പാകിസ്താൻ അധീനതയിലുള്ള സമുദ്രമേഖലയിൽ വൻതോതിലുള്ള പെട്രോളിയം, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള
പാകിസാതാൻ്റെ തലവര മാറ്റുന്നതാകും പുതിയ കണ്ടെത്തൽ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പാകിസ്താൻ നിയന്ത്രണത്തിലുള്ള സമുദ്രമേഖലയിൽ പെട്രോളിയത്തിൻ്റെയും പ്രകൃതി വാതകത്തിൻ്റെയും വലിയ ശേഖരം കണ്ടെത്തിയെന്നാണ് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്താനുമായി സൗഹൃദത്തിലുള്ള രാജ്യവുമായി ചേർന്നാണ് സർവെ നടത്തിയതെന്നും മൂന്ന് വർഷം നീണ്ടുനിന്ന സർവെയിൽ പെട്രോളിയത്തിൻ്റെയും പ്രകൃതി വാതകത്തിൻ്റെയും വൻ ശേഖരം കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്. ഈ ശേഖരത്തിൻ്റെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് മനസിലാക്കിയെന്നും വിവരങ്ങൾ സർക്കാരിന് കൈമാറിയെന്നുമാണ് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡോൺ ന്യൂൺ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ കണ്ടെത്തലുകൾ ബ്ലൂ വാട്ടർ എക്കോണമിയിലേക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തലുകൾ. മേഖലയിൽ മറ്റ് ധാതുക്കളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ആഗോള മേഖലയിൽ ആരോഗ്യകരമായ മത്സരവും പാകിസ്താൻ ലക്ഷ്യം വെക്കുന്നുണ്ട്. അതേ സമയം സമീപ ഭാവിയിൽ തന്നെ ഖനനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേല സാധ്യതയും പര്യവേക്ഷണ നിർദേശങ്ങളും വിലയിരുത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പര്യവേഷണം വിജയകരമായാൽ എൽഎൻജിയുടെയും എണ്ണയുടേയും ഇറക്കുമതിയിൽ വലിയ കുറവ് വരുത്താനാകും. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഖനനം തുടങ്ങിയാൽ മാത്രമേ കൂടുതൽ സ്ഥിരീകരണങ്ങൾ സാധ്യമാകൂ. പ്രാരംഭ നടപടികൾക്ക് 500 കോടി ഡോളറിലധികം തുക ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.