മരിച്ച മാത്യു മുളക്കലും കുടുംബവും 
NEWSROOM

നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് മണിക്കൂറുകള്‍ മാത്രം; കുവൈത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഇന്നലെയാണ് അവധി കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയത്

Author : ന്യൂസ് ഡെസ്ക്

കുവൈറ്റ് അബ്ബാസിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ മരണമടഞ്ഞു. തലവടി സ്വദേശികളായ മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. നാട്ടില്‍ അവധിക്കു വന്ന ശേഷം ഇന്നലെ വൈകിട്ടോടു കൂടിയാണ് മാത്യൂസും കുടുംബവും തിരിച്ചു കുവൈറ്റിലേക്ക് മടങ്ങിയത്.

കുടുംബം താമസിച്ചിരുന്ന ഫ്്‌ളാറ്റില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ ജലീബ് മേഖലയിലാണ് മാത്യൂസും കുടുംബവും താമസിച്ചിരുന്നത്. നാട്ടില്‍ നിന്നും തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതിനു പിന്നാലെയായിരുന്നു തീപിടിത്തം. എസിയില്‍ നിന്ന് തീ പടര്‍ന്നതോ എസിയില്‍ നിന്നുള്ള പുക ശ്വസിച്ചതോ ആകാം മരണ കാരണമെന്നാണ് സംശയം.

അപകടം നടന്നയുടനെ അഗ്‌നിരക്ഷാസേന എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുവൈത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ചൂട് കൂടുന്നതിനാല്‍ തീപിടിത്ത മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. വീടുകളിലും വാഹനങ്ങളിലും തീപിടിത്തം തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേശമുണ്ട്.

SCROLL FOR NEXT