NEWSROOM

തകര്‍ത്തു കഴിഞ്ഞു... ഇനി നിര്‍മാണം തുടങ്ങാം; ഗാസ ഒരു 'റിയല്‍ എസ്റ്റേറ്റ് ബൊണാന്‍സ'യെന്ന് ഇസ്രയേല്‍ ധനകാര്യമന്ത്രി

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

നിര്‍ണായക ബില്ലുകള്‍ സഭയില്‍

തിരുവനന്തപുരം: വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധനവ് നിയമസഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. പി.സി. വിഷ്ണുനാഥ് എംഎല്‍എ അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകളും ഇന്ന് സഭയില്‍ എത്തും. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് പരിഗണിക്കുന്ന ഒരെണ്ണം. ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ കൊല്ലുന്നതിന് അനുമതി നല്‍കാന്‍ കഴിയും. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയില്‍ എത്തും. അതേസമയം നിയമസഭാ കവാടത്തിലെ എംഎല്‍എമാരുടെ സത്യാഗ്രഹം തുടരുകയാണ്. സനീഷ് കുമാര്‍ ജോസഫും എ കെ എം അഷ്‌റഫുമാണ് രണ്ടുദിവസമായി സത്യാഗ്രഹം നടത്തുന്നത്. കുന്നംകുളം കസ്റ്റഡി മര്‍ദ്ദന കേസിലെ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ചന്ദനമരം വില്‍ക്കാന്‍ അനുമതി നല്‍കുന്ന ബില്ലും സഭയില്‍

വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗം മനുഷ്യരെ ആക്രമിച്ചാല്‍ അതിനെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് പരിഗണിക്കുന്ന ഒരെണ്ണം. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു നിയമ ഭേദഗതി കൊണ്ടുവരുന്നത്.

ഇതിലൂടെ ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ കൊല്ലുന്നതിന് അനുമതി നല്‍കാന്‍ കഴിയും.സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയില്‍ എത്തും.

വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില കര്‍ഷകന് ലഭ്യമാക്കുന്ന തരത്തിലാണ് നിയമനിര്‍മാണം. അവശ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് ഉണ്ടായ വിലക്കയറ്റം സംബന്ധിച്ച വിഷയമാകും അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിക്കുക.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തുമോ?

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയിലെത്തുമോ എന്നതും ശ്രദ്ധേയമാണ്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രൂക്ഷ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപനം ഉണ്ടായാലും പ്രതികരിക്കേണ്ടതില്ല എന്നതാണ് പ്രതിപക്ഷ നിലപാട്.

തിരുവനന്തപുരം പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം തിരുനെല്‍വേലി ട്രെയിന്‍ ആണ് ഇടിച്ചത്. തമിഴ്‌നാട് മധുരൈ സ്വദേശികളായ വിനോദ്, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്.

കെഎസ്യു നിയമസഭാ മാര്‍ച്ച് ഇന്ന്

കെഎസ്യു നിയമസഭാ മാര്‍ച്ച് ഇന്ന്. ലോക്കപ്പ് മര്‍ദനങ്ങളില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നിയമസഭാ മാര്‍ച്ച്. പോലീസ് രാജിനെതിരെയും പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണം എന്നുമാണ് മാര്‍ച്ചിലെ ആവശ്യം. കെഎസ്യു സംസ്ഥാന കമ്മറ്റിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍

ഇന്ന് സഭയിലെത്തുമോ എന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്നപ്പോള്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രിയാണ് പമ്പയില്‍ നിന്ന് മല ചവിട്ടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരി-ഫോണ്‍ കടത്ത് തടയാന്‍ നിര്‍ദേശവുമായി ജയില്‍ അധികൃതര്‍

. മതിലിനു പുറത്ത് നിരീക്ഷണത്തിന് ഐആര്‍ബി സായുധ സേനാംഗങ്ങള്‍

. മതിലിനടുത്തേക്ക് തടവുകാര്‍ എത്താതിരിക്കാന്‍ അകത്ത് ഇരുമ്പ് വേലി

. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉപയോഗവും വിലക്കണം

. ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുന്നത് കണ്ടെത്താന്‍ സംവിധാനം

. ഇലക്ട്രിക് ഫെന്‍സിങ് നവീകരിക്കാന്‍ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

