GST  
NEWSROOM

ലാഭത്തിൻ്റെ ഉത്സവം! ജിഎസ്ടി 2.0 നാളെ പ്രാബല്യത്തില്‍

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഉച്ചയോടെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന. ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. തീരുമാനത്തിൽ അമേരിക്കയും ഇസ്രയേലും വിയോജിപ്പ് രേഖപ്പെടുത്തി. പോർച്ചുഗൽ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്

അഫ്ഗാനിസ്ഥാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബാഗ്രാം വ്യോമതാവളം തിരികെ നൽകണം, ആവശ്യം പാലിച്ചില്ലെങ്കിൽ അഫ്ഗാനിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. 2021 ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്‍മാറിയതിന് ശേഷം ബാഗ്രാം വ്യോമതാവളം താലിബാൻ സർക്കാരിൻ്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചക്കിടെ ബാഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

മോഹൻലാൽ കൊച്ചിയിലെത്തി

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് പിന്നാലെ നടൻ മോഹൻലാൽ കൊച്ചിയിൽ എത്തി. രാവിലെ പത്തരയ്ക്ക് സ്വകാര്യ ഹോട്ടലിൽ വച്ച് മോഹൻലാൽ മാധ്യമങ്ങളെ കാണും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിന് പുരസ്കാരം സമ്മാനിക്കുക. അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമെന്നും ദൈവത്തിനും, പ്രേക്ഷകർക്കും നന്ദി എന്നും മോഹൻലാൽ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത ഗുളിക വിതരണം ചെയ്തതായി പരാതി

കൊല്ലം വള്ളിക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത ഗുളികകൾ നിലവാരമില്ലാത്തതെന്ന് പരാതി. രക്തസമ്മർദത്തിന് ഗുളികകൾ കഴിച്ചവർക്ക് അസുഖം മൂർച്ഛിച്ചു. ഗുളികകൾ വെള്ളത്തിൽ അലിയുന്നില്ലെന്നും റബർ പോലെ വലിയുന്നതായും രോഗികൾ പറുന്നു. മരുന്ന് വിതരണം നിർത്തിയെന്നും വിശദപരിശോധനകൾക്ക് അയക്കുമെന്നും ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

തടി ലോറി മറിഞ്ഞ് അപകടം

തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിൽ തടി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ രതീഷ് ക്ലീനർ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടിയിൽ ദേശീയപാത തകർന്നു

ചാലക്കുടി മുരിങ്ങൂരിൽ അടിപ്പാതാ നിർമാണം നടക്കുന്ന സ്ഥലത്തെ ദേശീയപാത തകർന്നു. തൃശൂർ എറണാകുളം പാതയിൽ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിന് മുൻ വശത്തെ റോഡാണ് ഇടിഞ്ഞത്.

അസം റൈഫിൾസിനെ ആക്രമിച്ച രണ്ട് പേർ കസ്റ്റഡിയിൽ

മണിപ്പൂർ ഭീകരാക്രമണത്തിൽ അസം റൈഫിൾസിനെ ആക്രമിച്ച രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. അക്രമികളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ രണ്ട് ജവന്മാർ കൊല്ലപ്പെട്ടിരുന്നു.

ആർപ്പൂക്കരയിൽ കണ്ടെത്തിയ തലയോട്ടി 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേത്

കോട്ടയം ആർപ്പൂക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ തലയോട്ടി 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേത് എന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്‌. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികഷണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും.

നീതു വിജയന് നേരെ സൈബർ ആക്രമണം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയന് നേരെ സൈബർ ആക്രമണം. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്ക് മാത്രമേ രാഹുൽ വിഷയം പ്രശ്നം സൃഷ്ടിക്കൂയെന്നും തെമ്മാടിക്കൂട്ടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും നീതു വിജയൻ.

