NEWSROOM

തിരയെടുക്കുന്ന മോണ്‍ട്രോസിന്‍റെ 'കര'; കാലാവസ്ഥാ വ്യതിയാനത്തില്‍ വർഷം തോറും ഒലിച്ചുപോകുന്നത് മൂന്ന് മീറ്റർ തീരം

2021ലെ ഡൈനാമിക് കോസ്റ്റ് റിപ്പോര്‍ട്ടിന്‍റെ പഠന പ്രകാരം, മോണ്‍ട്രോസ് എന്ന സ്‌കോട്‌ലന്‍ഡിലെ ചെറുപട്ടണം കടലിലേക്ക് ഒലിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കടലമ്മ കള്ളിയെന്ന് തീരത്ത് എഴുതി വെച്ച ശേഷം തിരകള്‍ അതെടുക്കാന്‍ കാത്തു നിന്നവരാകും നമ്മള്‍. എന്നാല്‍ ആ തിരകള്‍ 'കര' തന്നെ കട്ടെടുത്താലോ? സ്‌കോട്ട്ലന്‍ഡിന്‍റെ വടക്കു കിഴക്കന്‍ മേഖലയിലുള്ള ഒരു ബീച്ച് കടലെടുക്കുകയാണ്. അവിടെയും നില്‍ക്കാതെ അടുത്തുള്ള ടൗണിലേക്കും അതിക്രമിച്ച് കടക്കുകയാണ് കടല്‍. ഇതിന് കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ.

2021ലെ ഡൈനാമിക് കോസ്റ്റ് റിപ്പോര്‍ട്ടിന്‍റെ പഠന പ്രകാരം, മോണ്‍ട്രോസ് എന്ന സ്‌കോട്ട്ലന്‍ഡിലെ ചെറുപട്ടണം കടലിലേക്ക് ഒലിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അടുത്ത 40 വര്‍ഷത്തിനകം 120 മീറ്റര്‍ കര ഒലിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രവചനം. അതായത് വര്‍ഷത്തില്‍ മൂന്ന് മീറ്റര്‍ വീതമെന്ന കണക്കിൽ.

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് പേമാരിയില്‍ ഈ പ്രദേശത്തെ ഏഴ് മീറ്റര്‍ തീരമാണ് കടലെടുത്തത്. ശാസ്ത്രജ്ഞര്‍ പ്രവചിച്ചതിലും കൂടുതലായിരുന്നു ഈ കണക്കുകള്‍. ഇതിന് മുന്‍പ് 1947ലാണ് സ്‌കോട്ട്ലന്‍ഡ് പേമാരിയുടെ ദുരിതം അനുഭവിച്ചത്. ഈ വസ്തുതകള്‍ ഓരോ മഴക്കാലത്തും മോണ്‍ട്രോസ് നിവാസികളെ ഭയപ്പെടുത്തുകയാണ്.

കടല്‍ തീരത്തെ മണ്ണൊലിപ്പ് തുടരുമെന്നും, വരും കാലത്തെ കാലാവസ്ഥാ വ്യതിയാനം കൂടി കണക്കിലെടുത്താല്‍ അതിന്‍റെ തീവ്രത വര്‍ധിക്കുമെന്നുമാണ് മോണ്‍ട്രോസ് ഗോള്‍ഫ് ലിങ്കിന്‍റെ എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ നടത്തിയ പഠനം പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍, ബാബേറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന വേലിയേറ്റത്തില്‍ ബീച്ചിലെ വിനോദ സഞ്ചാര മേഖല നശിച്ചുപോയിരുന്നു. ഈ കൊടുങ്കാറ്റില്‍ മാത്രം ബീച്ചിലെ മൂന്ന് മീറ്റര്‍ കരയാണ് ഒലിച്ചുപോയത്. തൊട്ടടുത്ത മാസം, ഡിസംബറില്‍ ഉണ്ടായ 86 കി.മീ. വേഗത രേഖപ്പെടുത്തിയ ഗാരിറ്റ് കൊടുങ്കാറ്റും വലിയ നാശനഷ്ടങ്ങളാണ് മേഖലയില്‍ വിതച്ചത്.

കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ മോണ്‍ട്രോസിലേക്ക് 70 മീറ്ററാണ് കടൽ കയറിയത്. 460 വര്‍ഷങ്ങളുടെ പഴക്കമുള്ള ഗോള്‍ഫ് ലിങ്ക് ഇതിന്‍റെയെല്ലാം മൂകസാക്ഷിയാണ്. ഗോള്‍ഫ് ബോള്‍ വെക്കുന്ന ആറാമത്തെ ടീ (ഗോൾഫ് പന്ത് വെക്കുന്ന സ്റ്റാൻ്റ്) 1994ലാണ് അപ്രത്യക്ഷമായത്. മൂന്നാമത്തെ ടീയുടെ സ്ഥാനം 2017ൽ മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നും മണ്ണൊലിച്ചു പോയിരിക്കുകയാണ്. ഒരു ദേശം തന്നെ ഒലിച്ചു പോകുകയാണെന്ന് അതിനോളം തന്നെ പഴക്കമുള്ള കളിക്കളം നമ്മളോട് വിളിച്ചു പറയുന്നു.

ആങ്കസ് കൗണ്‍സില്‍ എന്ന സംഘടനയുടെ പഠന പ്രകാരം, മോണ്‍ട്രോസിലെ കടല്‍ തീരത്ത് മണല്‍ക്കൂനകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍, പട്ടണത്തിലേക്ക് കടല്‍വെള്ളം ഇരച്ചു കയറാനുള്ള സാധ്യതയുണ്ട്. 2025 ഏപ്രിലോടെ ബീച്ചില്‍ മണല്‍കൂനകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് മോണ്‍ട്രോസ് കമ്മ്യൂണിറ്റി കൗണ്‍സില്‍. ഇതിനായി രണ്ട് മുതല്‍ 50 മില്യണ്‍ യൂറോ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. കടല്‍ത്തീരത്തെ മണ്ണൊലിപ്പ് തടയുവാനുള്ള ആങ്കസ് കൗണ്‍സിലിന്‍റെ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്‌കോട്ടിഷ് സര്‍ക്കാര്‍ 4,40,000 യൂറോ അനുവദിച്ചിരുന്നു.

ആ മനോഹരമായ ബീച്ചില്‍ കൂടി സായാഹ്ന സൂര്യനെയും കണ്ട് നടക്കാന്‍ മോണ്‍ട്രോസ് നിവാസികള്‍ ഇന്ന് കൊതിക്കാറില്ല. മണല്‍ക്കൂനകള്‍ തീർക്കുന്ന സംരക്ഷണയില്‍ സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള പെടാപാടിലാണ് അവർ. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ ആ ജനത നമ്മളോട് വിളിച്ചു പറയുന്നത് ഒന്ന് മാത്രമാണ്. കാലാവസ്ഥാ വ്യതിയാനമാണ്. നാളേക്ക് വേണ്ടി ഇന്നേ കരുതിയിരിക്കണം.

SCROLL FOR NEXT