കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കൗൺസിലർ ഗ്രേസി ജോസഫിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്.
താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. മെമ്മറി കാർഡ് വിഷയത്തിലെ അന്വേഷണ കമ്മിറ്റിയിലും ഇന്ന് അന്തിമ തീരുമാനമാകും. അഞ്ച് അംഗ കമ്മിറ്റിയിൽ ആരൊക്കെ വേണം എന്ന ചർച്ചയിൽ കഴിഞ്ഞ കമ്മിറ്റിയിൽ തർക്കം ഉണ്ടായിരുന്നു. മല്ലിക സുകുമാരൻ, ജഗദീഷ്, ദേവൻ തുടങ്ങിയവർ കമ്മിറ്റിയിൽ വേണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എതിർത്തിരുന്നു. ഇന്ന് ചേരുന്ന കമ്മിറ്റി ഇക്കാര്യങ്ങളിൽ വീണ്ടും ചർച്ച നടത്തും.
ഡെറാഡൂൺ മിലിറ്ററി അക്കാദമിയിലെ സിമ്മിങ് പൂളിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനാണ് ജീവൻനഷ്ടമായത്. ദാരുണസംഭവം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടെ.
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത കൂടുതൽ. പുതിയ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുക്കും. സംഘടനാ റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയും. പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
നേപ്പാളിലെ കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളികളായ വിനോദസഞ്ചാരികൾ നാളെ നാട്ടിലേക്ക് മടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 40 അംഗ മലയാളി സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. വിമാന സർവീസുകൾ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മടക്കം. കാഠ്മണ്ഡുവിൽ വിമാനമാർഗം ബെംഗളൂരുവിലെത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മലയാളി സംഘം നേപ്പാളിൽ എത്തിയത്. നേപ്പാളിലെ പോഖ്രയിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഗോശാലയിൽ കുടുങ്ങുകയായിരുന്നു.
എറണാകുളത്ത് മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് യുവാവിന്റെ മൂന്നര ലക്ഷം രൂപ കവർന്നു. പാലമറ്റം സ്വദേശി മെബിൻ എമേഴ്സിനാണ് പണം നഷ്ടമായത്. മെബിന്റെ വിദേശ നമ്പറിലേക്ക് വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണ് പണം നഷ്ടമായത്. ബാങ്ക് സ്റ്റേറ്റ്മെൻറ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മെബിന് മനസിലായത്. ആലുവ സൈബർ പൊലീസിൽ പരാതി നൽകി.
എറണാകുളം അങ്കമാലിയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്നും തുടരും. ഇന്ന് മുതൽ സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. കൂലിവർധന ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ ഉയർത്തിയാണ് തൊഴിലാളികൾ സമരം നടത്തുന്നത്. തൊഴിലാളികളുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു.
ഇന്നലെ ബസ് തല്ലി പൊളിക്കുകയും ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്ത തൊഴിലാളികൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ വൈകിട്ട് അങ്കമാലി ടിബി ജങ്ഷനിൽ വെച്ചാണ് സമരനുകൂലികൾ ബസ് തല്ലി പൊളിച്ചത്. സമരം ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം.
കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന് ഇന്ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവനനിര്‍മ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയാകും.
പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. രണ്ടായിരത്തിലധികം ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചത്. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 111 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,585 പേർ കഴിയുന്നുണ്ട്.
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ഒരാഴ്ചയോളം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പൊതു പരിപാടികളിൽ പങ്കെടുക്കുന്ന എം പി പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ പാതയും, കല്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സന്ദർശിക്കും. നാളെ മുത്തങ്ങയിൽ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുമായി ചർച്ച നടത്തും.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
അതേസമയം, സരോവരത്തെ ചതുപ്പിലെ തെരച്ചിൽ ഇന്നും തുടരും. നാലുദിവസത്തെ തിരച്ചിലിനിടെ കണ്ടെത്താനായത് വിജിലിന്‍റേതെന്ന് കരുതുന്ന ഷൂ മാത്രം.
കൊടുവള്ളി എംഎല്‍എ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. വിദഗ്ധ സംഘത്തിൻ്റെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ഡോക്ടർ സംഘവുമായി ആരോഗ്യമന്ത്രി ഫോണിൽ സംസാരിച്ചു.
ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ വിമർശനം. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് തെറ്റായിപ്പോയെന്ന് കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ പലപ്പോഴും മനസിലാവുന്നില്ല. ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം.
ചുരുളിക്കൊമ്പൻ എന്ന PT5 കാട്ടാനയുടെ ആരോഗ്യം മോശമെന്ന് വനം വകുപ്പ്. ആനയെ വനം വകുപ്പിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. കാഴ്ചാപരിമിതിക്കൊപ്പം ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ആനക്ക് അധിക ദൂരം നടക്കാൻ കഴിയുന്നില്ലെന്നും, തീറ്റയും വെള്ളവും എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ജയിലറെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ അസി. പ്രിസൺ ഓഫീസർ ബർസാത്ത് (29) ആണ് മരിച്ചത്.
വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നൈറ്റ് ഡ്യൂട്ടിക്കിടെ റൂമിൽ കയറി രതീഷ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ആരോപണവിധേയനായ രതീഷിനെ കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റി.
ഇടുക്കി മറയൂരിൽ ട്രാവലർ മറിഞ്ഞ് മൂന്നുപേർക്ക് ഗുരുതര പരിക്ക്. സാനിക, അർണബ്, രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. മാല കിട്ടിയ വിവരം ഓമനയും മകളും എസ്ഐയോട് പറഞ്ഞിരുന്നു. എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്ന മറുപടിയാണ് പൊലീസ് നൽകിയത്. കൂടാതെ മാല കിട്ടിയത് ചവറ്റുകുട്ടയിൽ നിന്നാണ് എന്ന് പറയാൻ പൊലീസ് നിർദേശിച്ചുവെന്നും റിപ്പോർട്ട്.
നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതോടെ സേവക് സൊസൈറ്റി മുഖാന്തരമുള്ള 19 സെക്യൂരിറ്റിക്കാരെ പിരിച്ചുവിട്ടു. മുൻകൂർ അറിയിപ്പ് നൽകാതെ ഈ മാസം 10നാണ് ജീവനക്കാരെ പിരിച്ച് വിട്ട് ഉത്തരവ് ഇറക്കിയത്. ജോലി നഷ്ടപ്പെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാർ. എക്സ് മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതർ നിലനിർത്തിയത്.
വിജയദശമി, മഹാനവമി അവധി ദിനത്തിൽ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. ബാംഗ്ലൂർ, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ അനുവദിച്ചത്. ഈ മാസം 25 മുതൽ അടുത്തമാസം 14 വരെയാണ് അധിക സർവീസുകൾ നടത്തുക. സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഗവേഷക വിദ്യാർഥിയുടെ ലൈംഗികാതിക്രമ പരാതിയിൽ വേടനെ പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് വേടൻ പറഞ്ഞു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കാസർഗോഡ് കുറ്റിക്കോലിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പയന്തങ്ങാനത്തെ ഓട്ടോ ഡ്രൈവർ സുരേഷ് കുമാറാ മരിച്ചത്. ഭാര്യ സിനി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്. നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.
കപ്പലണ്ടി വിറ്റ് നടന്ന എം. കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിൻ്റെ സ്വര്‍ണപ്പാളി ഇളക്കിക്കൊണ്ടുപോയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളി അടിയന്തിരമായി തിരികെയെത്തിക്കേണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നൽകി. 2018 മുതലുള്ള മഹസര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളത്തിൽ യാഥാർഥ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായി. 5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും, സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സർക്കാർ നഗരവൽക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബ്‌ദസംഭാഷണത്തിൻ്റെ ആധികാരികയിൽ സംശയമുണ്ടെന്ന് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദസംഭാഷണത്തിൽ പറയുന്ന പാർട്ടി നേതാക്കൾ എല്ലാവരും ഗുരുതുല്യരാണ്. ശബ്ദ സംഭാഷണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് സംശയമുണ്ടെന്നും ശരത് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പുൽപ്പള്ളി തങ്കച്ചൻ കള്ളക്കേസിൽ ആരോപണ വിധേയൻ ജീവനൊടുക്കി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടമാണ് ജീവനൊടുക്കിയത്. വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
കോൺഗ്രസിന് അകത്ത് നിന്നുതന്നെ കോൺഗ്രസിനെ ശരിയാക്കുന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രീതിയെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമുണ്ട്. പുതിയ സാഹചര്യത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുലും കോൺഗ്രസും ചേർന്നാണ്. നിയമസഭയിൽ അനുവദനീയമായ പ്രതിഷേധമുണ്ടാകുമെന്നും എം.വി. ജയരാജൻ പറഞ്ഞു.
