NEWSROOM

'പള്ളിയില്‍ അടക്കണമെന്നത് അപ്പച്ചൻ്റെ ആഗ്രഹം'; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലോറന്‍സിന്റെ മക്കള്‍

അപ്പച്ചൻ പറഞ്ഞത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ ഫോൺ മാറിയതിനാൽ റെക്കോർഡിങ് നഷ്ടപ്പെട്ടുവെന്ന് സുജാത ബോബൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എം. എം. ലോറന്‍സിൻ്റെ  മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ലോറന്‍സിൻ്റെ പെൺമക്കൾ രംഗത്ത്. ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും മക്കളായ ആശ ലോറൻസും സുജാത ബോബനും പറഞ്ഞു. കള്ള സാക്ഷികളെയാണ് കോടതിയിൽ ഹാജരാക്കിയത്. 'പള്ളിയില്‍ അടക്കണമെന്നത് അപ്പച്ചൻ്റെ ആഗ്രഹമായിരുന്നു. അപ്പച്ചൻ പറഞ്ഞത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ ഫോൺ മാറിയതിനാൽ റെക്കോർഡിങ് നഷ്ടപ്പെട്ടുവെന്ന് സുജാത ബോബൻ പറഞ്ഞു. വായിച്ച് നോക്കാതെയാണ് സമ്മത പത്രത്തിൽ ഒപ്പിട്ടതെന്നും സുജാത കൂട്ടിച്ചേർത്തു.

എം. എം. ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മക്കളുടെ പ്രതികരണം. സെപ്‌തംബർ 21 നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് മരിച്ചത്. മതപരമായ മൃതദേഹ സംസ്‌കരണമാണ് തങ്ങള്‍ക്കാവശ്യം എന്ന് പെണ്‍മക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപ്പീൽ തള്ളി കൊണ്ടാണ് കോടതി ഉത്തരവിട്ടത്. 


എം.എം. ലോറന്‍സിന്റെ മൃതദേഹം എംബാം ചെയ്ത് വച്ചിരുന്നു. ഇനി ധൈര്യമായി കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ട് നല്‍കുമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ് അറിയിച്ചു. മറ്റൊരു എതിര്‍പ്പും ഇനി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പ്രതാപ് സോമനാഥ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ലോറന്‍സിൻ്റെ മകന്‍ അന്വേഷണ കമ്മീഷന് മുന്നില്‍ കൃത്യമായ സാക്ഷികളെയാണ് ഹാജരാക്കിയത്. ഇക്കാര്യം മെഡിക്കല്‍ കോളേജും കോടതിയെ അറിയിച്ചിരുന്നതായി പ്രതാപ് സോമനാഥ് പറഞ്ഞു.

SCROLL FOR NEXT