പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഗതാഗത തിരക്ക് നിയത്രിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഗതാഗത തടസമില്ലാത്ത അധ്യയന വർഷം എന്ന പദ്ധതി നടപ്പാക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണെന്നും, അതിനുള്ള നടപടികൾ പൂർത്തിയായതായും ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
അധ്യയനം ആരംഭിക്കുമ്പോൾ സ്കൂൾ ബസുകൾ പരമാവധി ഉപയോഗിക്കണമെന്ന് രക്ഷിതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു. ഇത് റോഡുകളിലെ തിരക്ക് നിയന്ത്രിക്കുവാൻ ഒരുപരിധിവരെ സഹായിക്കുമെന്നാണ് നിഗമനം. കൂടാതെ യാത്രയ്ക്കായി പൊതുജനങ്ങളും പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഗതാഗതം സുഗമമാക്കുന്നതിനായി റോഡുകളുടെ പ്രവേശന കവാടങ്ങൾ, എക്സിറ്റ് വേ കൾ, സ്കൂൾ കവാടങ്ങൾ എന്നിവിടങ്ങളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് വർധിക്കുന്ന സമയങ്ങളിൽ അത് നിയന്ത്രിക്കാനായി കൺട്രോൾ ഡിപ്പാർട്ട്മെന്റ് സ്വമേധയാ സിഗ്നലുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.