ജന്തർ മന്തറിൽ ഇൻ്റർനെറ്റ് വിഛേദിച്ചതിരെ കെ.സി. വേണുഗോപാൽ. പോലീസിൻ്റെ അതിക്രമം പുറം ലോകം അറിയാതിരിക്കാനാണ് ഇൻ്റർനെറ്റ് വിഛേദിച്ചതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.
ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണം. അല്ലെങ്കിൽ മോദി ഒറ്റപ്പെടുമെന്നും എം.എ. ബേബി പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവതയുടെ ക്ഷേമത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് മോദിയുടെ എക്സ് പോസ്റ്റ്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ തുടരും. ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും മോദി.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയെന്ന് വിജിലന്‍സ്. ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിൽ കുടുങ്ങിയത് നിരവധി ഉദ്യോഗസ്ഥർ. 30 ഉദ്യോഗസ്ഥർ 45 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തൽ. തൃശൂർ കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ എത്തിയത് 21 ലക്ഷത്തിലധികം രൂപ.
വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യപിച്ച് മുബൈയിൽ ഹർത്താൽ. വഞ്ചിത് ബഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ.
പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ മുൻ സിപിഐഎം നേതാവ് ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡ് കത്തി നശിച്ചു. തീയിട്ടതെന്ന് സംശയം. ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനാണ് തീപിടിച്ചത്. നേരത്തെ പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാറിന് തീയിട്ടിരുന്നു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാറും ഗൗരവും ആണ് അറസ്റ്റിലായത്. യു.പി- ഡൽഹി അതിർത്തി പ്രദേശത്ത് നിന്നും ആണ് ഇവർ പിടിയിലായത്. 3 കോടി നൽകിയാൽ മന്ത്രി സ്ഥാനം നൽകാമെന്ന് ആയിരുന്നു വാഗ്ദാനം.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ. വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു.
പ്ലസ്ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണയാണ് മാറ്റിവച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ശബരിമല സ്വർണമോഷണ കേസിൽ തൻ്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി.എസ്. പ്രശാന്ത്. മുൻ ബോർഡിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദം. 2025ൽ ദ്വാരപാലക ശിൽപങ്ങൾ നവീകരണത്തിനായി കൊണ്ടുപോയതിൽ ദേവസ്വത്തിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അഴിമതി പുറത്തുകൊണ്ടുവന്ന തങ്ങളെ ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കുകയാണെന്നും പ്രശാന്ത്.
വിജയ് ചിത്രം 'ജന നായകന്' വൻ സ്വീകരണം ഒരുക്കി ആരാധകർ. പാട്ടും നൃത്തവുമായി റിലീസ് ആഘോഷമാക്കി പ്രേക്ഷകർ. സെൻസർ പ്രശനങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടത് ആറ് മാസത്തിലധികം.
സംസ്ഥാനത്ത് റേഷൻ കരിഞ്ചന്തയ്ക്ക് പൂർണമായി കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പിൻ്റെ നിർണായക നീക്കം. സ്വകാര്യ മില്ലുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കാനും പകരം സപ്ലൈകോയ്ക്ക് സ്വന്തമായി അരി മില്ലുകൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ സാധ്യതകൾ പഠിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആന്ധ്രാ പ്രദേശിലെത്തി.
കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്. തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. അതേസമയം ഇന്നലെ രാത്രിയും ഡൽഹി ടോൾസ്റ്റോയ് മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നാണ് പൊലീസിൻ്റെ ആരോപണം.
രാഹുൽ ഗാന്ധിക്ക് എതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ക്യാംപസുകളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.