NEWSROOM

കൊലപാതകം നടത്തിയത് 1994ൽ; 31 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

ഇന്ന് മുതൽ ജിഎസ്‌ടി 2.O 

രാജ്യത്ത് പരിഷ്കരിച്ച ജിഎസ്‌ടി നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ. നിത്യോപയോഗ സാധനങ്ങൾക്കും കാർ, ബൈക്ക്, എസി, ഫ്രിഡ്ജ് എന്നിവക്കും വില കുറയും. സിഗരറ്റിനും ബീഡിക്കും ആഡംബര വാഹനങ്ങൾക്കുമാണ് വില കൂടുക. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചാണ് പരിഷ്കരണം.

ഡി. രാജയെ മാറ്റണമെന്ന് കേരളത്തിൽ നിന്നുള്ള സിപിഐ അംഗങ്ങൾ 

സിപിഐ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡി. രാജ മാറണമെന്ന് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ. ഇന്നലെ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിനിധികൾ ആവശ്യം ഉന്നയിച്ചത്. 75 വയസ്സ് പ്രായ പരിധി നിർബന്ധമാക്കിയത് ഡി. രാജക്കും ബാധകമാണെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ സ്വയം പിൻമാറാൻ രാജ വിസമ്മതിച്ചതോടെ തീരുമാനം പാർട്ടി കോൺഗ്രസിന് വിട്ടു.

ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന്

ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് നടക്കും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൻ്റെ നേതൃത്വത്തിൽ യുഎസ് പ്രതിനിധികളുമായി ചർച്ച നടത്തും. ന്യൂയോർക്കിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക.

എച്ച് വൺ ബി വിസയ്ക്കുള്ള പുതുക്കിയ ഫീസ് ഇന്നു മുതൽ

യുഎസിൽ എച്ച് വൺ ബി വിസയ്ക്കുള്ള പുതുക്കിയ ഫീസ് ഇന്നു മുതൽ നിലവിൽ. ഒരുലക്ഷം ഡോളറാണ് പുതിയ എച്ച് വൺ ബി വിസയ്ക്കുള്ള ഫീസ്. എന്നാൽ നിലവിൽ വിസയുള്ളവ‍ർക്ക് പുതിയ ഫീസ് ബാധകമാകില്ല. ആകെയുള്ള എച്ച് വൺ ബി വിസക്കാരിൽ 70 ശതമാനവും ഇന്ത്യക്കാരാണെന്നതിനാൽ ഇന്ത്യയിലക്കം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ് യുഎസ് നടപടി.

കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കുപ്രസിദ്ധ മോഷ്ടാക്കളായ പൂവരണി ജോയ്, അടൂർ തുളസീധരൻ എന്നിവർ പിടിയിൽ. വെഞ്ഞാറമൂട് പൊലീസാണ് പ്രതികളെ പിടികൂടിയത്.

അപവാദ പ്രചരണ കേസ്: പ്രതികൾ ഒളിവിൽ

കെ.ജെ. ഷൈനും, വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനുമെതിരായ സോഷ്യൽ മീഡിയ അപവാദ പ്രചരണത്തിൽ പ്രതികൾ ഒളിവിൽ. പ്രതികളായ കെ.എം. ഷാജഹാൻ, സി.കെ ഗോപാലകൃഷ്ണൻ എന്നിവരാണ് ഒളിവിൽ പോയത്. വിഷയത്തിൽ ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് എറണാകുളം റൂറൽ സൈബർ പൊലീസ്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടിയാണ് കത്ത്.100 ഓളം അകൗണ്ടുകളുടെ പൂർണ്ണ വിവരവും ശേഖരിക്കുന്നു.

ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ ഒരു മരണം

മലപ്പുറം ചങ്ങരംകുളം തരിയത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിയൂർ സ്വദേശി റമീസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികൻ അൻഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

മുൻ മാനേജരെ മർദിച്ചെന്ന കേസി നടൻ ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ച് കോടതി. അടുത്ത മാസം 27 ന് ഹാജരാകണം എന്നാണ് കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടെ നോട്ടീസിൽ നിർദേശം.

