NEWSROOM

അർജുന് വേണ്ടിയുള്ള ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാളെ കൂടുതൽ സന്നാഹങ്ങളുമായി തെരച്ചിൽ പുനനാരംഭിക്കുവാനാണ് തീരുമാനം. ബംഗളൂരുവിൽ നിന്നും റഡാർ അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടു വന്നാണ് തെരച്ചിൽ നടത്തുക.  നൂറംഗ എൻഡിആർഎഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ലോറി ഉടമ മനാഫ്, സഹോദരൻ അൽഫു, അർജുന്റെ സഹോദരൻ, സുഹൃത്തുക്കൾ എന്നിവരും സംഭവസ്ഥലത്തുണ്ട്.

അർജുന്റെ ലോറി നിർത്തിയിട്ടിരുന്ന സ്ഥലത്തുണ്ടായിരുന്ന ചായക്കടയുടെ പരിസരത്തുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹവും കണ്ടെടുത്തു. മറ്റൊരു ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂടാതെ ഇതേ സ്ഥലത്തുനിന്ന് ഒരു കൊച്ചു കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്.

അതേസമയം, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് നേവി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ലോറി മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയില്‍ നിന്നുള്ള ജിപിഎസ് സിഗ്‌നല്‍ ഒടുവില്‍ ലഭിച്ചത് അങ്കോളയിലെ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്ത് നിന്നാണ്. ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത് മണ്ണിനടിയിലുമാണ്. അതുകൊണ്ട് തന്നെ ലോറി മണ്ണിനടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘവും രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.

SCROLL FOR NEXT