NEWSROOM

വിപണിയിൽ സുതാര്യത ഉറപ്പാക്കൽ; ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധനയുമായി കുവൈത്ത്

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 750 ദിനാർ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 575 ദിനാർ എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ച നിരക്കുകൾ

Author : ന്യൂസ് ഡെസ്ക്



വിപണിയിൽ സുതാര്യത വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധനയുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. അധിക സർവീസ് ചാർജുകൾ ഈടാക്കിയ ഓഫീസുകൾ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു,

വളരെ മുമ്പ് തന്നെ ഇത്തരം തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 750 ദിനാർ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 575 ദിനാർ എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ച നിരക്കുകൾ. കൂടാതെ റിക്രൂട്ട്മെന്റുകൾക്കും മറ്റുമായി സർക്കാർ കൊണ്ടുവന്ന നിയമങ്ങളും ഇത്തരം റിക്രൂട്ട്മെന്റ് ഓഫീസുകൾ പാലിക്കേണ്ടതുണ്ട്. അനധികൃതമായ വില വർധിപ്പിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ശക്തമായ ശിക്ഷയും പിഴയും ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: മസ്കറ്റിൽ സൗജന്യ സ്റ്റോപ്പ് ഓവർ, ടൂറുകൾ, വാടകയ്ക്ക് കാറുകൾ!; യാത്രക്കാർക്ക് കിടിലൻ ഓഫറുമായി ഒമാൻ എയറും, ടൂറിസം മന്ത്രാലയവും

48 റിക്രൂട്ട്മെന്റ് ഓഫീസുകളാണ് നിയമപരമായി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ 377 പരാതികൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ നടത്തിയ പരിശോധനയിൽ നാല് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

അതേസമയം കുവൈത്തിലെ സ്വകാര്യമേഖലയിൽ 55,000 വീട്ടുജോലിക്കാരെ കൂടുതലായി നിയമിച്ച് സർക്കാർ. ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ ലക്ഷ്യമിട്ടാണ് കുവൈറ്റ് ഗവൺമെൻ്റിൻ്റെ പുതിയ നീക്കം. ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ അധികാരികൾ അനുവദിച്ച രണ്ട് മാസത്തെ സ്ഥലംമാറ്റം മുതലാക്കിയാണ് നിയമനം.

ഈ വർഷം ആദ്യം, കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്നാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, ഗാർഹിക തൊഴിലാളികൾക്ക് വിസ 20 (ഗാർഹിക മേഖല) ൽ നിന്ന് വിസ 18 (സ്വകാര്യ മേഖല) ലേക്ക് മാറാനാണ് അനുമതി നൽകിയത്. ട്രാൻസ്ഫർ ജൂലൈ 14 ന് ആരംഭിച്ച് സെപ്റ്റംബർ 12 ന് അവസാനിച്ചു.

SCROLL FOR NEXT