ബിജെപി കൗൺസിലറുടെ മരണം; മൊഴിയെടുത്ത് പൊലീസ്

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്ത് പോലീസ്. ആത്മഹത്യയുടെ വാക്കിലാണെന്ന് അനിൽ സഹപ്രവർത്തകരായ കൗൺസിലറോട് പറഞ്ഞതായി മൊഴി. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ടോം ഹോളണ്ടിന് പരിക്ക്

സിനിമാ സ്റ്റണ്ടിനിടെ ഹോളിവുഡ് താരം ടോം ഹോളണ്ടിന് പരിക്ക്. 'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്.

പാലക്കാട് കാണാതായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി

പാലക്കാട് സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ കാണാതായ വീട്ടമ്മ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് വന്നതെന്ന് പ്രേമ ബന്ധുക്കളോട് പറഞ്ഞു.

വിദ്യാർഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ

കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിന് അറുതിയില്ല. സ്കൂൾ വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ആക്രമണത്തിൽ നിന്ന് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വരിക്കോളി പോസ്റ്റാഫീസിന് സമീപമാണ് സംഭവം.

ജോസ് നെല്ലേടത്തിൻ്റെ കുടുംബത്തെ കണ്ട് പ്രിയങ്കാ ഗാന്ധി

വയനാട് പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബം പ്രിയങ്ക ഗാന്ധിയെ കണ്ടു. പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നാണ് വിവരം. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം അറിയിച്ചു.

മുന്നണി പ്രവേശനം ചർച്ചയിൽ ഇല്ലെന്ന് സി.കെ. ജാനു

നിലവിൽ മുന്നണി പ്രവേശനം ചർച്ചയിൽ ഇല്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനു. യുഡിഎഫ് നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടന്നു. ജനാധിപത്യ മര്യാദകൾ പാലിച്ച് പാർട്ടിയെ പരിഗണിക്കുകയും പൊതുമിനിമം പൊളിറ്റിക്കൽ പരിപാടി മുന്നോട്ട് വെക്കുകയും ചെയ്താൽ സഹകരണം ആലോചിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുകയാണ് ലക്ഷ്യമെന്നും സി.കെ. ജാനു ന്യൂസ് മലയാളത്തോട് പറഞ്ഞു.

ശബരിമല സംരക്ഷണ സംഗമം ഇന്ന് 

സർക്കാരും ദേവസ്വം ബോർഡും നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് നടക്കും. പന്തളം നാനാക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ അൽപസമയത്തിനകം ഉദ്ഘാടനം ചെയ്യും.

താനൂരിൽ നിന്ന് നാഗവിഗ്രഹങ്ങൾ കണ്ടെത്തി

മലപ്പറം താനൂരിൽ നിന്ന് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കാണ് വിഗ്രഹങ്ങൾ ലഭിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുകയായിരുന്നു. വിഗ്രഹങ്ങൾ പൊലീസിന് കൈമാറി.

സുരേഷ് ഗോപി അപേക്ഷ നിരസിച്ച വയോധികൻ്റെ വീട് നിർമാണം ഇന്ന് തുടങ്ങും

കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് സിപിഐഎം നിർമിച്ച് നൽകുന്ന വീടിന്റെ നി‍ർമാണം ഇന്ന് തുടങ്ങും. സിപിഐഎം ആണ് വേലായുധന് വീട് നീ‍ർമിച്ചു നൽകുന്നത്. തൃശൂ‍ർ പുള്ളിലെ സ്ഥലത്ത് തറക്കല്ലിടൽ ചടങ്ങുകൾ നടക്കുകയാണ്.

കേരള സർവകലാശാല വി.സി. ചട്ടം മറികടന്നതായി പരാതി

കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മൽ ചട്ടം മറികടന്നതായി പരാതി. നാല് മാസത്തിൽ ഒരിക്കൽ സെനറ്റ് യോഗം ചേരണമെന്ന വ്യവസ്ഥ പാലിക്കാതെ നവംബർ ഒന്നിന് യോഗം വിളിച്ചതായിയാണ് പരാതി. സെനറ്റ് യോഗം ജൂൺ 17 നാണ് അവസാനമായി ചേർന്നത്. ഒക്ടോബർ 16ന് നാല് മാസ കാലാവധി അവസാനിക്കും.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലക്ക് കത്തയച്ച് സിപിഐഎം

ഗവർണർക്ക് കോടതി ചെലവ് നൽകുന്നത് തടയാൻ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസിമാർക്ക് കത്ത് നൽകി സിപിഐഎഎം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്നാണ് ആവശ്യം. സിൻഡിക്കേറ്റ് അംഗങ്ങളായ ഐ.ബി. സതീഷ്, സച്ചിൻ ദേവ് എംഎൽഎയുമാണ് കത്ത് അയച്ചത്. സുപ്രീംകോടതി അഭിഭാഷകന് ചെലവായ തുക സർവകലാശാല നൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു.

വയനാട് പുനരധിവാസത്തിൽ മുസ്ലീം ലീഗിന് നോട്ടീസ്

വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്ലീം ലീഗിനെതിരെ മേപ്പാടി പഞ്ചായത്തിൻ്റെ നോട്ടീസ്. തൃക്കൈപ്പറ്റയിലെ ഭൂമിയിൽ ചട്ട വിരുദ്ധ നടപടി കണ്ടെത്തിയെന്ന് പഞ്ചായത്ത്. പെർമിറ്റുകൾ എടുത്തത് ചട്ടങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമായെന്നും പഞ്ചായത്ത് കണ്ടെത്തൽ. സാദിഖ് അലി തങ്ങൾക്കാണ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.

എസ്എപി ക്യാമ്പിലെ മരണം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ഡിഐജി റിപ്പോർട്ട്

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിൻ്റെ ആത്മഹത്യയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ഡിഐജി റിപ്പോർട്ട്. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട്.

പ്രതികരണവുമായി അമർജിത് കൗർ

സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുന്നതിനെ ഒരു കമ്യൂണിസ്റ്റും എതിർക്കുമെന്ന് കരുതുന്നില്ലെന്ന് സിപിഐ നേതാവ് അമർജിത് കൗർ. എല്ലാവർക്കും നയിക്കാനുള്ള കഴിവുണ്ടെന്നും അമർജിത് കൗർ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതികരണം.

കണ്ണൂർ പയ്യന്നൂർ കോളേജ് അടച്ചു

വിദ്യാർഥി സംഘർഷത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ കോളജ് അടച്ചു. കോളജിൽ ഇന്ന് മുതൽ കെഎസ്‌‌യു അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥി സംഘടന പ്രതിനിധികൾ, പൊലീസ്, അധ്യാപകർ എന്നിവരുടെ യോഗം കോളേജിൽ ഇന്ന് ചേരും.

അനിലിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച്

തിരുവനന്തപുരം ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ബിജെപി. നിക്ഷേപകന് പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് പൊലീസ് അനിലിന്മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ആശുപത്രി സ്റ്റാഫ് മരിച്ചനിലയിൽ

തിരുവനന്തപുരം ശാസ്തമംഗലം എസ്. പി വേൽഫേർട്ട് ആശുപത്രിയിലെ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അലിഷ.

മദ്യലഹരിയിൽ അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

മദ്യലഹരിയിൽ എക്സൈസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറുടെ ഡ്രൈവർ എഡിസൺ കെ.ജെയ്‌ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രിയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ വാഹനം അപകടത്തിൽപ്പെട്ടത്.

ദേശീയപാതയിലെ ടോൾ പിരിവ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഇന്നില്ല

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ടോൾ പിരിവ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഇന്നില്ല. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി.

കെഎസ്ആർടിസി ബസിടിച്ച് മരണം

കാസർഗോഡ് ഉദുമയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കളനാട് പയോട്ട ഹൗസിൽ മുഹമ്മദ് അഷറഫാണ് മരിച്ചത്. ബസ് സ്കൂട്ടറിൻ്റെ പിറകിലിടിച്ചാണ് അപകടം.

ഫിസിയോതെറാപ്പി ചികിത്സയ്ക്ക് നിരക്ക് കൂട്ടിയത് മരവിപ്പിച്ചു

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് നിരക്ക് കൂട്ടിയത് മരവിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. നിലവിലുള്ളതിൽ നിന്ന് 60% ഫീസ് ആണ് വർധിപ്പിച്ചത്.

കോഴിക്കോട് ബിജെപി മാർച്ച്

കോഴിക്കോട് ഫറൂഖ് പാലത്തിന്റെ നവീകരണവും അറ്റപ്പണിയും നടത്തിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിലേക്കാണ് ബിജെപി മാർച്ച്.

കപ്പലിന് തീ പിടിച്ചു

ഗുജറാത്ത് തീരത്ത് കപ്പലിന് തീ പിടിച്ചു. സൊമാലിയയ്ക്ക് പോയ കപ്പലിനാണ് തീപിടിച്ചത്. സുഭാഷ്‌നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ.

കണ്ണൂരിൽ  43 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ വിളക്കോട്ടൂരിൽ 43 കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കലിങ്ങേൻ്റവിട ജ്യോതിരാജിനെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം പ്രവർത്തകനായ ജ്യോതിരാജിന് 2009 ൽ ആർഎസ്എസ് ആക്രമത്തിൽ പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡിവൈഎഫ്ഐ പ്രതിഷേധം

തരുവണ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സാമ്പത്തിക തിരിമറിയിൽ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എആർ അന്വേഷണത്തിൽ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജെ ആർ നടപടി എടുക്കാതെ താക്കീത് മാത്രം നൽകി ഒതുക്കിയതിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഗായത്രി വധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവന്തപുരം അഡീഷണൻ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട ഗായത്രിയുടെ സുഹൃത്തായിരുന്നു കൊല്ലം സ്വദേശിയായ പ്രവീൺ. 2022 മാർച്ച് 5 നാണ് തമ്പാനൂരിലെ ലോഡ്ജിലാണ് ഗായത്രിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പരിശോധന നടത്തുന്നു

സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണക്കേസിൽ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പരിശോധന നടത്തുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.

ബസ്സിന്റെ ടയർ ഊരി തെറിച്ചു

കോഴിക്കോട് കൊയിലാണ്ടി കാട്ടിലെപീടികയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകുവശത്തെ ടയർ ഊരി തെറിച്ചു. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് സംഭവം. ദേവിക ബസിന്റെ പിറകുവശത്തെ ടയറാണ് ഊരിത്തെറിച്ചത്. റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ തട്ടി നിന്നതോടെ വലിയ അപകടം ഒഴിവായി.

ഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപരന്ത്യം ശിക്ഷ

തമ്പാനൂർ ഗായത്രി വധക്കേസ് പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൻ സെഷൻസ് കോടതിയുടേതാണ് വിധി. ഗായത്രിയുടെ സുഹൃത്തായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണാണ് പ്രതി. 2022 മാർച്ച് 5 നാണ് തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് ഗായത്രി കൊല്ലപ്പെട്ടത്. ഇയാൾ ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത മഴയ്ക്ക് സാധ്യത.

