പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് മാലവില്പനയ്ക്കെത്തിയ ഇൻഡോറുകാരി പെൺകുട്ടി, മൊണാലിസ. പതിനാറുകാരിയായ ഈ പെൺകുട്ടിയുടെ സൗന്ദര്യത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസമായിട്ട് സോഷ്യൽ മീഡിയ മൂക്കും കുത്തി വീണത്. ഒടുക്കം എന്തായി. ആരാധകപ്രവാഹം മാത്രമേ നടക്കുന്നുള്ളൂ, മാലവില്പന നടക്കുന്നില്ലാന്ന് പറഞ്ഞ് അച്ഛൻ മകളെ ഇൻഡോറിലേക്ക് തിരിച്ചയച്ചു.
ആകർഷകമായ കണ്ണുകൾ, നിഷ്കളങ്കമായ പുഞ്ചിരി, സംസാരം... പോരാത്തതിന് ബോളിവുഡ് നടി സോനാക്ഷി സിൻഹയുടെ ഒരു ഫേസ് കട്ട്. സോഷ്യൽ മീഡിയയിൽ മൊണാലിസ ബോണ്‍സ്‌ലെ മാല വില്ക്കുന്ന വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. പെൺകുട്ടിയുടെ വീഡിയോകളുടെ വ്യൂസൊക്കെ റോക്കറ്റ് വിട്ട പോലെയായി. കുംഭമേളക്ക് എത്തിയവരുടെ മനസ് കവർന്ന പെൺകുട്ടി ദിവസങ്ങൾ കൊണ്ട് ഇൻ്റർനാഷണൽ സെൻസേഷനായി മാറി.
കുംഭമേളയ്‌ക്കെത്തുന്നവരൊക്കെ സെല്‍ഫിക്കും വിഡിയോക്കുമായി പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്താന്‍ തുടങ്ങി. പിന്നെ പേഴ്സണൽ സ്പേസ് പോലും നോക്കാതെയായി ആരാധകരുടെ പെരുമാറ്റം. ആരാധകരുടെ ഈ സ്നേഹം സഹിക്കാതെ മൊണാലിസ കുടുംബത്തിൻ്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നതിൻ്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പിന്നെ ഈ പ്രശസ്തി കുട്ടിക്കൊരു ശാപമായി.
സെൽഫിക്കായി ആരാധകരുടെ തിക്കും തിരക്കും, സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിൻ്റെ എണ്ണവും കുത്തനെ ഉയർന്നു. പക്ഷെ ഈ തിരക്ക് അവരുടെ ബിസിനസിന് വലിയ അടിയായി. അതോടെ ബിസിനസിനും സുരക്ഷയ്ക്കും മൊണാലിസ തിരിച്ച് പോവുന്നതാണ് നല്ലതെന്ന് പറഞ്ഞ് കുടുംബം കുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചു.