വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയൊരു നേട്ടം കൂടി. ഒരു കപ്പലിൽ നിന്നു മാത്രം ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തെന്ന നേട്ടമാണ് വിഴിഞ്ഞം തുറമുഖത്തെ തേടിയെത്തിയത്. എംഎസ്‌സിയുടെ അന്ന എന്ന കപ്പലിൽ നിന്ന് പതിനായിരത്തിലധികം കണ്ടെയ്നറുകളാണ് കഴിഞ്ഞ മാസം തുറമുഖത്ത് കൈകാര്യം ചെയ്തത്.
കഴിഞ്ഞ മാസം 27നാണ് വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ അന്ന എന്ന കൂറ്റൻ കണ്ടെയ്നർ ഷിപ്പ് നങ്കൂരമിട്ടത്. ഈ കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ തുറമുഖത്ത് കൈകാര്യം ചെയ്തു. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കമാണിത്. പ്രത്യേകിച്ച് ട്രയൽ റൺ സമയത്ത്. ഇത് വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
Also Read: ആവശ്യത്തിന് ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളുമില്ല; പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ
വിഴിഞ്ഞം തുറമുഖത്തെത്തിയ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായിരുന്നു എംഎസ്‌സി അന്ന. 58.6 മീറ്റർ വീതിയും 399.98 മീറ്റർ നീളവും കപ്പലിനുണ്ട്. തുറമുഖത്ത് സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെയിനുകളുപയോഗിച്ചാണ് കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേയ്ക്ക് ഇറക്കിയത്. കണ്ടയ്നറുകൾ കൈകാര്യം ചെയ്ത ശേഷം കപ്പൽ ശ്രീലങ്കയിലേക്ക് മടങ്ങിയിരുന്നു. ട്രയൽ റൺ സമയത്തെ അപൂർവ്വ നേട്ടം അടുത്ത മാസം കമ്മീഷനിങ് ചെയ്യാനിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് മുതൽക്കൂട്ടാകും.