കോൺഗ്രസിന്റെ പറവൂർ മണ്ഡലം സെക്രട്ടറി ഒളിവിൽ

ഷൈൻ ടീച്ചറിന് എതിരായ അപവാദ പ്രചാരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാകുന്നതിനിടെ കോൺഗ്രസിന്റെ പറവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ ഒളിവിൽ. പറവൂരിലെ വീട്ടിൽ ഇന്നലെ മുതൽ ഗോപാലകൃഷ്ണൻ ഇല്ലെന്ന് വിവരം. ഗോപാലകൃഷ്ണന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

സുരേഷ് ഗോപിക്ക് നിയന്ത്രണവുമായി ബിജെപി

കലുങ്ക് സംവാദങ്ങളിലെ വിവാദങ്ങൾക്കിതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നിയന്ത്രണവുമായി ബിജെപി. ബിജെപി ജില്ലാ ഘടകങ്ങളിൽ നിന്നും വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ വിവാദങ്ങൾ ഉണ്ടാകരുതെന്നാണ് നിർദേശം. പരാതി പറയാൻ എത്തുന്നവരോട് സഭ്യമായ ഭാഷയിലും അനുഭാവപൂർണമായും സംസാരിക്കണമെന്നും നിർദേശം.

എൽസ 3 ചരക്കുകപ്പലിലെ ഇന്ധനച്ചോർച്ച: ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെന്ന് പഠനം

കൊച്ചി തീരത്ത് മുങ്ങിയ എൽസ 3 ചരക്കുകപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ചയെ തുടർന്ന് പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെന്ന് പഠനം. മീനുകളുടെ ഭക്ഷണത്തിൽ ഇന്ധന സാന്നിധ്യം കണ്ടെത്തി. കപ്പലിലെ ഇന്ധനം സൂക്ഷ്മ ജീവികളുടെ ഉള്ളിലും പ്രവേശിച്ചെന്നും പഠനം. കപ്പൽ മുങ്ങിയ ഭാഗത്ത് പല സൂക്ഷ്മ ജീവികളും അപ്രത്യക്ഷമായി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥനെതിരെ ഡിജിപിക്ക് പരാതി

പൊലീസ് ഉദ്യോഗസ്ഥൻ സുമേഷ്, അയൽവാസിയെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിൽ പരാതിക്കാരൻ ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതിനുശേഷവും നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ദൃക്സാക്ഷികളെ പോലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

പാലോട് യുവാവിന് കാട്ടനയുടെ ചവിട്ടേറ്റു

തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്കേറ്റു. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനാണ് പരിക്കേറ്റത്. വീട്ടിൽ നിന്നും ജോലി സ്ഥലത്ത് യിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

യുഡിഎഫിനെതിരെ സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പാലക്കാട് യുഡിഎഫിനെതിരെ സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. പട്ടാമ്പി സിപിഐഎം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്. പട്ടാമ്പിയിലെ റോഡ് നിർമ്മാണം തടയാൻ വന്നാൽ വന്നതുപോലെ ആരും തിരിച്ചുപോകില്ലെന്ന് ഭീഷണി. റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഐഎം നേതാവിന്റെ ഭീഷണി.

സൈബർ തട്ടിപ്പിനിരയായ പ്രേമയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് കടമ്പഴിപ്പുറത്ത് സൈബർ തട്ടിപ്പിനിരയായതോടെ വീട് വീട്ടിറങ്ങിയ പ്രേമയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഗുരുവായൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കെഎസ്ആർടിസി ബസ്സിൽ പ്രേമ ഗുരുവായൂരിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മലപ്പുറത്ത് യുവാവിനെ തട്ടികൊണ്ടു പോയി മർദിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

മലപ്പുറം പുളിക്കലിൽ യുവാവിനെ തട്ടികൊണ്ടു പോയി മർദിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. വള്ളുവമ്പ്രം പൂക്കാട്ട് മൻസൂർ അലിയാണ് പിടിയിൽ ആയത്. കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടു പോയ കേസിലാണ് അറസ്റ്റ്.

സൈബർ ആക്രമണത്തിൽ സുജിത്തിനെതിരെ പരാതിയുമായി കെ.ജെ. ഷൈൻ

സൈബർ ആക്രമണത്തിൽ കൂടുതൽ പരാതിയുമായി കെ.ജെ. ഷൈൻ. കുന്നംകുളത്ത് പൊലീസ് മർദനമേറ്റ സുജിത്തിനെതിരെയും ഷൈൻ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള പോസ്റ്റുകൾ സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചുവെന്നാണ് പരാതി.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ

എറണാകുളം കാക്കനാട് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃശൂർ വെള്ളാനിക്കര സ്വദേശി ഹരികൃഷ്ണനെയാണ് പൊലീസ് പിടികൂടിയത്.. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചതിനെ തുടർന്ന് കരിങ്കല്ല് കൊണ്ട് ആക്രമിച്ചെന്നും യുവതിയുടെ മൊഴി.

