കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട കുട്ടമ്പുഴ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കിടങ്ങ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എട്ട് കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമാണം. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 16നാണ് കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന എൽദോസിനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് ആനകിടങ്ങ് നിർമിക്കാൻ തീരുമാനിച്ചത്.
വന്യമൃഗ ശല്യം രൂക്ഷമായ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായാണ് കിടങ്ങ് നിർമാണം. മുകൾ ഭാഗത്ത് 2.5 മീറ്റർ വീതിയിലും ആഴത്തിലുമാണ് കുഴി എടുക്കുക. താഴേക്ക് എത്തുമ്പോൾ 1 മീറ്റർ വീതിയിൽ ചുരുക്കി വി ഷേപ്പിലാണ് നിർമാണം പൂർത്തീകരിക്കുന്നത്. ഒരു കോടി 40 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഊരു നിവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. വന്യമൃഗ ശല്യം തടയുക ലക്ഷ്യമിട്ട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.