NEWSROOM

500 ഓളം ഭീഷണി കോളുകള്‍ ഇതിനകം വന്നു... ബിജെപിക്കാര്‍ക്ക് പോലും ഷിന്‍ഡെയെ ഇഷ്ടമല്ലെന്ന് എനിക്ക് തോന്നുന്നു: കുനാല്‍ കമ്ര

എല്ലാവരും പറയുന്നത് തന്നെ വെച്ചേക്കില്ലെന്നും കൊന്ന് കഷണങ്ങളാക്കുമെന്നാണെന്നും കുനാല്‍ കമ്ര പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി നേതാക്കള്‍ക്ക് പോലും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഷിന്‍ഡെയ്‌ക്കെതിരെ ഒരു ഷോയ്ക്കിടയില്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ തനിക്ക് വരുന്ന ഭീഷണികളെക്കുറിച്ച് എന്‍ഡിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം വിവാദമായതിന് പിന്നാലെ 500 കോളുകളെങ്കിലും വന്നിട്ടുണ്ടാകും. എല്ലാവരും പറയുന്നത് തന്നെ വെച്ചേക്കില്ലെന്നും കൊന്ന് കഷണങ്ങളാക്കുമെന്നാണെന്നും കുനാല്‍ കമ്ര പറഞ്ഞു.

'എല്ലാ കോളുകളും എനിക്ക് വരുന്നത് ശിവസേന പ്രവര്‍ത്തകരില്‍ നിന്നാണ്. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് എനിക്ക് ഒറ്റ കോള്‍ പോലും ലഭിച്ചിട്ടില്ല. എനിക്ക് തോന്നുന്നു ഷിന്‍ഡെയെ ബിജെപിക്ക് പോലും ഇഷ്ടമല്ലെന്ന്,' കുനാല്‍ കമ്ര പറഞ്ഞു.

2022 ല്‍ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിന്‍ഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തില്‍ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്രയുടെ വിമര്‍ശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.

വിമര്‍ശനത്തില്‍ ഷിന്‍ഡെ പക്ഷ എംഎല്‍എ മുര്‍ജി പട്ടേല്‍ നല്‍കിയ പരാതിയില്‍ എംഐഡിസി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആ സ്റ്റുഡിയോയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സര്‍നായിക് വ്യക്തമാക്കി.

വിമര്‍ശനം രാഷ്ട്രീയ വിവാദമായതോടെ കുനാല്‍ കമ്രയെ അനുകൂലിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. സര്‍ക്കാരുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പടെ വിമര്‍ശനത്തിന് വിധേയമാക്കുന്ന കുനാല്‍, ദേശസ്‌നേഹവും സര്‍ക്കാരും എന്ന പേരില്‍ മുന്‍പ് ചെയ്ത വീഡിയോയും വിവാദമായിരുന്നു. പുതിയ വിവാദത്തിന് പിന്നാലെ ഭരണഘടന പിടിച്ച് നില്‍ക്കുന്ന ചിത്രം കുനാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

SCROLL FOR NEXT