NEWSROOM

ഇടതു മുന്നണിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, സഹയാത്രികനായി തുടരും; പാർലമെന്‍ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി കെ.ടി. ജലീൽ

പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും കെ. ടി. ജലീൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്



തൻ്റെ പാർലമെൻറി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന വ്യക്തമാക്കി കെ.ടി. ജലീൽ എംഎൽഎ. ഇടതുമുന്നണിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും കെ.ടി. ജലീൽ പറഞ്ഞു.

പി.വി. അൻവർ മലപ്പുറത്തെ പൊലീസിനെ കുറിച്ച് നടത്തിയ അഭിപ്രായത്തിൽ ശരിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും ധരിപ്പിച്ചു. സംഭവത്തിൽ അന്വേഷണ നടപടി പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാലേ വിശദമായ കാര്യങ്ങൾ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവറിൻ്റെ രാഷ്ട്രീയ വീക്ഷണത്തോടും പാർട്ടിയോടും വിയോജിക്കുമെന്നും അൻവറുമായുള്ള സൗഹൃദം തുടരുമെന്നും കെ.ടി. ജലീൽ വ്യക്തമാക്കി.

അന്വേഷണ റിപ്പോർട്ട് വരുന്നവരെ കാത്തിരിക്കാൻ താൻ അൻവറിനോട് അഭ്യർത്ഥിച്ചിരുന്നു. എഡിജിപി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതാണെന്നും ജലീൽ പറഞ്ഞു. മുഖ്യമന്ത്രിയെ സംഘിയെന്ന് ചാപ്പ കുത്താനാണ് ശ്രമം നടക്കുന്നത്. പി. ശശിക്ക് ആർഎസ്എസുമായി ഒരു ബന്ധവുമില്ല. സിപിഎം ജില്ലാ സെക്രട്ടറിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് പറഞ്ഞത് അസംബന്ധമാണ്. എന്നാൽ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച ന്യായീകരിക്കാനാകില്ല എന്നും ജലീൽ പറഞ്ഞു.

മന്ത്രിയായ ഘട്ടത്തിൽ സ്വർണ്ണക്കടത്തിൻ്റെ പേരിൽ വലിയ ദുരാരോപണമാണ് ഉയർന്നത്. അതിൽ ഒരു തരിമ്പ് സത്യമുണ്ട് എന്ന് വിവിധ ഏജൻസികൾ അന്വേഷിച്ചിട്ട് കണ്ടെത്താനായിട്ടില്ല. ബന്ധു നിയമനത്തിൻ്റെ പേരിൽ വസ്തുതകൾ മനസ്സിലാക്കാതെ പ്രതിപക്ഷം മാധ്യമങ്ങൾ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഏകപക്ഷീയമായാണ് തന്നെ പുറത്താക്കിയത്. തുടർന്നാണ് ഇടതുപക്ഷത്തോടൊപ്പം ചേർന്നതും കുറ്റിപ്പുറത്ത് മത്സരിച്ചതും. ഒരു നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് മത്സരിച്ച് ജയിച്ചത്. മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും തള്ളിപ്പറയാൻ തയ്യാറല്ല. സിപിഎം സഹയാത്രികനായി തന്നെ യാത്ര തുടരുമെന്നും ജലീൽ പറഞ്ഞു.

2006 ലാണ് ആദ്യമായി എൽഡിഎഫ് പിന്തുണയോട് കൂടി കുറ്റിപ്പുറത്ത് നിന്ന് വിജയിക്കുന്നത്. 2011ൽ തവനൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 18 വർഷമായി സിപിഎം സ്വതന്ത്ര എംഎൽഎയായി തുടരുകയാണ് ജലീൽ.

SCROLL FOR NEXT