സിക്കിമിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും നാലുപേർ മരിച്ചു. യാങ്താങ് മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേർ മരിച്ചത്. മൂന്നുപേരെ കാണാനില്ല. അപകടമേഖലകളിൽനിന്ന് നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു. ഇന്നും നാളെയും സിക്കിമിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബര്‍ ക്രൈം നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇടക്കാല സംരക്ഷണം റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നടപടി. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ടി.പി. നന്ദകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
തൃശൂർ സിപിഐഎം മണ്ണുത്തി ഏരിയാ നേതൃത്വത്തിനെതിരായ അഴിമതി ആരോപണത്തിൽ ഡിവൈഎഫ്ഐ നേതാവ് നിബിൻ ശ്രീനിവാസിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി. നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ നിബിനിയൊണ് ഏരിയ നേതൃത്വം പുറത്താക്കിയത്. വ്യക്തിപരമായി തനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് നിബിൻ.
കൊടുവള്ളി എംഎല്‍എ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്ധ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ് മുനീർ.
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണികത്ത് ലഭിച്ചത്.. ഭീഷണിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമായത്. സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള പാനൽ അവതരിപ്പിച്ചു. 103 അംഗ സംസ്ഥാന കൗൺസിൽ. 10 ക്യാൻഡിഡേറ്റ് അംഗങ്ങൾ. 100 പേർ പാർട്ടി കോൺഗ്രസ് പ്രതിനിധികൾ.
തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് വീണ് സ്ത്രീ മരിച്ചു. വേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കടക്കാവൂർ സ്വദേശി അനിതയാണ് മരിച്ചത്. തുമ്പ പൊലീസ് പ്രാഥമിക നടപടികൾ ആരംഭിച്ചു.
ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വണ്ണപ്പുറത്തെ പെട്രോൾ പമ്പിന് മുൻവശം ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തൊടുപുഴയിൽ നിന്ന അഗ്നി രക്ഷ സേന എത്തി തീയണക്കാൻ ശ്രമം നടത്തുന്നു.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ മകന് മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം ന്യൂസ് മലയാളത്തോട്. അസ്ഥി കണ്ടെടുത്തെങ്കിലും പൊലീസിൽ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. രണ്ടു പ്രതികളും വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളാണ്. വിജിലിനെ കാണാതായതു മുതൽ ഇവർ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.പ്രതികൾ അന്വേഷണം വഴിമാറ്റാൻ ശ്രമിക്കുന്നതായി വിജിലിന്റെ കുടുംബം പറഞ്ഞു.
കേരള കോൺഗ്രസ് യുഡിഎഫ് വിട്ടുപോയ പാർട്ടിയല്ല, അർഹതയില്ലെന്ന് പറഞ്ഞ് പുറത്താക്കിയതാണ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുപക്ഷത്ത് നിന്ന് ന്യൂനപക്ഷങ്ങൾ അകലുന്നു എന്ന് കരുതുന്നില്ലെന്നും ന്യൂനപക്ഷവും ഭൂരിപക്ഷവും എല്ലാം കൂടുന്നതാണ് കേരള രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേർത്തിണക്കി കൊണ്ടുപോവുകയാണ് ഇടതുപക്ഷം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്ത് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം. സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമായത്.
ജനങ്ങളുടെ ചോര കുടിച്ചു വീർത്ത അട്ടകളായി സിപിഐഎം നേതാക്കൾ മാറിയെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. സ്വന്തം കുടുംബത്തിൻ്റെ സാമ്പത്തിക ആസ്തി വർധിപ്പിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. നിരവധി സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പ് സിപിഐഎം നേതാക്കൾക്ക് വേണ്ടി നടത്തിയിട്ടുള്ളതാണ് എന്ന് ഈ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാക്കുകയാണ് എന്നും മുരളീധരൻ പറഞ്ഞു.
