NEWSROOM

ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍: ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ജാമ്യം

അന്വേഷണ സമയത്ത് ലാലുവിനേയും മക്കളേയും അറസ്റ്റ് ചെയ്തിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളില്‍ ആർജെഡി തലവനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ജാമ്യം. തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കാണ് ലാലുവിനൊപ്പം ഡൽഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. പ്രത്യേക ജഡ്ജ് വിശാല്‍ ഗഗോഗ്നേയുടെയാണ് വിധി. കേസ് ഇനി ഒക്ടോബർ 23, 24 തീയതികളിലായി പരിഗണിക്കും.

അന്വേഷണ സമയത്ത് ലാലുവിനേയും മക്കളേയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് പരിഗണിച്ച് ഒരു ലക്ഷം രൂപ ആള്‍ ജാമ്യത്തിലാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതി അയച്ച സമന്‍സിൽ പ്രതികള്‍  ഹാജരാകുകയായിരുന്നു. അനുബന്ധ കുറ്റപത്രം പരിഗണിച്ച ശേഷമാണ് സമൻസ് അയച്ചത്. അന്തിമ അന്വേഷണ റിപ്പോർട്ട്  ഓഗസ്റ്റ് ആറിനാണ് ഇഡി കോടതിയിൽ സമർപ്പിച്ചത്. സിബിഐയുടെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയായിരുന്നു ഇഡി കേസ്.


കഴിഞ്ഞ വർഷം സിബിഐ കേസില്‍ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി പ്രസാദ് യാദവ് എന്നിവർക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. 16 പേർക്കെതിരെയാണ് സിബിഐ കേസ് ഫയല്‍ ചെയ്തിരുന്നത്.

Also Read: 'നിർജലീകരണവും സൂര്യാഘാതവും'; തമിഴ്‌നാട്ടിൽ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു


മുതിർന്ന അഭിഭാഷകരായ മനീന്ദർ സിംഗ്, അഭിഭാഷകരായ വരുൺ ജെയിൻ, നവീൻ കുമാർ, അഖിലേഷ് സിങ് സുമിത് സിങ് എന്നിവരാണ് ലാലു പ്രസാദിനും മക്കള്‍ക്കുമായി ഹാജരായത്.

2004 മുതല്‍ 2009 വരെ റെയില്‍വേയിലെ വിവിധ സോണുകളിലെ നിയമനത്തിനായി ബിഹാർ സ്വദേശികളില്‍ നിന്നും കോഴ വാങ്ങിയെന്നാണ് ലാലു പ്രസാദിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയർന്ന സിബിഐ കേസ്. മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ റെയില്‍വേ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് പണം വാങ്ങി നിയമനം നടത്തി എന്നാണ് ആരോപണം.

Also Read: അകൽച്ച ഇല്ലാതാക്കാൻ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

2004 മുതല്‍ 2009 വരെയുള്ള ജബൽപൂർ റെയില്‍വേ സോണിലെ 'ഗ്രൂപ്പ് ഡി' നിയമനത്തിന് പകരമായി ലാലു പ്രസാദ് യാദവും കുടുംബവും അവരോട് ചേർന്നു നില്‍ക്കുന്നവരും ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കേസ്.

SCROLL FOR NEXT