NEWSROOM

സമരവും പ്രക്ഷോഭവും ഫലം കണ്ടു; പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിട്ടയച്ചു

ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുമായോ രാഷ്ട്രപതിയുമായോ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകിയതായി വാങ്ചുക്ക് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിലേക്കുള്ള മാർച്ചിനിടെ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിട്ടയച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുമായോ രാഷ്ട്രപതിയുമായോ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകിയതായി വാങ്ചുക്ക് അറിയിച്ചു. സോനം വാങ്ചുക്കിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് പൊലീസ് നടപടി.

ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് പ്രവർത്തകർ നടത്തിയ മാർച്ചാണ് ഡൽഹി പൊലീസ് തടഞ്ഞത്. സോനം വാങ്ചുകും അനുയായികളും ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഡൽഹിയിൽ ഒക്‌ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നായിരുന്നു പ്രഖ്യാപനം. നിരോധനാജ്ഞ മറികടന്ന് മാർച്ച് നടത്തിയെന്ന് കാട്ടിയായിരുന്നു പൊലീസ് നടപടി. സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുക് ഉൾപ്പെടെ 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സോനം വാങ്‌ചുക്കിനെയും മറ്റ് ലഡാക്കികളുടെയും അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. ഇവരെ തടങ്കലിൽ വെച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൻ്റെ ശബ്ദം ഉറപ്പായും കേൾക്കേണ്ടിവരുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.


SCROLL FOR NEXT