വയനാട്ടിലെ കോൺഗ്രസ് കൊലയാളി പാർട്ടിയായി മാറിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യ ഞെട്ടിക്കുന്നതാണ്. പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുന്നത് നേതാക്കളുടെ സ്ഥിരം ശൈലിയാണെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ. റഫീഖ് പറഞ്ഞു.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത്, ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡൻ്റിനെ തരംതാഴ്ത്തി സിപിഐഎം. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. പ്രമീളയ്‌ക്കെതിരെയാണ് പാർട്ടിതല നടപടി സ്വീകരിച്ചത്. ലോക്കൽ കമ്മിറ്റി അംഗമായകമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റിയുടേതാണ് നടപടി.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് എം. കെ. കണ്ണൻ. 100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, പിന്നെ ഏത് ബാങ്കിലാണ് തൻ്റെ കോടികൾ ഉള്ളത് എന്നാണ് കണ്ണൻ ചോദിച്ചത്. മണ്ണൂത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നു. നടത്തറയിലെ സഹകരണ സംഘങ്ങൾ സംബന്ധിച്ച് അത്തരമൊരു ആക്ഷേപവും തനിക്കില്ലെന്നും കണ്ണൻ വ്യക്തമാക്കി.
തൃശൂരിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ ഗൗരവതരമെന്ന് കോൺഗ്രസ് അനിൽ അക്കര. ശരത്തിന്റെ സംഭാഷണത്തിൽ ഞെട്ടലില്ല. സിപിഐഎം നേതാക്കളുടെ അനധികൃത സമ്പാദ്യം പാർട്ടിയിലെ ഒരു വിഭാഗം യുവ നേതാക്കൾ അനുവദിക്കുന്നില്ല. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആദയ നികുതി വകുപ്പിന് പരാതി നൽകിയെന്നും അനിൽ അക്കര പറഞ്ഞു.
ശരത്തിന്റെ ഓഡിയോയിൽ പറയുന്നവരുടെ കാര്യത്തിൽ വിജിലൻസ് ഡയറക്ടർ കേസെടുക്കണം. ലൈഫ് മിഷൻ ഇടപാടിൽ എ.സി. മൊയ്‌തീൻ കോടികൾ കൈപ്പറ്റിയിട്ടുണ്ട്. വിഷയത്തിൽ സിബിഐ അന്വേഷിച്ചാൽ മൊയ്തീൻ രണ്ടാം പ്രതിയാകും. അഴിമതി കേസുകളിൽ ഇഡി അന്വേഷണം നിർത്തിയത് നേതാക്കളെ രക്ഷിക്കാനാണെന്നും അനിൽ അക്കര പറഞ്ഞു.
സുരേഷ് ഗോപിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച. ഔദ്യോഗിക വാഹനം കാണാതെ വന്നതോടെ കേന്ദ്രമന്ത്രി ഓട്ടോറിക്ഷയിൽ മടങ്ങി. പൊലീസ് അകമ്പടി വാഹനവും ഒപ്പം ഉണ്ടായിരുന്നില്ല. തൃശൂർ എലൈറ്റ് ഹോട്ടൽ സംഘടിപ്പിച്ച ഓണപ്പൊലിമ പരിപാടിയിൽ നിന്നും മടങ്ങവെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.
മലപ്പുറത്ത് ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോവാത്ത വിദ്യർഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചു. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്‌എസിലെ പത്താംക്ലാസുകാരനെയാണ് ടീച്ചർ ക്രൂരമായി തല്ലിയത്. ഇന്നലെ രാവിലെയാണ് കുട്ടി മർദനത്തിനിരയായത്.
പേരൂർക്കട വ്യാജ മാലമോഷണക്കേസിൽ ഓമന ഡാനിയലിൻ്റെ മകൾ നിഷയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്/എസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.
കെ. ഇ. ഇസ്മയിലിൻ്റേത് കൊച്ചു കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊച്ച് കൊച്ച് കാര്യങ്ങളെ അങ്ങനെ കണ്ടാൽ മതി. പഴയവർ മാറിയാലെ പുതിയ വർക്ക് ഇടമുണ്ടാകൂ. താനും നാളെ മാറി നിൽക്കേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തൃശൂരിലെ സിപിഐഎം വലിയ അധോലോക മാഫിയ ആണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ശരത്തിൻ്റെ ആരോപണം ഗുരുതരമാണ്. സഹകരണ മേഖലയില പണം ഇവർ കൊള്ളയടിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണം എന്ന് ബിജെപി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കി. ചിറയിൻകീഴ് സ്വദേശി അനഘ സുധീഷാണ് മരിച്ചത്. ഇന്ന് രാവിലെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമില്ല എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർഥി സംഘടന നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കി. തൃശൂരിലെ കെഎസ്‌യു നേതാക്കളെയാണ് വടക്കാഞ്ചേരി പൊലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത്. എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പ്രതികളായ ഗണേഷ് ആറ്റൂർ, അൽഅമീൻ , അസ്ലം കെ. എ. എന്നിവരാണ് കേസിൽ അറസ്റ്റിൽ ആയത്.
