NEWSROOM

മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരുന്ന പാര്‍ക്കിലെ മണ്ണിടിഞ്ഞു

ഇന്നത്തെ പ്രധാന വാർത്തകൾ...

ന്യൂസ് ഡെസ്ക്

ഇന്ന് അവധി 

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

മോശം കാലാവസ്ഥ: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ് വൈകി

മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ് വൈകി. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന വിമാനം ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് ലാന്‍ഡ് ചെയ്തത്. കുവൈറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ ലാന്‍ഡിങ്ങാണ് വൈകിയത്. 6.15 ന് ലാന്‍ഡ് ചെയ്യേണ്ട വിമാനം ഏഴുമണിയോടെയാണ് ലാന്‍ഡ് ചെയ്തത്.

പൊന്‍മുടി സന്ദര്‍ശനം നിരോധിച്ചു

പ്രതികൂല കാലാവസ്ഥ കാരണം പൊന്‍മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തിരുവനന്തപുരം അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ഇടുക്കി നെടുങ്കണ്ടത്ത് മണ്ണിടിച്ചില്‍

നെടുങ്കണ്ടത്ത് മണ്ണിടിച്ചിലില്‍ രണ്ടേക്കര്‍ സ്ഥലം ഒലിച്ചു പോയി. കുട്ടന്‍കവല സണ്ണി, അനീഷ് എന്നിവരുടെ സ്ഥലമാണ് ഒളിച്ചുപോയത്. പ്രദേശത്ത് രാത്രി ശക്തമായ മഴയാണ് പെയ്തത്

മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ലക്ഷങ്ങളുടെ കൃഷിനാശം

തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതി. കനത്ത മഴയില്‍ വെങ്ങാനൂര്‍ ചാവടിനട വയലില്‍ വ്യാപക കൃഷി നാശം. 15 ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. ആക്കുളം ജംഗ്ഷന് സമീപം റോഡില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപെട്ടു. വെള്ളത്തിലകപ്പെട്ട നിരവധി വാഹനങ്ങള്‍ കെട്ടിവലിച്ചാണ് മാറ്റിയത്. വാഹനങ്ങല്‍ വഴി തിരിച്ചുവിടുകയാണ്.

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,കോട്ടയം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരുന്ന പാര്‍ക്കിലെ മണ്ണിടിഞ്ഞു

തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരുന്ന പാര്‍ക്കിലെ മണ്ണിടഞ്ഞു. ഉദ്ഘാടനം ചെയ്യാനിരുന്ന ഇരട്ടക്കുളം പാര്‍ക്കിലെ മണ്ണാണ് ഇടിഞ്ഞത്. കാട്ടാക്കട വിളപ്പില്‍ ക്ഷേത്രത്തിനു സമീപം 58 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച പാര്‍ക്കാണ് തകര്‍ന്നത്.

തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരത്ത് മേലാറന്നൂർ ആറന്നൂർ ലൈനിലും, കാട്ടാക്കടയിലും വീടുകളിൽ വെള്ളം കയറി. മേലാറന്നൂറിലെ വീട്ടിൽ വെള്ളം കയറിയതിന് പിന്നാലെ ബേബി (72) യെ ഫയർ ഫോഴ്സ് വീട്ടിൽ നിന്നും രക്ഷപ്പെടുത്തി. കാട്ടാക്കടയിലെ അഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇതോടെ 20 ഓളം കുടുംബാംഗങ്ങൾ ദുരിതത്തിലായി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി.

"കൂടുതൽ ശ്രദ്ധ ചെലുത്തണം"

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റ് തന്നെ നീക്കും. ഫയർഫോഴ്സിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും അവർക്ക് ആവശ്യമായ നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

മങ്കയം ഇക്കോ ടൂറിസത്തിന് നിരോധനം 

പ്രതികൂല കാലാവസ്ഥ കാരണം മങ്കയം ഇക്കോ ടൂറിസം ഇന്ന് മുതൽ (26. 9. 2025) ഇനി ഒരു നിർദേശം ഉണ്ടാകുന്നതുവരെ അടച്ചിടേണ്ടതാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

മഴ വടക്കൻ കേരളത്തിലേക്ക് 

മഴ വടക്കൻ കേരളത്തിലേക്കെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല.

നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെയ്യാർ ഡാമിൻറെ നാല് ഷട്ടറുകൾ ഉയർത്തും. 10 സെൻ്റീമീറ്റർ വീതം 4 ഷട്ടറുകളാണ് ഉയർത്തുക. ഡാമിൻ്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഒനിയൻ പ്രേമൻ വധക്കേസ്: ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 9 പ്രതികളെ വെറുതെവിട്ടു

സിപിഐഎം പ്രവർത്തകൻ ഒനിയൻ പ്രേമൻ വധക്കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരായ ഒൻപത് പ്രതികളെ വെറുതെ വിട്ടു. 2015 ഫെബ്രുവരി 25നാണ് പ്രേമൻ ആക്രമിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകർ ഇരുകാലുകളും വെട്ടിപ്പരിക്കൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രേമൻ കൊല്ലപ്പെട്ടു.

SCROLL FOR NEXT