എ.കെ. ആന്റണിക്ക് പാശ്ചാത്താപം തോന്നിയത് നല്ല കാര്യം; പക്ഷേ, മുത്തങ്ങയില്‍ മാപ്പില്ല: സി.കെ. ജാനു

മുത്തങ്ങയില്‍ ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ലെന്ന് സി.കെ ജാനു. മുത്തങ്ങ പൊലീസ് വേട്ടയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപമുണ്ടായത് നല്ല കാര്യമാണ്. പക്ഷെ, ആന്റണിയുടെ മാപ്പ് കൊണ്ട് കാര്യമില്ല. മുത്തങ്ങയില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും സി.കെ ജാനു പറഞ്ഞു. അന്ന് ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ല. വൈകിയ വേളയില്‍ എ.കെ ആന്റണി നടത്തിയ കുമ്പസാരം കൊണ്ട് കാര്യമില്ല. മുത്തങ്ങാ സമരത്തില്‍ മരിച്ചവര്‍ക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണെന്നും സി.കെ ജാനു പറഞ്ഞു.

കേസ് നടത്താന്‍ ഗവര്‍ണര്‍; വക്കീല്‍ ഫീസ് നല്‍കാന്‍ സര്‍വകലാശാല

വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടത്തുന്ന കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. ഇതുസംബന്ധിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് കത്തയച്ചു. രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വിതം നല്‍കണം. ഇരു സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപ നല്‍കണം.

ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതില്‍ കരുവന്നൂര്‍ ബാങ്കിന്റെ ഒളിച്ചുകളി

കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായ പണം നല്‍കാന്‍ തയ്യാറാണെന്ന് ഇ.ഡി. ഇതിനായി സ്വത്തുക്കള്‍ ബാങ്കിന് കൈമാറാനുള്ള സന്നദ്ധതയും അറിയിച്ചു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബാങ്കിന് കൃത്യമായ മറുപടിയില്ല.

പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്ന് പണം അനുവദിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരും കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ പേരിലുള്ള 128 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സമാനമായ തട്ടിപ്പ് നടന്ന കണ്ടല സഹകരണ ബാങ്ക് ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായി. ഒരു കോടിയുടെ സ്വത്തുക്കളാണ് കണ്ടല ബാങ്കിന് കൈമാറിയത്.

മലയാളം സര്‍വകലാശാല ഭൂമി വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ വെല്ലുവിളിച്ച് കെ.ടി ജലീല്‍

പി.കെ ഫിറോസ് ഉന്നയിച്ച അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗിന് ചങ്കൂറ്റമുണ്ടോ എന്ന് കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയും തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീനും നിയമസഭയില്‍ ഇത് ഉന്നയിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.

നേര്‍ക്കുനേര്‍ മറുപടി പറയാമെന്നും ജലീല്‍. ഉശിരുള്ളവര്‍ ലീഗില്‍ ഉണ്ടെങ്കില്‍ നിയമസഭയില്‍ ഉന്നയിക്കണമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് എതിരെ പോസ്റ്ററുകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് എതിരെ പോസ്റ്ററുകള്‍. നേമം ഷജീറിനൊപ്പമുള്ള ഫോട്ടോ ഇന്നലെ എഫ്ബിയില്‍ വിജില്‍ പങ്കുവെച്ചിരുന്നു.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ശ്രീകണ്ഠാപുരത്ത്. ശ്രീകണ്ഠാപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍ മോഹനന്‍

മെസ്സി ഇന്ത്യയിലേക്ക്

ലിയോണല്‍ മെസ്സി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായി. ഇന്ത്യയിലെ നാല് നഗരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും എന്ന് സ്‌പോണ്‍സര്‍മാര്‍ അറിയിച്ചു. ഡിസംബറില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ സമയക്രമം ന്യൂസ് മലയാളത്തിന്. ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 15 വരെയാണ് സന്ദര്‍ശനം.

