NEWSROOM

ലീഗ് കോട്ടയില്‍ നിന്നാണ് സഭയിലെത്തിയത്, അല്‍പം ഉശിര് കൂടും; പ്രസംഗം നീണ്ടതിന് വിമര്‍ശിച്ച സ്പീക്കര്‍ക്ക് കെ.ടി. ജലീലിന്റെ മറുപടി

'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും ജലീല്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സ്വകാര്യ സര്‍വകലാശാല ബില്ലിലെ പ്രസംഗത്തിനിടെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. സമയം നീണ്ടു പോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളു എന്നാണ് ജലീലിന്റെ പോസ്റ്റ്.

ലീഗ് കോട്ടയില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ ജയിച്ചു വന്നതുകൊണ്ട് തന്നെ അല്‍പ്പം ഉശിര് കൂടും. അത് പക്ഷെ, 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും ജലീല്‍ പറഞ്ഞു.

' സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം 'ഉശിര്'' കൂടും. അത് പക്ഷെ, 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല,' എന്നുമായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


കഴിഞ്ഞ ദിവസം നിയമസഭയില്‍ സംസാരിക്കവെയാണ് സമയം അവസാനിച്ചതിന് പിന്നാലെ ജലീലിന്റെ മൈക്ക് ഓഫ് ചെയ്തത്. ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും കാണിക്കുന്നത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ജലീല്‍ ചെയറിനെ ബഹുമാനിച്ചില്ലെന്നും മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് ജലീല്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.



SCROLL FOR NEXT