ചാംപ്യൻസ് ട്രോഫിക്ക് ശേഷം 2027 ലെ ഏകദിന ലോകകപ്പിന് വേണ്ടി ടീമിനെ കെട്ടിപ്പടുക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ അനിൽ കുംബ്ലെ. വെല്ലുവിളി ഉയർത്താൻ പ്രാപ്തിയുള്ള ഒരു പുതിയ, യുവ ടീമിനെ വാർത്തെടുക്കണമെന്നാണ് കുംബ്ലെയുടെ നിർദേശം. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കുംബ്ലെ.
ചാംപ്യൻസ് ട്രോഫിയിൽ നിലവിലെ ടീം ഏതു തരത്തിലുള്ള പ്രകടനം കാഴ്ചവച്ചാലും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് ചില 'കഠിനമായ തീരുമാനങ്ങൾ' എടുക്കേണ്ടിവരുമെന്ന് കുംബ്ലെ പറഞ്ഞു. "മുതിർന്ന കളിക്കാരിൽ നിന്ന് മറ്റുള്ളവരിലേക്കുള്ള മാറ്റത്തിന് മുമ്പ് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന ഒരു പരിശീലകന് ഇത് വളരെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റാണെന്ന് നിങ്ങൾക്ക് പറയാം," കുംബ്ലെ പറഞ്ഞു. പക്ഷേ, ആ കഠിനമായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് പരിശീലകന്റെ ജോലിയെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
മുതിർന്ന കളിക്കാർ മാറണമോ എന്ന് ഈ ടൂർണമെന്റ് തീരുമാനിക്കുമെന്ന് കുംബ്ലെ പറഞ്ഞു. വിജയിച്ചാലും ഇല്ലെങ്കിലും പെട്ടെന്ന് തന്നെ ഈ കഠിനമായ തീരുമാനങ്ങൾ എടുക്കണം. 2027 ലോക കപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പിന് മുമ്പ് ഗംഭീർ യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നും പുതിയ ടീമിലെ കളിക്കാർക്ക് കുറഞ്ഞത് 20-25 മത്സരങ്ങളെങ്കിലും ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും കുംബ്ലെ ഊന്നിപ്പറഞ്ഞു.
മുഖ്യ പരിശീലകനെന്ന നിലയിൽ ഗംഭീറിന് ഏറെ നിർണായകമായ ചാംപ്യൻഷിപ്പാണ് ചാംപ്യൻസ് ട്രോഫി. ട്വന്റി-20യിൽ ഗംഭീറിന്റെ പ്രകടനം മികച്ചതാണ്. 16 വിജയവും രണ്ട് തോൽവിയുമാണ് ഗംഭീറിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ, ഏകദിനത്തിലും ടെസ്റ്റിലും അത്ര ആകർഷണീയമായ പ്രകടനമല്ല ഗംഭീർ കാഴ്ചവെച്ചത്. 27 വർഷത്തിനിടെ ആദ്യമായി ശ്രീലങ്കയോട് ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര ഇന്ത്യ തോറ്റു. ടെസ്റ്റിൽ ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ 3-0 ന് തോറ്റതിനു പിന്നാലെ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയില്‍ 3-1 നും പരാജയപ്പെട്ടു.