കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിൽ കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. നാല് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. മുംബൈ - മംഗളൂരു എക്സ്പ്രസ്സ് വൈകി സർവീസ് നടത്തും.
കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രത്നഗിരിയിലെ ഖേഡിനും വിനേർ സ്റ്റേഷനുമിടയിലെ ട്രാക്കിൽ വീണ മണ്ണ് നീക്കാൻ സാധിക്കാത്തതിനാൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പെടെ സർവീസ് നടത്തേണ്ട ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.
ലോകമാന്യ തിലക്- മാംഗ്ലൂർ എക്സ്പ്രസ്, ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ്, ലോകമാന്യ തിലക്-തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ കല്യാൺ–ലോണാവാലയിലൂടെ പാലക്കാട്–ഷൊർണൂർ വഴി സർവീസ് നടത്തും.
ഈ ആഴ്ചയിൽ റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലെ തീരദേശ കൊങ്കൺ ബെൽറ്റിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മുംബൈയിലെ റോഡ് ഗതാഗതത്തെ മോശമായി ബാധിച്ചതിനാൽ ട്രെയിൻ സർവീസുകളെ ആശ്രയിച്ച യാത്രക്കാർ ദുരിതത്തിലായി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കൊങ്കൺ റെയിൽവേയിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുന്നത്.