NEWSROOM

പണ്ടാരം ഭൂമിയുടെ കണക്കുകൾ പുറത്ത് വിട്ട് ലക്ഷദ്വീപ് ഭരണകൂടം; 60% ഭൂമിയും സർക്കാരിന്റെതെന്ന് അവകാശവാദം

അഞ്ചു ദ്വീപുകളിലായി 576 ഹെക്ടർ പണ്ടാരം ഭൂമിയുണ്ടെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

പണ്ടാരം ഭൂമിയുടെ കണക്കുകൾ പുറത്ത് വിട്ട് ലക്ഷദ്വീപ് ഭരണകൂടം. അഞ്ചു ദ്വീപുകളിലായി 576 ഹെക്ടർ പണ്ടാരം ഭൂമിയുണ്ടെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കൽ നടപടി. 60 % ശതമാനം ഭൂമിയും സർക്കാരിന്‍റെതെന്നാണ് അവകാശവാദം. 

ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് പ്രകാരം അഗതി, കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കാല്പനി ദ്വീപുകളിലായി 570 പണ്ടാര ഭൂമികളാണ് ഉള്ളത്. മിനികോയിൽ മാത്രം 226 ഹെക്ടർ പണ്ടാര ഭൂമിയാണുള്ളത്. 3117 വീടുകളും 70 മതസ്ഥാപനങ്ങളും 401 കച്ചവട സ്ഥാപനങ്ങളുമാണ് പണ്ടാര ഭൂമിയിൽ സ്ഥിതിചെയ്യുന്നത്. കൂടാതെ 152871 തെങ്ങുകളും 5096 മരങ്ങളുമുണ്ട്. പണ്ടാരം ഭൂമി സംബന്ധിച്ച് നോട്ടീസ് അയച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരുടെ ഭൂമി ഒഴിവാക്കി ബാക്കിയുള്ള ഭൂമിയിൽ നടപടി തുടരാനും കളക്ടർ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.

കാലങ്ങളായി കൃഷി ചെയ്ത് ജീവിച്ച് വരുന്നവരുടെ ഭൂമിയാണ് പിടിച്ചെടുക്കാൻ നീക്കം നടത്തുന്നത്. 1965- ലെ ലാൻഡ് ആക്റ്റ് പ്രകാരം ദ്വീപ് നിവാസികൾക്ക് കൃഷിക്കു വേണ്ടി സർക്കാർ ലീസിന് കൊടുത്ത ഭൂമിയാണിതെന്നും ആയതിനാൽ വികസനത്തിനായി അത് തിരി​ച്ചുപിടിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. ടൂറിസം ഉൾപ്പടെയുള്ള വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

SCROLL FOR NEXT