കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ വാട്സാപ്പ് നമ്പറുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. പരാതിക്കാരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്‍റെ കത്തോട് കൂടി കൈമാറുമെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.ടി. ജലീല്‍ ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരും ഇരട്ട മുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചതായി കെ.ടി. ജലീല്‍ പറഞ്ഞു.
ALSO READ: 'മുന്‍വിധി വേണ്ട, അന്വേഷണം നടക്കട്ടെ' ; പി.വി. അന്‍വറിന്റെ പരാതി ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി
കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയെ വൈകുന്നേരം നാല് മണിക്ക് കണ്ടു. എല്ലാം വിശദമായി സംസാരിച്ചു. അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ തസ്തികയും ഓഫീസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി താഴെ പറയുന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക. കൈക്കൂലി ചോദിച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗ്ഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എൻ്റെ കത്തോടുകൂടി കൈമാറും. വാട്സ്അപ്പ് നമ്പർ: 9895073107. ഇടതുപക്ഷം ഹൃദയപക്ഷം.