ഡിസംബര്‍ 12 ന് കൊല്‍ക്കത്തയിലാണ് ആദ്യം എത്തുക. 12 മണിക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വീകരണ പരിപാടി നടക്കും. കൊല്‍ക്കത്തയില്‍ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. ഡിസംബര്‍ 15ന് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദില്‍ ഡിസംബര്‍ 13ന് അദാനി ഫൗണ്ടേഷന്റെ സ്വകാര്യ പരിപാടിയിലും പങ്കെടുക്കും. ഡിസംബര്‍ 14ന് മുംബൈ വാങ്കഡെയില്‍ ഗോട്ട് കണ്‍സേര്‍ട്ട്. ഡിസംബര്‍ 15ന് ഡെല്‍ഹിയിലും പരിപാടികള്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും റോഡുകള്‍ ഒരുമിച്ച് പൊളിക്കേണ്ടി വന്നിട്ടില്ല: റോഷി അഗസ്റ്റിന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും റോഡുകള്‍ ഒരുമിച്ച് പൊളിക്കേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതിന്റെ ഭാഗമായി ഒരു ലക്ഷം കിലോമീറ്റര്‍ അധികം പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടിവന്നു. 31,000 കിലോമീറ്റര്‍ റോഡ് പുനസ്ഥാപിച്ചു. റോഡ് പുനസ്ഥാപിക്കുന്നതില്‍ ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. താല്‍ക്കാലികമായി റോഡ് പണിയുന്നതില്‍ പോലും ചില കോണ്‍ട്രാക്ടര്‍മാര്‍ അലംഭാവം കാണിക്കുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടണം. റോഡ് പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ക്കായുള്ള അധിക തുക കേന്ദ്രം അനുവദിച്ചിരുന്നില്ല

രാഹുലിനെ സന്ദര്‍ശിച്ച് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി സതീഷ്, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 6 പേര്‍ രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു സന്ദര്‍ശനം. രാഹുലിന്റെ അമ്മയുടെ ആരോഗ്യ അവസ്ഥ മോശമായതുകൊണ്ടുള്ള സന്ദര്‍ശനമെന്ന് നേതാക്കള്‍. മണ്ഡലത്തിലേക്ക് വരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപകടം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു. രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലില്‍ ആണ് വീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശി കൊച്ചുമോള്‍ ഷിബുവിന്റെ കാലില്‍ ആണ് വീണത്. ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടക്കുമ്പോള്‍ ആണ് മുകളില്‍ നിന്ന് ഒരു കഷ്ണം അടര്‍ന്നു വീണത്.

വന്യജീവി ആക്രമണത്തിൽ സഭയിൽ ചർച്ച 

മണ്ണാര്‍മലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂടുകളുടെ എണ്ണം കൂട്ടും. പുലിയെ മയക്കു വെടി വെക്കാനുള്ള ഉത്തരവ് നല്‍കി. ജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാവാത്ത തരത്തിലുള്ള ഇടപെടലുകള്‍ നടത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ പ്രതിസന്ധി

യൂറോളജി വിഭാഗത്തില്‍ മൂന്നുദിവസമായി ശസ്ത്രക്രിയ മുടങ്ങി. ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നു. ഫ്‌ലെക്‌സിബിള്‍ യുറിട്ടറോസ്‌കോപ്പ് ഉപകരണം ഇല്ല. വൃക്കയിലെ കല്ല് നീക്കുന്ന ശസ്ത്രക്രിയ നിര്‍ത്തി

ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ട് വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

വോട്ട്ചോരിയിൽ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം. ഹൈഡ്രജൻ ബോംബല്ലെന്നും ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തലാണെന്നും രാഹുൽ വ്യക്തമാക്കി. ഓരോ തെരഞ്ഞെടുപ്പിലും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ട് വെട്ടി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടു നിന്നതായും അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം.

ജനാധിപത്യത്തെ നശിപ്പിച്ചവരെ സംരക്ഷിക്കുന്നു; തട്ടിപ്പ് തുറന്ന് പറഞ്ഞ് വോട്ടർമാർ

ജനാധിപത്യത്തെ അട്ടിമറിച്ചവരെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ വോട്ട് ചേർത്തത് പുറത്തു നിന്നുള്ള ഫോണുകൾ ഉപയോഗിച്ച്.തട്ടിപ്പ് തുറന്ന് പറയാൻ കർണാടകയിലെ വോട്ടർമാരെയും രാഹുൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചു. വോട്ടൊഴിവാക്കൽ നടക്കുന്നത് സംഘടിതമായ ആസൂത്രണത്തിലെന്നും അദ്ദേഹം ആരോപിച്ചു.

