NEWSROOM

കത്തി ജ്വലിക്കുന്ന തീയിൽനിന്ന് കുതിച്ചുപായുന്ന കുതിരകൾ; ലോകത്തെ അതിശയിപ്പിച്ച് സ്പെയിനിലെ ലാസ് ലുമിനാരിയസ്

സ്പെയിനിലെ മൃഗങ്ങളുടെ രക്ഷാധികാരിയായ സെൻ്റ് ആൻ്റണീസ് പുണ്യാളൻ്റെ ഓർമ ദിനത്തിൻ്റെ തലേന്ന് ജനുവരി 16 നാണ് വർഷം തോറും ഈ ലാസ് ലുമിനാരിയസ് സംഘടിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


കത്തി ജ്വലിക്കുന്ന തീയ്‌ക്കിടയിലൂടെ കുതിരകളെ ഓടിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഉത്സവം അങ്ങ് സ്പെയിനിലുണ്ട്.സാൻ ബാർട്ടിലോമിൽ എന്ന ഗ്രാമത്തിൽ സെൻ്റ് ആൻ്റണീസ് ദിനത്തിൻ്റെ തലേ ദിവസമാണ് ലാസ് ലുമിനാരിയസ് എന്ന ഉത്സവം നടത്തുന്നത്. തീ ജ്വാലകളെ വകഞ്ഞു മാറ്റി നൂറു കണക്കിന് കുതിരകളാണ് ഉത്സവത്തിൻ്റെ ഭാഗമാകുന്നത്.


ആളി കത്തുന്ന തീയുടെ ചുവപ്പ് തെരുവു വീഥികളെ വിഴുങ്ങുമ്പോൾ, ഉയരുന്ന ആ കുതിര കുളമ്പടികൾ അഗ്നി കണങ്ങളെ ചിതറിയെറിഞ്ഞ് മുന്നോട്ട് കുതിക്കും. പുരാണ കഥകളിലെ യുദ്ധം ജയിച്ച വീര യോദ്ധാവിനെ പോലെ അവൻ നിൽക്കുമ്പോൾ 100 കണക്കിന് കുതിരകൾ അവന് പിന്നിലായി പാഞ്ഞടുക്കുന്നു.സിനിമയിലെ നായകൻ്റെ ഇൻട്രോ സീനല്ല .

മാഡ്രിഡിന് വടക്ക് പടിഞ്ഞാറ് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള സ്പാനിഷ് ഗ്രാമത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഉത്സവമാണിത്. ലാസ് ലുമിനാരിയസ് . സ്പെയിനിലെ മൃഗങ്ങളുടെ രക്ഷാധികാരിയായ സെൻ്റ് ആൻ്റണീസ് പുണ്യാളൻ്റെ ഓർമ ദിനത്തിൻ്റെ തലേന്ന് ജനുവരി 16 നാണ് വർഷം തോറും ഈ ലാസ് ലുമിനാരിയസ് സംഘടിപ്പിക്കുന്നത്.

സ്പെയിനിലെ സാൻ ബാർട്ടിലോമിൽ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമായിരുന്നു കന്നുകാലി വളർത്തൽ. നൂറ്റാണ്ടുകൾക്കുമുമ്പ് ഗ്രാമത്തിലെ മൃഗങ്ങളിൽ നിഗൂഢമായ ഒരസുസുഖം പടർന്നു പിടിച്ചു.രോഗ ശാന്തിക്കായി പല മാർഗങ്ങളും ചികഞ്ഞിറങ്ങിയ അവർ ഒടുവിൽ ഒരു ഉത്തരം കണ്ടെത്തി,പുകയ്ക്ക് കുതിരകളെ ശുദ്ധീകരിക്കാനും സുഖപ്പെടുത്താനും കഴിയും. അങ്ങനെയാണ് സാൻ ബാർട്ടിലോമിൽ തെരുവു വീഥികളിൽ കത്തിയെരിയുന്ന അഗ്നിക്കിടയിലൂടെ കുതിരകൾ പാഞ്ഞു തുടങ്ങിയത്.




തെരുവിൽ മരക്കൊമ്പുകളുടെ ഭീമാകാരമായ കൂമ്പാരങ്ങൾ ഉണ്ടാക്കി അത് കത്തിച്ചാണ് തീ ഉണ്ടാക്കുന്നത്. ആഘോഷത്തിനിടയിൽ നാട്ടുകാർ മധുര പലഹാരങ്ങളും ബിയറും പരസ്പരം പങ്കിട്ട് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. മുൻ വർഷങ്ങളിൽ മൃഗ സംരക്ഷണ സംഘടനകൾ ലാസ് ലുമിനേറിയസിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാൽ വേണ്ട മുൻകരുതലുകൾ എടുത്ത് കുതിരകളുടെ ആരോഗ്യത്തിനും രോഗ ശാന്തിക്കുമായി ചെയ്യുന്ന ചടങ്ങാണിതെന്നും പറഞ്ഞ് നാട്ടുകാർ എതിർത്തു നിന്നു


SCROLL FOR NEXT