരുമാനം. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനി മുതല്‍ നടക്കുകയെന്നും സര്‍വകലാശാല അറിയിച്ചു.

SCROLL FOR NEXT