NEWSROOM

"വാക്കുകള്‍ കടുത്തുപോയി, വികാരപ്രകടനം അല്‍പ്പം കടന്നുപോയി"; ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍

ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എയുടെ രോഷത്തോടെ സംസാരിച്ചത്.

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്‌റ്റേഷനില്‍ രോഷ പ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നും കെയു ജനീഷ് കുമാര്‍ പറഞ്ഞു. വികാര പ്രകടനം അല്‍പം കടന്നുപോയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെയു ജനീഷ് കുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എയുടെ രോഷത്തോടെ സംസാരിച്ചത്. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി.

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസില്‍ കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറയുന്നു. ഇയാളുടെ അറസ്റ്റിനുള്ള രേഖകള്‍ നല്‍കാന്‍ എംഎല്‍എ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരു വശത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു നില്‍ക്കുമ്പോള്‍, മറുവശത്ത് പാവപ്പെട്ടവരെ ഒരു കാര്യവുമില്ലാതെ പിടിച്ചുകൊണ്ടുവരികയാണെന്ന് പറഞ്ഞ ജനീഷ് എംഎല്‍എ, ഇവിടെ രണ്ടാമതും നക്‌സലുകള്‍ വരുമെന്നും ഭീഷണിപ്പെടുത്തി.

കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയിലൂടെ വലിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ അനധികൃതമായി വൈദ്യുതി കൊടുക്കാന്‍ ഒരു സാധ്യതയും ഇല്ലെന്ന് സ്ഥലം പരിശോധിച്ച കെഎസ്ഇബി അധികൃതര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സ്ഥലം പാട്ടത്തിനെടുത്തായാളുടെ സഹായിയെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇയാളെ ജനീഷ് കുമാര്‍ എംഎല്‍എ ബലമായി മോചിപ്പിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മനഃപ്പൂര്‍വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. കൊമ്പനാനയാണ് ചരിഞ്ഞത്. സ്വകാര്യ കൈതത്തോട്ടത്തിനു സംരക്ഷണമായി സ്ഥാപിച്ച സോളര്‍ വേലിക്കു മുകളിലായാണ് ആനയുടെ ശരീരം കിടന്നിരുന്നത്. സൗരോര്‍ജ വേലിയുടെ തൂണും ഒടിഞ്ഞ നിലയിലായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ആനയുടെ കൃത്യമായ പ്രായം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 20ല്‍ താഴെയാണെന്നാണ് നിഗമനം.

SCROLL FOR NEXT