പാൽ വില കൂട്ടും

പാൽ വിലയുടെ കാര്യത്തിൽ ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വർധന ഉണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ്. ഏറ്റവും കൂടുതൽ പാലിന് വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

 വിശദീകരണം തേടി ഹൈക്കോടതി

അരുന്ധതി റോയിയുടെ മദർ മേരി കംസ് റ്റു മി എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പേജിനെതിരെ ഹൈക്കോടതിയിൽ ഹർജി. കവർ പേജിലെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിൽ ഹൈക്കേടതി ഡിവിഷൻ ബഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതിഅഭിഭാഷകനായ എ രാജസിംഹനാണ് ഹർജി നൽകിയത് കവർ പേജിലെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രത്തിനെതിരെയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. പുകവലിക്കെതിരെയുള്ള ജാഗ്രത നിർദേശം നൽകാത്തത് നിയമവിരുദ്ധമെന്നാണ് പരാതിയിൽ പറയുന്നത്.

ഹാട്രിക് അടിയന്തര പ്രമേയ ചർച്ച

തുടർച്ചയായി മൂന്നാംദിനവും അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയ സർക്കാരിനെ സ്പീക്കർ അഭിനന്ദനിച്ചു. രണ്ടാം പിണറായി സർക്കാരിൻ്റെ 16-ാം അടിയന്തര പ്രമേയ ചർച്ചയാണ് ഇന്ന് സഭയിൽ നടക്കുന്നത്.

സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വച്ച് മർദനം 

കൊല്ലം പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദനമേറ്റു. സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് മർദനമേറ്റത്. എസ്കെവി ബസിലെ ക്ലീനർ പ്രണവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

"കലുങ്ക് സഭ ആളുകളെ ആക്ഷേപിക്കുന്ന പരിപാടി"

സുരേഷ് ഗോപിയുടെ കലുങ്ക് സഭ ആളുകളെ ആക്ഷേപിക്കുന്ന പരിപാടിയായി മാറിയിരിക്കുന്നു എന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ഇഡി കണ്ടുകെട്ടിയ ബാങ്കിലെ പണം വിതരണം ചെയ്യാൻ നിയമപരമായി തടസമുണ്ട്. ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൾട്ടി സ്റ്റേറ്റ് സൊസൈറ്റുകൾ കോടികളാണ് പലരിൽ നിന്നായി തട്ടിയത്. അതിൽ ഒരു രൂപ പോലും തിരിച്ചു കൊടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും എന്താണ് സുരേഷ് ഗോപി അതിനെക്കുറിച്ച് മിണ്ടാത്തത് എന്നും അബ്ദുൾ ഖാദർ ചോദിച്ചു.

ടോള്‍ പിരിവ് നീട്ടി 

പാലിയേക്കരയിലെ ടോള്‍ പിരിക്കുന്നത് തടഞ്ഞ ഉത്തരവ് നാളെ വരെ നീട്ടി. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം തിങ്കളാഴ്ച അറിയിക്കും.

മുഖ്യപ്രതി പിടിയിൽ

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പൊലീസിൻ്റെ പിടിയിലായത്.

നദ്‌വിക്കെതിരെ സിപിഐഎം

സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരെ സിപിഐഎം. നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഐഎം നേതാവ്‌ നാസർ കൊളായി ആരോപിച്ചു. കാക്കനാടൻ എഴുതിയ പൂർണ പബ്ലിക്കേഷൻ പുറത്തിറക്കിയ "കുടജാദ്രിയിലെ സംഗീതം” എന്ന പുസ്തകത്തിലാണ് ബസിലുള്ള സ്ത്രീയോട്‌ നദ്‌വി മോശമായി പെരുമാറി എന്ന പരാമർശമുള്ളത്. മലപ്പുറം ചെമ്മാട് സിപിഐ എം പൊതുയോഗത്തിലായാണ് നാസർ കൊളായിയുടെ വിമർശനം.

ഉമാ തോമസ് സഭയിൽ

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് സഭയിൽ തിരിച്ചെത്തി. പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയതിൽ സഭയ്ക്ക് സന്തോഷമെന്ന് സ്പീക്കർ അറിയിച്ചു.

ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിൽ. ബിജെപി എംപി അനിൽ ബലൂണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങവേ ബദരീനാഥ് ദേശീയപാതയിൽ വച്ച് പാറയും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കൊല്ലത്ത് 16 കാരൻ ജീവനൊടുക്കി

വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 16 കാരൻ ജീവനൊടുക്കി. കൊല്ലം കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്. ഇളമ്പള്ളൂർ ഗവ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ അഖിൽ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

"സുരേഷ് ഗോപിക്ക് ഭരത് ചന്ദ്രൻ മോഡലിൽ നിന്ന് മാറാൻ കഴിയില്ല"

സുരേഷ് ഗോപിയുടെ കലുങ്ക് വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ. സുരേഷ് ഗോപിക്ക് ഭരത് ചന്ദ്രൻ മോഡലിൽ നിന്ന് മാറാൻ കഴിയില്ലെന്നും, അയാളെ എംപി ആക്കിയവർ അനുഭവിച്ചോട്ടെയെന്നും മുരളീധരൻ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൻ്റെ ടയർ ഊരി മാറി

കൊട്ടാരക്കര എംസി റോഡിൽ കലയപുരത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൻ്റെ ടയർ ഊരി മാറി. ഏനാത്ത് മൗണ്ട് കാർമേൽ സിഎംഐ സെൻട്രൽ സ്കൂളിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ കുട്ടികളുമായി പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.

"വാർത്താ സമ്മേളനത്തിന് പിന്നിൽ കോൺഗ്രസിൻ്റെ സമ്മർദം"

എ. കെ. ആൻ്റണി ഇപ്പോൾ മാധ്യമങ്ങളെ കണ്ടതിന് പിന്നിൽ കോൺഗ്രസിൻ്റെ സമ്മർദം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 15 വർഷത്തിനുശേഷമാണ് മാധ്യമങ്ങളെ കാണുന്നത് എന്നും ആൻ്റണി പറഞ്ഞതായും ബിനോയ് വിശ്വം പറഞ്ഞു.

"പന്തളം കൊട്ടാരം സെക്രട്ടറി ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും"

പന്തളം കൊട്ടാരം സെക്രട്ടറി ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു.

രക്ഷാപ്രവർത്തനം തുടരുന്നു 

ഉത്തരാഖണ്ഡിലെ ചമോലി നന്ദ്നഗറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 35 വീടുകൾ തകർന്നു. 200 പേരെ ദുരന്തം ബാധിച്ചുവെന്നും, 14 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

കോഴിക്കോട് വിജിൽ നരഹത്യ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. രണ്ട് ദിവസത്തേക്കാണ് മൂന്നുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നാം പ്രതി നിഖിൽ, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

അടിയന്തരയോഗം വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ അടിയന്തരയോഗം വിളിച്ച് ആരോഗ്യ വകുപ്പ്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത് എന്നാണ് റിപ്പോർട്ട്.

ബിഹാറിൽ  തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ അലവൻസ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും പ്രതിമാസം 1000 രൂപ അലവൻസ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുവജന ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത നിതീഷ് കുമാർ അറിയിച്ചത്.

ചൈനയിൽ പറക്കും കാറുകൾ കൂട്ടിയിടിച്ചു; ഒരു കാറിന് തീ പിടിച്ചു

ചൈനയിൽ എയർ ഷോയ്ക്കിടെ പറക്കും കാറുകൾ കൂട്ടിയിടിച്ച് അപകടം. ലാൻഡിങിനിടെയുണ്ടായ അപകടത്തിൽ ഒരു കാറിന് തീ പിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ചാങ്‌ചുൻ എയർ ഷോയുടെ റിഹേഴ്സലിനിടെയാണ് സംഭവം. ഏകദേശം രണ്ടരക്കോടി മൂല്യമുള്ള കാറുകളാണ് തകർന്നത്

"മദ്യ കച്ചവടം നന്നായി നടക്കട്ടെ, വില കൂട്ടരുത്"

മദ്യ കച്ചവടം നന്നായി നടക്കട്ടെയെന്നും,അതിൻ്റെ വില കൂട്ടരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മദ്യ കച്ചവടം കുറയണം എന്ന് ഞാൻ പറയില്ല. അതിൽ നിന്നും സർക്കാർ വരുമാനം വരുന്നതല്ലേ, എന്നുകരുതി എന്നാൽ ഇടയ്ക്കിടയ്ക്ക് വില കൂട്ടരുത്, വില കൂട്ടിയാൽ ഉപഭോഗം കുറയില്ലെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ മരണം കൊലപാതകമെന്ന് ഭാര്യ

റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ മരണം, കൊലപാതകമാണെന്ന് ഭാര്യ. റഷ്യന്‍ ഭരണകൂടം വിഷംകൊടുത്ത് കൊന്നത് ശാസ്ത്രീയ പരിശോധനയില്‍ ഇത് തെളിഞ്ഞെന്ന് യൂലിയ നവാൽനയ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സെെബീരിയന്‍ ജയിലിൽവച്ചാണ് അലക്സി മരിച്ചത്.

"മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു"

മുഖ്യമന്ത്രി പിണറായി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും, കള്ള പ്രചരണങ്ങളുമാണ് നടത്തിയതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

''പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കില്ല''

ദേശീയ പാതകളിലെ പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കില്ല. പമ്പുകളുടെ പ്രവൃത്തി സമയത്ത് മാത്രം തുറന്നു നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പരിഷ്‌കരിച്ചു.

പൊലീസുകാരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തെരുവുനായ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ഗുരുതര പരിക്ക്

കോട്ടക്കലില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. കഴുത്തിലും ചെവിയിലും ഉള്‍പ്പെടെ കുഞ്ഞിന്റെ ശരീരത്തില്‍ പത്തോളം മുറിവുകളുണ്ട്.

ആഗോള അയ്യപ്പ സംഗമം; മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാന്‍ ഉത്തരവ്

മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാന്‍ ഉത്തരവ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളോടാണ് സജ്ജമായിരിക്കാന്‍ നിര്‍ദേശിച്ചത്.

സർക്കാരിനെതിരെ അമൃത വിശ്വവിദ്യാപീഠം

വയനാടിൻ്റെ പരിസ്ഥിതിലോല മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ  സർക്കാരിൽ നിന്ന് സഹകരണം ഉണ്ടാകുന്നില്ലെന്ന് അമൃത വിശ്വവിദ്യാപീഠം. സ്വന്തം ചിലവിൽ സ്ഥാപിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും സർക്കാർ അനുമതി നൽകിയില്ലെന്ന് വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് മനീഷ വി. രമേശ് പറഞ്ഞു.

സൈബർ ആക്രമണത്തിൽ പരാതി നൽകി കെ. ജെ. ഷൈൻ

പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരെ കുപ്രചാരണം നടത്തുന്നവർ വികൃത മനസ്കർ ആണെന്ന് സിപിഐഎം നേതാവ് കെ. ജെ. ഷൈൻ ടീച്ചർ. അപവാദ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുമെന്ന് കെ. ജെ. ഷൈൻ ഫേസ്ബുക്കിൽ കുറിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പേരൂർക്കട എസ്എപി ക്യാമ്പിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ആനന്ദിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മരണത്തിലെ ദുരൂഹത മാറ്റണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ആനന്ദിൻ്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. എസ്‌എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങൾ ഉണ്ടായി. മേലുദ്യോഗസ്ഥരിൽ നിന്ന് പീഡനമുണ്ടായി. ആനന്ദിന് ജാതി അധിക്ഷേപം നേരിടേണ്ടി വന്നെന്നും സഹോദരൻ അരവിന്ദ് പറഞ്ഞു. ഹവിൽദാർ തസ്തികയിലുള്ള ബിപിൻ്റെ ഭാഗത്ത് നിന്ന് മോശമായ അനുഭവമുണ്ടായി. ആനന്ദിൻ്റെ കൈയിൽ മുറിവുണ്ടായതിൽ സംശയമുണ്ടെന്നും അരവിന്ദ് വ്യക്തമാക്കി.

നീരജ് പുറത്ത്

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര പുറത്ത്. നീരജിന് എട്ടാം സ്ഥാനമാണ് നേടാൻ കഴിഞ്ഞത്.