'ബഹുമാന' സർക്കുലറിൽ സിപിഐക്ക് വിയോജിപ്പ്

സംസ്ഥാന സർക്കാരിൻ്റെ 'ബഹുമാന' സർക്കുലറിൽ വിയോജിപ്പ് പരസ്യമാക്കി സിപിഐ. മന്ത്രിമാരെ 'ബഹുമാനപ്പെട്ട; എന്ന് ചേ‍ർത്ത് വിളിക്കുന്നതിൽ എതി‍ർപ്പുണ്ടെന്നും കൊളോണിയൻ സിസ്റ്റത്തിനെതിരെ നിലപാട് എടുത്ത പുരോഗമന കേരളത്തിന് യോജിച്ച ഉത്തരവ് അല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിച്ചെന്ന് ദേവസ്വം മന്ത്രി

ആഗോള അയ്യപ്പസംഗമത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ദുഷ്ടലാക്കെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പെന്ന് വി.എൻ. വാസവൻ വ്യക്തമാക്കി. അതേസമയം യോഗി ആദിത്യനാഥിന്റെ പിന്തുണ സന്ദേശത്തിൽ ഒരു വർഗീയതയുമില്ലെന്നും മുഖ്യമന്ത്രി എന്ന നിലയാക്കാണ് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്: ജോയിന്‍റ് രജിസ്ട്രാര്‍ക്ക് ഗുരുതര വീഴ്ച

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള തരുവണ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ നടപടി സ്വീകരിക്കാത്തതില്‍ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. അസിസ്റ്റന്റ്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തില്‍ തിരിമറി കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ബാങ്ക് ജീവനക്കാരുടെ അക്കൌണ്ടില്‍ വലിയ തുകയുടെ ഇടപാടുകളും അസിസ്റ്റന്‍റ് രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതില്‍ ജോയിന്‍റ് രജിസ്ട്രാര്‍ നടപടി ഒതുക്കിയെന്നും കണ്ടെത്തൽ.

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് മർദനം

കൊല്ലം പടപ്പക്കരയിൽ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ മർദനം. കുണ്ടറ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിനാണ് മർദനമേറ്റത്. ആക്രമണം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മർദ രാഷ്ട്രീയത്തിന് കത്തോലിക്ക കോൺഗ്രസ്

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മർദ രാഷ്ട്രീയത്തിന് ഒരുങ്ങി കത്തോലിക്ക കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമെന്ന് സൂചന. ജിഎസ്ടി പരിഷ്കരണം നാളെയാണ് പ്രാബല്യത്തിൽ വരിക.

ടിവികെ പ്രവർത്തകർക്കെതിരെ കേസ്

തമിഴക വെട്രി കഴകം റാലിക്കിടെ പൊതുമുതൽ നശിപ്പിച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. നാഗപട്ടണത്ത് നടന്ന ടിവികെ റാലിക്കിടെയാണ് പ്രവർത്തകർ വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള കല്ല്യാണ മണ്ഡപത്തിൻ്റെ ചുറ്റുമതിൽ തകർത്തത്.നാഗപട്ടണം പൊലീസാണ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

തൃശൂരിൽ ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു

തൃശൂർ ചെന്ത്രാപ്പിന്നി ദേശീയപാതയിൽ ടിപ്പർ ലോറിയിടിച്ച് അപകടം. ഇലക്ട്രിക് സ്കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. കയ്പമംഗലം സ്വദേശി സി.ജെ. സെയ്തുമുഹമ്മദ് (89) ആണ് മരിച്ചത്. സെയ്തുമുഹമ്മദ് സഞ്ചരിച്ചിരുന്ന ലോറിയിടിക്കുകയായിരുന്നു. റോഡിലേക്ക് സെയ്തുവിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ടിവികെ പ്രവർത്തകർക്കെതിരെ കേസ്

വിജയ്‌യുടെ റാലിക്കിടെ പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ പ്രവർത്തകർക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിനും വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള കല്ല്യാണ മണ്ഡപത്തിൻ്റെ ചുറ്റു മതിൽ തകർത്തതിനുമാണ് നാഗപട്ടണം പൊലീസ് കേസെടുത്ത്.

