NEWSROOM

മൂന്നാറിലെ ഭൂപ്രശ്നം; എത്രയും വേഗം സ്പെഷ്യൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

മൂന്നാറിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്പെഷ്യൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശം

Author : ന്യൂസ് ഡെസ്ക്

മൂന്നാറിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്പെഷ്യൽ ഓഫിസറെ നിയമിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം. ജില്ലാ കലക്ടർക്ക് തുല്യമോ അതിന് മുകളിലോ ഉളള ആളെ സ്പെഷൽ ഓഫീസറായി നിയമിക്കേണ്ടതാണ് എന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം.

നേരത്തെ പട്ടയം നൽകിയതിലെ വസ്തുതകൾ അന്വേഷണ വിധേയമാക്കണം. റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. വ്യാജ പട്ടയങ്ങളില്‍ സീല്‍ വച്ചത് റവന്യൂ ഉദ്യോഗസ്ഥരാണ് . വ്യാജ പട്ടയങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെ ജനങ്ങൾ നശിപ്പിച്ചെന്നും കോടതി പറഞ്ഞു. മൂന്നാർ പഞ്ചായത്തിൽ ഒരു നിലയ്ക്ക് മാത്രം അനുമതി നൽകിയ കെട്ടിടത്തിൽ ഇപ്പോൾ കൂടുതൽ നിർമാണം നടക്കുകയാണെന്ന പരാതിയിൽ അന്വേഷണം നടത്താനും കോടതി നിർദേശിച്ചു.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അന്വേഷണം നടത്തി കോടതിക്ക് റിപ്പോർട്ട് നൽകണം. കോടതി ഉത്തരവ് നിലനിൽക്കെ ഡെപ്യൂട്ടി കലക്ടർ കെട്ടിട നിർമാണത്തിന് എൻ ഒ സി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ അടുത്ത ആഴ്ച കോടതിയിൽ ഹാജാക്കണമെന്ന് അഡ്വക്കറ്റ് ജനറലിന് കോടതി നിർദേശം നൽകി. ഇടുക്കി ജില്ലാ കലക്ടറെ മാറ്റാനനുവദിക്കണമെന്ന സർക്കാരിൻ്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്നും ആദ്യം സ്പെഷ്യൽ ഓഫിസറെ നിയമിക്കാനും ഡിവിഷൻ ബഞ്ച് പറഞ്ഞു.

സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റ് കാര്യങ്ങളില്‍ തിരക്കിലാണെന്നും ഉന്നതരുടെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ടെന്നും കോടതി വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളെ ചില ഉദ്യോഗസ്ഥര്‍ ദുരുപയോഗിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT