മണിപ്പൂരിൽ മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. മുൻ മുഖ്യമന്ത്രി മൈരേംബം കൊയ്‌റെങ് സിങ്ങിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂർ ജില്ലയിലെ ഉയർന്ന പ്രദേശത്തുനിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. ബിഷ്ണുപൂർ ജില്ലയിലെ മറ്റൊരു ഗ്രാമത്തിലും സമാനമായ ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ആളപായമുണ്ടായില്ല. മൂന്ന് കിലോമീറ്റർ പരിധിയിൽ നിന്നാണ് റോക്കറ്റ് തൊടുത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു.