NEWSROOM

കൂടോത്ര വിവാദത്തില്‍ കേസെടുക്കാൻ പൊലീസിന് നിര്‍ദേശം

കേരള കോൺഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസാണ് ഡിജിപിക്ക് പരാതി നൽകിയത്. കെ സുധാകരൻ്റെ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയത് കൂടോത്രം ചെയ്തതിൻ്റെ അവശിഷ്ടങ്ങളാണെന്ന വാദവുമായി ഒരു വിഭാഗം ആളുകൾ എത്തിയിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തില്‍ കേസെടുക്കാൻ മ്യൂസിയം പൊലീസിന് നിർദേശം. കൻ്റോൺമെൻ്റ്  എസിപിയാണ്  പരാതി കൈമാറിയത്. ഏതൊക്കെ വകുപ്പുകൾ ചേർക്കണമെന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനിക്കും. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്താനും സാധ്യതയുണ്ട്.

കേരള കോൺഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസാണ് ഡിജിപിക്ക് പരാതി നൽകിയത്. കെ സുധാകരൻ്റെ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയത് കൂടോത്രം ചെയ്തതിൻ്റെ അവശിഷ്ടങ്ങളാണെന്ന വാദവുമായി ഒരു വിഭാഗം ആളുകൾ എത്തിയിരിക്കുകയാണ്. കെ. സുധാകരൻ്റെ സാന്നിധ്യത്തിലാണ് പറമ്പിൽ നിന്നും വസ്തുക്കൾ കണ്ടെടുത്തിയത്. കൂടോത്രം തന്നെയാണെന്ന സംശയം കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനും ഉന്നയിച്ചിരുന്നു.

കണ്ണൂർ നാടാലിലെ കെ. സുധാകരൻ്റെ ഔദ്യോഗിക വസതിയിൽ നിന്നുമാണ് കൂടോത്രത്തിനുള്ളതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ത തകിടുകളും തെയ്യരൂപങ്ങളും പറമ്പിൽ നിന്നും കണ്ടെടുത്തു. പൊലീസ് സുരക്ഷയുള്ള വീടിൻ്റെ കന്നിമൂലയിൽ നിന്നും കണ്ടെത്തിയ രൂപവും തകിടുകളും കൂടോത്രത്തിൻ്റേത് തന്നെയാകാമെന്നാണ് സൂചന. എന്നാൽ കൂടോത്ര വിവാദത്തിൽ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു കെ.സുധാകരൻ്റെ പ്രതികരണം.

പിന്നീട് കൂടോത്ര വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍  പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ആദ്യം അറിയില്ലെന്ന് പറഞ്ഞ സുധാകരന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അത് കുറച്ചു കാലം മുമ്പുള്ളതാണെന്നും തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മറുപടി പറഞ്ഞിരുന്നു.

SCROLL FOR NEXT