സിപിഐ സംസ്ഥാന സമ്മേളന വേദിയിലെത്തി കെ. ഇ. ഇസ്മയിൽ. എൻ്റെ പാർട്ടിയുടെ സമ്മേളനമാണെന്നും, എന്നെ ഞാനാക്കിയ പാർട്ടിയാണെന്നും ഇസ്മയിൽ പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ധാരാളം സഖാക്കളുണ്ട്. അവരെ കാണാനാണ് എത്തിയത് എന്ന് കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി.
ശബ്ദ സന്ദേശത്തിൻ്റെ ആധികാരികതയിൽ സംശയം എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ഓഡിയോയിൽ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തു പോയവർ ഗൂഢാലോചന നടത്തുന്നു എന്നും ശരത് പ്രസാദ് പറഞ്ഞു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിൽ ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോര്‍ഡിന് ഹൈക്കോടതി അനുമതി നൽകി. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിൻ്റെ വാദം കോടതി പരിഗണിച്ചില്ല. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ന്യൂനപക്ഷ സെമിനാർ ആത്മാർഥത ഇല്ലാത്ത തീരുമാനമെന്ന് തലശ്ശേരി ബിഷപ്പ്. ജോലി ചെയ്ത ക്രൈസ്തവ അധ്യാപകർക്ക് മാത്രം ശമ്പളം നൽകുന്നില്ല. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നീതിപൂർവമായ തീരുമാനങ്ങൾ എടുക്കുന്നില്ല. എന്താണ് സംഗമത്തെ കുറിച്ച് ഉദ്ദേശിക്കുന്നത് എന്ന് അറിയാത്തിടത്തോളം അഭിപ്രായം പറയേണ്ടതില്ലെന്നും മാർ ജോസഫ് പാംബ്ളാനി അറിയിച്ചു.
കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ലോറി അഞ്ചു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം ഗ്രേഡ് എസ്ഐ അയ്യപ്പനടക്കം ആറ് പേർക്ക് പരിക്കേറ്റു.
പാലക്കാട് നെന്മാറയിൽ വിവാഹ അഭ്യർഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.
മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ടു. ദേവികുളം ഇരച്ചിൽ പാറയിലാണ് സംഭവം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ വെയിറ്റിങ് ഷെഡ് തകർത്ത് ഇടിച്ചു നിൽക്കുകയായിരുന്നു.
ഹെലികോപ്റ്റർ ലഭിക്കാത്തതിനെ തുടർന്ന് പതിമൂന്ന് വയസുകാരിക്ക് വേണ്ടിയുള്ള ജീവൻ രക്ഷാദൗത്യം വന്ദേഭാരതിൽ. കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന് കുട്ടിയെ ട്രെയിൻ ഉടൻ എറണാകുളം ലിസി ഹോസ്പിറ്റലിൽ എത്തിക്കും.
രാഹുൽ മാങ്കുട്ടത്തിലിന് വായിക്കാനുള്ള ബുക്കും കഴിക്കാനുള്ള മരുന്നും അയച്ചുകൊടുത്ത് പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഓഷോയുടെ സ്ത്രീയും മരുന്നുമാണ് അയച്ചുകൊടുക്കുന്നത്.
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങുമിട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതിന് പിന്നാലെ പുറത്താക്കിയ എസ്‌സി-എസ്‌ടി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം. ജില്ല കളക്ടർ തൊഴിലാളി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. 19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ് നൽകി.
കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയായ റാപ്പിഡ് റെയിലിന്റെ സാധ്യത തുറന്ന് കേന്ദ്രം. കേരളം ഡിപിആർ സമർപ്പിച്ചാൽ സഹകരിക്കുമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറ്റ അനുയായി ചാർളി കെർക്കിന്‍റെ കൊലയാളി പിടിയിലായെന്ന് സൂചന. ഫോക്സ് ന്യൂസ് അഭിമുഖത്തിനിടെയാണ് ട്രംപ് സൂചന നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലെന്ന് ട്രംപ് പറഞ്ഞു. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും. കെർക്ക് മകനെപ്പോലയാണെന്നും, കൊലയാളിക്ക് തൂക്കുകയർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രംപ് പറഞ്ഞു.
തിരുവനന്തപുരം ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 844 രൂപ അടയ്ക്കാൻ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതി ഇല്ലാത്തതിനാൽ ജനകീയ ആരോഗ്യ കേന്ദ്രം പൂട്ടി.
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത്. സന്ദർശക സമയം കഴിഞ്ഞാണ് ഇവർ എത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 10 വയസ്സുകാരിയായ മലപ്പുറം അരീക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും പ്രാദേശിക കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യക്ക് കാരണം സിപിഐഎമ്മിന്റെ വ്യക്തിഹത്യയെന്ന് വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ. സിപിഐഎം പൊതുയോഗത്തിൽ അസഭ്യം പറഞ്ഞ് ആക്ഷേപിച്ചു. അതിൽ ജോസിന് വലിയ മാനസികപ്രയാസം ഉണ്ടായെന്നാണ് ലഭിച്ച വിവരം. കോൺഗ്രസിലെ വിഭാഗീയതയുടെ പേരിൽ അല്ല മരണമെന്നും എൻ.ഡി. അപ്പച്ചൻ.
തൃശൂരിൽ രാവിലെ ഉണ്ടായത് സുരക്ഷാ വീഴ്ച അല്ലെന്ന് സുരേഷ് ഗോപി. പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കണ്ടില്ല. അതുകൊണ്ടാണ് ഓട്ടോറിക്ഷയിൽ കയറി പോയത്. താൻ പണ്ടും അങ്ങനെ തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു.
ചിത്രം കാന്താര 2വിന് കേരളത്തിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വിലക്ക് നീക്കിയത്. ആദ്യ ആഴ്ചയിൽ 55% തീയേറ്റർ ഷെയർ നൽകാമെന്ന ധാരണയിലാണ് ഒത്തുതീർപ്പായത്.
താരസംഘടന 'അമ്മ'യിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവൻ, ശ്രീദേവി, അഡ്വക്കേറ്റ് ആശ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനം.
അങ്കമാലി കറുകുറ്റിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. രാത്രി 8:30 ഓടെ കണ്ണൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ ആണ് ഇടിച്ചത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നെഹ്റു ട്രോഫി വള്ളംകളി ഫൈനൽ ഫലത്തിലെ തർക്കത്തിന് താൽക്കാലിക പരിഹാരം. ഫൈനലിലെ നിലവിലുള്ള സ്ഥാനങ്ങൾ തുടരും. ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടേതാണ് തീരുമാനം. 1 മുതൽ 9 വരെ സ്ഥാനത്തുള്ള ചുണ്ടനുകൾക്ക് സിബിഎല്ലിൽ പങ്കെടുക്കാനും അനുമതി.
കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ വീടിനോടു ചേർന്ന് കള്ളതോക്ക് നിർമാണം. മൂന്ന് നാടൻ തോക്കുകൾ പിടികൂടി. സംഭവത്തിൽ ആമ്പല്ലൂർ ഉണ്ണി എന്നയാളെ തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
മുൻ യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണാ ജോർജ്. കോർണിയാ അൾസർന് കാരണം അമീബ ആണെന്ന് അന്ന് കണ്ടെത്തി. യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. അവരാണ് ഇന്ന് എല്ലാം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ജലാശയത്തിൽ കുളിക്കുന്നവർക്ക് മാത്രമല്ല കിണർ വെള്ളത്തിലും ഉണ്ടെന്ന് കണ്ടെത്തിയത് ഈ സർക്കാരാണ്. അതനുസരിച്ച് മാനദണ്ഡങ്ങളിലും മാറ്റം വരുത്തി ക്യാമ്പയിനും തുടങ്ങിയെന്ന് വീണാ ജോർജ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സ്പീക്കറെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിവരമാണ് അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സ്പീക്കർക്ക് കത്ത് നൽകിയത്.