പെന്തക്കോസ്‌ത് വിശ്വാസികൾക്ക് നേരെ സംഘപരിവാർ ആക്രമണം

രാജസ്ഥാനിൽ മലയാളികളായ പെന്തക്കോസ്‌ത് വിശ്വാസികൾക്ക് നേരെ സംഘപരിവാർ സംഘടനകളുടെ ആക്രമണം. പാസ്റ്റർ ബോവസ് ഡാനിയേലിനെയും വിശ്വാസികളെയും അതിക്രൂരമായി ആക്രമിക്കുകയും ആരാധനയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

സുപ്രീം കോടതിയുടെ നോട്ടീസ്

ഡൽഹി കലാപ ഗൂഢാലോചന കേസില്‍ 4 പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം നൽകിയിട്ടുള്ളത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടിയെടുത്ത്.

ഒരാളെ കൂടി പ്രതിചേർത്തു

കെ. ജെ. ഷൈന്‍ ടീച്ചറെയും കെ. എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയും അധിഷേപിച്ച കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അധിക്ഷേപിച്ച യാസര്‍ എടപ്പാൾ എന്നയാളെയാണ് പ്രതിചേര്‍ത്തത്.

രാജീവ് ചന്ദ്രശേഖറിനെതിരായ കേസുകളിൽ കുരുക്ക് മുറുക്കാൻ പൊലീസ്

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരായ കേസുകളിൽ കുരുക്ക് മുറുക്കാൻ പൊലീസ്. ഇൻ്റർപോളിൻ്റെ സഹായത്തോടെ യുഎസിലെ ഫേസ്ബുക്ക് ആസ്ഥാനത്തുനിന്നും വിവരങ്ങൾ തേടും. വിവരങ്ങൾ തേടാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ടുകേസുകളാണ് സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഹർജി തള്ളി ഹൈക്കോടതി

മലബാർ സിമൻ്റസ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രൻ്റെയും മക്കളുടെയും മരണത്തിൽ ആരോപണവിധേയനായ വ്യവസായി വി എം രാധാകൃഷ്ണനെ കുറ്റവിമുക്തമാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ മൂന്നാം പ്രതിയാണ് വി. എം. രാധാകൃഷ്ണൻ. ആത്മഹത്യാ പ്രേരണ കുറ്റമാണ് വി എം രാധാകൃഷ്ണനെതിരെ ചുമത്തിയിരുന്നത്.

അന്വേഷണം ക്രൈം ബ്രാഞ്ചിന്

പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയുടെ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബിജുവിന് അന്വേഷണ ചുമതല.

എസ്എച്ച്ഒ അനിൽകുമാറിന് ആശ്വാസം 

കിളിമാനൂരിൽ എസ്‍എച്ച്ഒ അനിൽകുമാർ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി. വാഹനം ഇടിച്ചതിന് തെളിവുകളില്ല. സംഭവത്തിൽ സാക്ഷിമൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ല. ആയതിനാൽ പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു.

ടാങ്കർ ലോറി പൊലീസ് പിടികൂടി

താമരശ്ശേരി കോരങ്ങാട് വിദ്യാലയങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി പൊലീസ് പിടികൂടി. ലോറിയുടെ ഇരുവശങ്ങളിലേയും നമ്പർപ്ലേറ്റ് പെയിൻ്റ് ഉപയോഗിച്ച് മായ്ച്ചനിലയിലായിരുന്നു. ഇന്നലെ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരെ ലോറിയിലുള്ള യുവാക്കളെ മർദിച്ച ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.

"സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല"

ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യാ കുറിപ്പിൻ്റെ പൂര്‍ണരൂപം പുറത്ത്. കുറിപ്പിൽ പൊലീസിനെയോ, സിപിഐഎമ്മിനെയോ കുറിച്ച് പരാമർശമില്ല. മാനസികമായി വലിയ വിഷമവും സമ്മര്‍ദവുമുണ്ട്. ഇപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്നും അനിൽ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ. എഡിസൺ കെ. ജെയ്‌ക്കെതിരെയാണ് വകുപ്പുതല നടപടിയെടുത്തത്. ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ വാഹനമാണ് എഡിസൺ മദ്യപിച്ച് ഓടിച്ച് അപകടമുണ്ടാക്കിയത്. മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ

കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ. ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിൽ ആയത്. 1994 ൽ ചെറിയനാട് കുട്ടപ്പപ്പണിക്കർ കൊലപാതക കേസിലെ പ്രതിയാണ് ജയപ്രകാശ്. വിദേശത്തു നിന്ന് നാട്ടിൽ എത്തിയ പ്രതിയെ ചെന്നിത്തലയിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

അവതാരകൻ രാജേഷ് കൃഷ്ണനെ വെല്ലൂരിലേക്ക് മാറ്റി 

അവതാരകൻ രാജേഷ് കൃഷ്ണനെ വെല്ലൂരിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

വീട് നിർമാണം നിർത്തിവയ്ക്കാൻ നിർദേശം

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വീട് നിർമാണം നിർത്തിവയ്ക്കാൻ നിർദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദേശം നൽകിയത്.

ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദർശനം നടത്തി വാക്കാൽ നിർദേശം നൽകിയത്. നിർമാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര അരിനല്ലൂർ സ്വദേശി സന്തോഷ് ജോസഫിൻ്റെ വാഹനമാണ് കത്തിയത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. വാഹനം പൂർണമായും കത്തി നശിച്ചു.

നാളത്തെ ആലപ്പുഴ-ദൻബാദ് എക്സ്പ്രസ് റദ്ദാക്കി

ചൊവ്വാഴ്ച രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് (13352) റദ്ദാക്കി. ട്രെയിനിന്റെ പെയറിങ് റേക്ക് റദ്ദാക്കിയതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

സ്വകാര്യ ബസുകൾക്കിടയിൽ പെട്ട് എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരൽ അറ്റു

മലപ്പുറം തിരൂരിൽ സ്വകാര്യ ബസുകൾക്കിടയിൽ പെട്ട് എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരൽ അറ്റു. നിറമരുതൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ വാക്കാട് സ്വദേശിയായ ഹഹനാസിനാണ് വിരൽ നഷ്ടമായത്. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. മറ്റ് നാല് വിരലുകൾക്കും സാരമായി പരിക്കുപറ്റി. ഷഹനാസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്ഐആർ കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുന്നു: സണ്ണി ജോസഫ്

പാർട്ടികളുടെ നിർദേശം വകവയ്ക്കാതെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 55 ലക്ഷം വോട്ടർമാർക്ക് പ്രയാസമുണ്ടാക്കുന്ന നടപടിയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം പ്രഹസനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കൊല്ലത്ത് ബന്ധുവിനെയും സുഹൃത്തിനെയും വെട്ടി പരിക്കേൽപ്പിച്ചു

കൊല്ലത്ത് പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ബന്ധുവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചു. മഹേന്ദ്രന്റനും ശ്രീതുവിനുമാണ് വെട്ടേറ്റത്. അഞ്ചൽ കോക്കാട് സ്വദേശികളായ സുനീഷ്, ജയദേവ് എന്നിവരാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയെ അഞ്ചൽ സ്വദേശി സുനീഷ് ശല്യം ചെയ്തത് മഹേന്ദ്രൻ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹേന്ദ്രന്റനെയും ശ്രീതുവിനെയും സുനീഷും സുനീഷിന്റെ സുഹൃത്തായ ജിത്തുവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതികൾ പൊലീസ് പിടിയിൽ.

തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം മലയ വിളയിൽ യുവാവിന് വെട്ടേറ്റു. വെട്ടേറ്റത് മലയവിള സ്വദേശി അജയിനാണ് വേട്ടേറ്റത്. പ്രശാന്ത്, അരുൺ എന്നിവരാണ് ആക്രമിച്ചത്. മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടയിൽ ഉണ്ടായ തർക്കമാണ് പ്രകോപനം

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ട്രെയിൻ നിർത്തിയിട്ടു

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗളുരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. മറ്റൊരു ലോക്കോ പൈലറ്റ് എത്തി ട്രെയിൻ യാത്ര തുടർന്നു. വൈകീട്ട് 3.55 നായിരുന്നു സംഭവം.

ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര നേതാക്കളായ രണ്ടുപേരെയാണ് വധിച്ചത്. രാജു ദാദ എന്നറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഢി, കോസ ദാദ എന്നറിയപ്പെടുന്ന സത്യനാരായണ റെഡ്ഢി എന്നിവരാണ് കൊല്ലപ്പെട്ടത്. നടന്നത് ഏറ്റുമുട്ടലാണെന്നും വലിയ ആയുധശേഖരം ഉൾപ്പടെ കണ്ടെടുത്തിട്ടുണ്ടെന്നും സുരക്ഷാ സേന വ്യക്തമാക്കി

കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ

കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം ആലപ്പുഴയിൽ പിടിയിൽ. ചെറിയനാട് സ്വദേശി ജയപ്രകാശ് ആണ് പിടിയിൽ ആയത്. 1994 ൽ ചെറിയനാട് കുട്ടപ്പ പണിക്കർ കൊലപാതക കേസിലെ പ്രതിയാണ് പിടിയിലായ ജയപ്രകാശ്. വിദേശത്തു നിന്ന് നാട്ടിൽ എത്തിയ പ്രതിയെ ചെന്നിത്തലയിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. വൈകിട്ട് 5 മണിയോടെയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്. സൈബർ ഡോം അന്വേഷണം ആരംഭിച്ചു.

ഇടുക്കിയിൽ മ്ലാവിനെ പുലി കടിച്ചെടുത്ത് മരത്തിൽ തൂക്കി

ഇടുക്കി വണ്ടിപ്പെരിയാറിലെ ജനവാസമേഖലിയിൽ പുലി. മ്ലാവിനെ പുലി കടിച്ചെടുത്ത് മരത്തിൽ തൂക്കി. തോട്ടം തൊഴിലാളികൾ വിവരം വനം വകുപ്പിനെ അറിയിച്ചതോടെ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.

കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ മൂന്നാം പ്രതിയുടെ വീട്ടിൽ പൊലീസ് പരിശോധന

സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ മൂന്നാം പ്രതിയുടെ വീട്ടിൽ പൊലീസ് പരിശോധന. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസിർ ഇടപ്പാള്ളിന്റെ മലപ്പുറത്തെ വീട്ടിലാണ് പരിശോധന. ഇയാൾ വിദേശത്തു എന്നാണ് വിവരം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കൈമാറും.

നെല്ലിയാമ്പതി ജനവാസ മേഖലയിൽ ചില്ലിക്കൊമ്പൻ

പാലക്കാട് നെല്ലിയാമ്പതി ജനവാസ മേഖലയിൽ ചില്ലിക്കൊമ്പൻ. വൈകീട്ടാണ് ആന തീറ്റതേടി ജനവാസ മേഖലയിലെത്തിയത്. വില്ലേജ് ഓഫീസിനോട് ചേർന്നും, തൊഴിലാളികളുടെ പാഡിക്കരികിലുമാണ് ആനയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാടുകയറ്റി.

പാരമെഡിക്കൽ വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

തൃശൂരിൽ പാരമെഡിക്കൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ പിലാക്കാട് ഗോവിന്ദൻ ഉഷാ ദമ്പതികളുടെ മകൾ ഗ്രീഷ്മ (24) യെയാണ് വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഞായറാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചെറുതുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു.

നെന്മേനിയില്‍ ഗോത്ര വിഭാഗത്തില്‍പെട്ട വയോധികന്‍ തൂങ്ങി മരിച്ചു

വയനാട് നെന്മേനിയില്‍ ഗോത്ര വിഭാഗത്തില്‍പെട്ട വയോധികന്‍ തൂങ്ങി മരിച്ചു. കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. ബാങ്ക് വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

SCROLL FOR NEXT