തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). മന്ത്രിമാരുടേയും പ്രതിപക്ഷ നേതാക്കളുടേയും ഫോൺ ചോർത്തിയെന്നാണ് രേവന്ത് റെഡ്ഡിക്കെതിരായ ആരോപണം. ഫോൺ ചോർത്തിയിട്ടില്ലെന്ന് തെളിയിക്കാൻ രേവന്ത് റെഡ്ഡി നുണ പരിശോധന നടത്തണമെന്ന് ബിആർഎസ് വർക്കിങ് പ്രസിഡൻ്റും മുൻമന്ത്രിയുമായ കെ.ടി. രാമറാവു വെല്ലുവിളിച്ചു.
രേവന്ത് റെഡ്ഡി മന്ത്രിമാരുടെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളുടെയും ഫോൺ ചോർത്തുന്നുണ്ടെന്നും കെ.ടി. രാമറാവു ആരോപിച്ചു. രേവന്ത് റെഡ്ഡി നേരത്തെ വോട്ട് ചെയ്യാൻ പണം നൽകിയ സംഭവത്തിലും ഉൾപ്പെട്ടിരുന്നതായും, വോട്ടർക്ക് 50 ലക്ഷം നൽകുന്നത് കയ്യോടെ പിടികൂടിയിരുന്നുവെന്നും കെ.ടി. രാമറാവു ആരോപിച്ചു. ഇത്രയും അധാർമിക പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒരാൾക്ക് എങ്ങനെ ഞങ്ങൾക്കെതിരെ സംസാരിക്കാനാകുമെന്നും രാമറാവു ചോദിച്ചു. രേവന്ത് റെഡ്ഡി സർക്കാർ ആദ്യ 100 ദിവസത്തിനുള്ളിൽ പ്രധാന വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാമറാവു വിമർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരെയും രാമറാവു രൂക്ഷവിമർശനം ഉന്നയിച്ചു. ഡൽഹിയിൽ നീതി, സമത്വം, ഭരണഘടന തുടങ്ങിയവയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഹുൽ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കാത്തതെന്തെന്നും രാമറാവു ചോദിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ബുൾഡോസർ രാജിൽ നിന്ന് തെലങ്കാനയിലെ ദുർബലരായ സമുദായങ്ങളെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും രാഹുൽ ഗാന്ധിയോട് കെ.ടി.ആർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദശാബ്ദത്തിലെ ബിആർഎസിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി, ഐടി, കൃഷി തുടങ്ങിയ മേഖലകളിൽ ഉടനീളമുള്ള സർക്കാരിൻ്റെ വികസന പരിപാടികളുടെ വിജയത്തെക്കുറിച്ച് കെടിആർ വിശദീകരിച്ചു. കർഷകർക്കുള്ള ഋതു ബന്ധു, ഋതു ഭീമാ പദ്ധതികളും, അതുപോലെ ക്ഷേമ പിന്തുണ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആസറ പെൻഷനുകൾ 200 രൂപയിൽ നിന്ന് 2,000 രൂപയായി വർധിപ്പിച്ചത് ഉൾപ്പെടെയുള്ള പ്രധാന ബിആർഎസ് പദ്ധതികളെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.