തിരുവഞ്ചൂരിനെ പ്രശംസിച്ച് പി. രാജീവ്

തിരുവഞ്ചൂരിനെ പ്രശംസിച്ച് മന്ത്രി പി. രാജീവ്. ചെറുപ്പക്കാർ സഭയ്ക്ക് പുറത്ത് കറങ്ങി നടക്കുമ്പോൾ മുഴുവൻ സമയവും സഭയിൽ ഉണ്ടാകും. ഇടപെടേണ്ട സമയത്ത് കൃത്യമായി ഇടപെടുംപ്രവൃത്തിയിൽ എപ്പോഴും തിരുവഞ്ചൂർ ചെറുപ്പം തന്നെയാണ് എന്നും രാജീവ് പറഞ്ഞു.

പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

എൻ. എം. വിജയൻ്റെ മരുമകൾ പത്മജ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കരുതലോടുകൂടിയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും, വിഷമിക്കേണ്ട ശക്തരായി മുന്നോട്ടു പോകണം എന്ന് പറഞ്ഞുവെന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ ആരെയും കാണുന്നില്ലെന്നും ഗോവിന്ദൻ മാഷിനെയും കാണാൻ ശ്രമിക്കുന്നുണ്ട് എന്നും പത്മജ പറഞ്ഞു.

ബിരിയാണിയുടെ പേരിൽ പൊലീസുകാർ തമ്മിൽ തല്ല്

കൊച്ചി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽ അടിപിടി. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞ് പോയി എന്ന കാരണത്തിലാണ് ഇരുവരും തമ്മിൽ തല്ലിയത്. ജോർജ്,രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുമാർ തമ്മിലായിരുന്നു തർക്കം.

പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി നൽകിയിരുന്നു. പക്ഷേ ചിക്കൻ കുറഞ്ഞുപോയെന്ന് പരാതിപ്പെട്ട് ഹോംഗാർഡുകൾ തമ്മിൽ തല്ലുകയായിരുന്നു. സംഭവത്തിൽ ഹോംഗാർഡായ രാധാകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധർമ്മടത്ത് വൻ കവർച്ച

കണ്ണൂർ ധർമ്മടത്ത് വീട്ടിൽ വൻ കവർച്ച. 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ടപ്പെട്ടെന്ന് പരാതി. വിദേശത്തേക്ക് പോകുന്ന മകനെ യാത്രയാക്കാൻ റോഡിലേക്ക് പോയപ്പോൾ കള്ളൻ അകത്ത് കയറിയെന്നാണ് സംശയം.

വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ വീടിൻ്റെ ശുചിമുറിയിൽ വൃദ്ധ മരിച്ച നിലയിൽ. ആദിനാട് തെക്ക് കൃഷ്ണവിലാസത്തിൽ സരളയെയാണ് സമീപത്തെ ആളൊഴിഞ്ഞ വീടിൻ്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.

പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദനം

പാലക്കാട് കൊപ്പത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ക്രൂര മർദനം. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ജീവനക്കാരെ മർദ്ദിച്ചത്. ജീവനക്കാരനോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ക്രൂരമർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിയുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞ് നൽകുന്ന സംഘത്തിലെ മൂന്നാത്തെ ആളും അറസ്റ്റിൽ. പനങ്കാവ് സ്വദേശി കെ റിജിലിനെയാണ് പിടികൂടിയത്. ആദ്യം പിടിയിലായ അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ് റിജിൽ.

വോട്ട് ചോരി ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും.

ഗാസ ഒരു 'റിയല്‍ എസ്‌റ്റേറ്റ് ബൊണാന്‍സ'- ഇസ്രയേല്‍ മന്ത്രി

ഗാസയെ റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി. യുദ്ധത്തിന് ചെലവായ തുക റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ തിരിച്ചുപിടിക്കും. വിവാദ പ്രസ്താവനയുമായി ഇസ്രയേല്‍ ധനകാര്യ മന്ത്രി ബസലേല്‍ സ്‌മോട്രിച്ചിന്റേതാണ് പ്രസ്താവന.

മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് രണ്ടിടത്ത് തെരുവുനായ ആക്രമണം

കോഴിക്കോട് വളയത്തും, നാദാപുരത്തും തെരുവ് നായ ആക്രമണം. രണ്ട് കുട്ടികൾക്കും, ഒരു സ്ത്രീക്കും തെരുവ് നായയുടെ കടിയേറ്റു. യുകെജി വിദ്യാർഥിയായ ഐസം ഹസ്, മുഹമ്മദ് അദ്നാൻ എന്നിവർക്കാണ് കടിയേറ്റത്. സമീപവാസിയായ ഒരു സ്ത്രീയെയും തെരുവുനായ കടിച്ചു.

