NEWSROOM

കോഴിക്കോട് ജില്ലയില്‍ ഉരുൾപൊട്ടൽ: വിലങ്ങാട്, വായാട് കോളനി ഒറ്റപെട്ടു; പാലങ്ങൾ വെള്ളത്തിനടിയിലായി

ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ സഹായവും കേരളം തേടിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ജില്ലയിലെ പലയിടത്തും ഉരുൾപൊട്ടൽ. വായാട് , മഞ്ഞള്ളി , വലിയ പാനോത്തും ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഉരുൾപൊട്ടലിൽ വിലങ്ങാട് വായാട് കോളനി ഒറ്റപെട്ടു. പാലങ്ങൾ വെള്ളത്തിനടിയിലായി. ഉരുൾപൊട്ടൽ ബാധിച്ച ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വിലങ്ങാട് അങ്ങാടിയിൽ കടകളിൽ വെള്ളം കയറി. 60 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ സഹായവും കേരളം തേടിയിട്ടുണ്ട്. സുലൂരിൽ നിന്നുള്ള ഹെലികോപ്ടർ വയനാട്ടിലേക്കെത്തും.

കോഴിക്കോട് തിരുവമ്പാടിയിൽ പുന്നക്കൽ തിരുവമ്പാടി റോഡും പുല്ലൂരാംപാറ ആനക്കാംപൊയിൽ തിരുവമ്പാടി കൂടരഞ്ഞി റോഡിലും വെള്ളം കയറി. ഗതാഗതം തടസപ്പെട്ട് കിടക്കുകയാണ്. തിരുവമ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

SCROLL FOR NEXT