500 കിട്ടി 5000 പോയി

500 രൂപയ്ക്ക് പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്ത യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി. പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്തതിന് പിന്നാലെ ചാഴിയാട്ടിരിയിലെ യുവാവിനെ തേടിയെത്തിയത് 5,000 രൂപ പിഴ അടക്കാനുള്ള നോട്ടീസ്.

കൂടൽ മാണിക്യം ക്ഷേത്രത്തിലെ നിയമനം ബഹിഷ്കരിക്കുമെന്ന് തന്ത്രിമാർ

കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായ അംഗമായ കെ.എസ്. അനുരാഗിൻ്റെ നിയമനത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ച് ക്ഷേത്രം തന്ത്രിമാർ. കാരായ്മ കുടുംബാംഗങ്ങളെ ജോലിക്കായി നിയോഗിക്കണമെന്ന് കാട്ടി നേരത്തെ തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം ദേവസ്വം അനുരാഗിനെ നിയമിച്ചതോടെയാണ് ബഹിഷ്കരണം. അതേസമയം ബഹിഷ്കരണ തീരുമാനത്തെ എതിർത്ത് തന്ത്രി കുടുംബാംഗം അനി പ്രകാശ് ക്ഷേത്രത്തിലെത്തി പൂജകൾ നടത്തി.

വനംവകുപ്പ് കേസിൽ പ്രതിയായ യുവാവ് മരിച്ച സംഭവം: മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച് നാട്ടുകാർ

തൃശൂരിൽ വനം വകുപ്പ് കേസിൽ പ്രതിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച് നാട്ടുകാർ. വടക്കാഞ്ചേരി പൂങ്ങോട് സ്വദേശി മിഥുന്റെ മരണത്തിലാണ് പ്രതിഷേധം. യുവാവിനെ പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

തിരുമല അനിലിൻ്റെ മരണത്തിൽ സിപിഐഎമ്മിനെ പഴിചാരി ബിജെപി

തിരുമല കൗൺസിലർ അനിൽ കുമാറിൻ്റെ മരണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. തമ്പാനൂർ പൊലീസ് നിരന്തരം അധിക്ഷേപിച്ചതാണ് അനിലിന്റെ മരണത്തിന് കാരണമെന്നാണ് വി.വി. രാജേഷിൻ്റെ വാദം. വലിയശാല ഫാം സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. അത് തരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലായിരുന്നു. കഴിഞ്ഞ 5 വർഷമായി കോർപ്പറേഷൻ ഭരണസമിതിയുടെ അഴിമതിക്കെതിരെ പ്രവർത്തിച്ച ആളാണ് അനിൽ.

സിപിഐഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയ വ്യക്തിയാണ് അനിലെന്നും വി.വി. രാജേഷ് പറഞ്ഞു. വലിയശാല ഫാം സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി ഉപയോഗിച്ച് അനിലിനെ നിർവീര്യമാക്കാനാണ് സിപിഐഎം ശ്രമിച്ചത്. അനിലിൻ്റെ ശരീരം താഴെ ഇറക്കുന്നതിനു മുൻപ് സിപിഐഎം ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനം നടത്തി.അനിലിനെ സിപിഐഎം ഭീഷണിപ്പെടുത്തി.രാഷ്ട്രീയപരമായും നിയമപരമായും ഈ വിഷയത്തെ ബിജെപി നേരിടുമെന്നും വി.വി. രാജേഷ്.

മൂന്നരക്കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 3.63 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. കർണാടക ബെല്ലാരി സ്വദേശിയായ യുവാവിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ സുമൻ ജട്ടർ ബെല്ലാരിയിലെ സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണ്.

മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച് നാട്ടുകാർ

വനം-വകുപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച് നാട്ടുകാർ. തൃശൂർ വടക്കാഞ്ചേരി പൂങ്ങോട് സ്വദേശി മിഥുൻ്റെ മരണത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുവാവിനെ കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട ആയിരുന്നു പ്രതിഷേധം.

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ കരിദിനം ആചരിക്കും

മെഡിക്കൽ കോളേജ് അധ്യാപകരുടെ കൂടുതൽ തസ്തികൾ സൃഷ്ടിക്കുക ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ കരിദിനം ആചരിക്കും.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് 4,126 പേർ

ആഗോള അയ്യപ്പ സംഗമത്തിൽ 4,126 പേർ പങ്കെടുത്തു. 14 വിദേശരാജ്യങ്ങളിൽ നിന്ന് 182 പേരും, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 2125 ഉം, കേരളത്തിൽ നിന്ന് 1,819 പേരുമാണ് സംഗമത്തിൽ പങ്കെടുത്തത്.

ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപകീർത്തി കേസ് എന്താണെന്ന് അറിയാമോ? എന്നും, നിങ്ങൾ മാധ്യമ പ്രവർത്തകരല്ല, നിങ്ങൾക്ക് ഞാൻ കാണിച്ചു തരാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

ആശ്വാസവുമായി പ്രിയങ്കാ എംപി 

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി എംപി. കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് കിഴക്കേ ചാത്തല്ലൂരിൽ കല്യാണിയെ ആന ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെ എത്തിയ പ്രിയങ്ക ഗാന്ധി എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ പുഷ്പാർച്ചന നടത്തി സോണിയ ഗാന്ധി; ഒപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഗുരുവിന് പുഷ്പാർച്ചന നടത്തി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൽപ്പറ്റയിലെ എസ്എൻഡിപി യൂണിയൻ ഓഫീസിൽ എത്തിയാണ് മൂവരും പുഷ്പാർച്ചന നടത്തിയത്.

നിയമനടപടിക്കൊരുങ്ങി കുസാറ്റ്

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമ നടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിക്കെതിരെയാണ് പരാതി. സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. കുസാറ്റിലെ താലിബാനിസം എന്ന തരത്തിൽ ബിജെപി പരിപാടിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.

സബ് രജിസ്ട്രാറെ ഫോണിൽ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും അഭിഭാഷകൻ

സബ് രജിസ്ട്രാറെ ഫോണിൽ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും അഭിഭാഷകൻ. പത്തനംതിട്ടയിലെ അഭിഭാഷകനായ കെ. ജെ. മനുവാണ് സബ് രജിസ്ട്രാർ അനിൽകുമാറിനെ തെറിവിളിച്ചത്. അഭിഭാഷകൻ തന്നെയാണ് റെക്കോർഡ് ചെയ്ത് ഓഡിയോ പ്രചരിപ്പിച്ചതും. പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് കെ. ജെ. മനു. മകൻ്റെ വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സംശയങ്ങൾ ഉന്നയിച്ചതാണ് പ്രകോപന കാരണം.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു 

എല്ലാവർക്കും നവരാത്രി ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രിയുടെ ആദ്യദിനത്തിൽ രാജ്യത്തിന് സമ്മാനമായാണ് ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന പരിഷ്കരണമാണ് നടപ്പാക്കുന്നത്. ഇത് സർവ മേഖലകളിലും പുരോഗതിക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കുരങ്ങൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പാലോട് കുരങ്ങൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമായി 13 കുരങ്ങന്മാരെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു കണ്ടെത്തിയത്.

കോഴിക്കോട് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തി

കോഴിക്കോട് കാവിലുംപാറ ചീളിയാട് പുലിയുടേതിന് സമാനമായ മൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തി. ഫോറസ്റ്റ് അധികൃതരും ആർആർടിയും പ്രദേശത്ത് പരിശോധന നടത്തി. ചീളിയാട്, വളയങ്കോട് മലകളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും. ഔദ്യോഗിക പ്രഖ്യാപനം നടത്തി രാജ്യങ്ങൾ. ദ്വിരാഷ്ട്ര പ്രഖ്യാപനം സമാധാനം ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ. ഇസ്രയേലിനുo പലസ്തീനും മികച്ച ഭാവിയുണ്ടാകട്ടെയെന്നും സ്റ്റാമർ. ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും യു കെ.

അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തി

തിരുവനന്തപുരം വഞ്ചിയൂർ അമ്പലത്ത്മുക്കിൽ അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തി. തമിഴ്നാട് സ്വദേശി കുമരപ്പ നാഗപ്പ ചെട്ടിയാരുടെ ഉടമസ്ഥയുള്ള സ്ഥലത്താണ് സ്പിരിറ്റ് കണ്ടെത്തിയത്. ഉടമസ്ഥൻ ഇന്ന് സ്ഥലത്ത് എത്തിയപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. പി. ചിദംബരത്തിൻ്റെ ബന്ധുവാണ് കുമരപ്പ നാഗപ്പ ചെട്ടിയാർ. ലൈസൻസ് ഉള്ള സ്പിരിറ്റാണെന്ന് എക്സെസ്

വീണ്ടും കാട്ടാന ആക്രമണം; തിരുവനന്തപുരത്ത് വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം നെയ്യാർ ഫോറസ്റ് റേഞ്ചിൽ വീണ്ടും കാട്ടാന ആക്രമണം. വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്കേറ്റു . ക്ലാമല സെഷനിലെ ആനനിരത്തി എന്ന സ്ഥലത്താണ് സംഭവം. നെയ്യാർ ഡാം മരക്കുന്നം സ്വദേശി അനീഷിനാണ് പരിക്കേറ്റത്. തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് രാവിലെ ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനും പരിക്കേറ്റിരുന്നു. രാവിലെ ജോലിക്ക് പോകാനിറങ്ങിയ ജിതേന്ദനെ, മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. പത്തനംതിട്ട വടശ്ശേരിക്കരയിൽ ജനവാസമേഖലയിലും കാട്ടാന ഇറങ്ങി വ്യാപകനാശ നഷ്ടം വരുത്തി.

കലാകേന്ദ്രത്തിൻ്റെ രണ്ടാം ഉദ്ഘാടനം തടഞ്ഞ് നാട്ടുകാർ

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ ഉന്നതിയിലെ കലാകേന്ദ്രത്തിൻ്റെ രണ്ടാം ഉദ്ഘാടനം തടഞ്ഞ് നാട്ടുകാർ. ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. അഞ്ച് വർഷം മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് കലാകേന്ദ്രമെന്നാരോപിച്ചായിരുന്നു രണ്ടാം ഉദ്ഘാടനം തടഞ്ഞത്.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൾ റഹീമിന് ആശ്വാസം. കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ആവശ്യം സൗദി സുപ്രീം കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഇതോടെ റഹീമിന്റെ മോചന നടപടികൾ കൂടുതൽ എളുപ്പമാകും.

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് നാദാപുരത്ത് കാർ മരത്തിലടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തൂണേരി മധുരിമ ഹോട്ടൽ വ്യാപാരി കണ്ടോത്ത് കുമാര (62) നാണ് മരിച്ചത്. മരത്തിൽ തട്ടി പിന്നോട്ട് തെറിച്ച കാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കുമാരൻ്റെ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

നാളെ മുതൽ നികുതി മേഖലയിൽ വരുന്നത് വമ്പൻ പരിഷ്കാരം

നാളെ മുതൽ നികുതി മേഖലയിൽ വരുന്നത് വമ്പൻ പരിഷ്കാരം. കാറുകൾ, ബൈക്കുകൾ, എസി, ഫ്രിഡ്ജ് എന്നിവയ്ക്ക് വില കുറയും. നിത്യോപയോഗ സാധനങ്ങൾക്കും വിലയാശ്വാസം. വില കൂടുക ആഢംബര വാഹനങ്ങൾക്കും സിഗരറ്റിനും ബീഡിക്കും. വിലയിലെ കുറവ് ഉത്പന്നങ്ങളിൽ പതിപ്പിക്കണം എന്ന് നിർദേശം. വില കുറച്ചില്ലെങ്കിൽ കമ്പനികൾക്ക് എതിരെ നടപടി.

SCROLL FOR NEXT