ഫേസ്ബുക്ക് പോസ്റ്റുമായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ

വ്യാജ പ്രചരണത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കണം. ഇടതുപക്ഷത്തെയും നേതാക്കളെയും ആക്രമിക്കുന്നത് വലതുപക്ഷ രീതി ശാസ്ത്രമാണ്. സൈബർ ആക്രമണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ജീർണ്ണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടാനുള്ള കോൺഗ്രസിന്റെ നെറികെട്ട പ്രചരണമാണ് നടക്കുന്നതെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച് യുഡിഎഫ്

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച് യുഡിഎഫ്. അയ്യപ്പ സംഗമത്തിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അയ്യപ്പഭക്തന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് യുഡിഎഫിൻ്റെ ആരോപണം. അയ്യപ്പ സംഗമം വോട്ട് തട്ടാനുള്ള കുതന്ത്രം മാത്രമെന്നും യുഡിഎഫ്.

യുവാവ് കിണറ്റിൽ ചാടി

കോഴിക്കോട് മാമ്പറ്റയിൽ പെരുന്തേനീച്ച ആക്രമണത്തെ തുടർന്ന് ബൈക്ക് യാത്രക്കാരൻ കിണറ്റിൽ ചാടി. ബൈക്കിൽ യാത്ര ചെയ്യുന്ന സമയത്ത് തേനീച്ച ആക്രമിക്കുകയായിരുന്നു. കുത്ത് കിട്ടിയ ഉടനെ ഇയാൾ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ ചാടി രക്ഷുപ്പെടുകയായിരുന്നു .

പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു

പാലക്കാട് മണ്ണാർക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കോട്ടയം സ്വദേശിനി അഞ്ചുമോളെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതിയുടെ ഭർത്താവ് യുഗേഷിനെ അറസ്റ്റ് ചെയ്തു.

പാലക്കാട് 13കാരനെ കാണാതായി

പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായി. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെയാണ് സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. വിവരം ലഭിക്കുന്നവർ 9497987148, 9497980607 എന്നീ നമ്പറുകളിൽ അറിയിക്കുക.

കെഎസ്‌യു മാർച്ചിൽ കേസെടുത്ത് പൊലീസ്

കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ കേസെടുത്ത് പൊലീസ്. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അടക്കം 12 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും 5000 രൂപയുടെ നാശനഷ്ടം വരുത്തിയതായും എഫ്ഐആറിൽ പറയുന്നു.

മദ്യലഹരിയിൽ യുവതിക്ക് മർദനം

കോഴിക്കോട് മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. താമരശ്ശേരി പുതുപ്പാടിയിൽ ആണ് സംഭവം. പുതുപ്പാടി ആനോറമ്മൽ സൗമ്യയ്ക്കാണ് മർദനമേറ്റത്.അയൽവാസിയായ ടോമി (25) ആണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ യുവതി താമരശേരി പൊലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച് റസീറ്റ് നൽകാനോ, സ്ഥലത്തെത്തി അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് മർദനമേറ്റ സൗമ്യ ആരോപിച്ചു.

ജനവാസ മേഖലയിൽ പുലി

വയനാട് മേപ്പാടി പൂത്തക്കൊല്ലിയിൽ ജനവാസ മേഖലയിൽ പുലി. പൂത്തകൊല്ലി സ്വദേശി പ്രഭുവിന്റെ വീട്ടിലാണ് പുലിയെത്തിയത്. ഇന്ന് പുലർച്ചെ എത്തിയ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.

ബൈക്ക് യാത്രികന് മർദനം

ബൈക്ക് യാത്രികനെ ബസ് ഡ്രൈവർ ആയുധമുപയോഗിച്ച് ആക്രമിച്ചു. കളമശേരിയിലാണ് സംഭവം. ദീർഘദൂര സർവീസ് നടത്തുന്ന സൂര്യ ബസിൻ്റെ ഡ്രൈവറാണ് ബൈക്ക് യാത്രികനെ മർദിച്ചത്. നാട്ടുകാർ വാഹനം തടഞ്ഞ് വച്ചിരിക്കുകയാണ്.

SCROLL FOR NEXT