NEWSROOM

മുംബൈ കമ്മീഷണര്‍ എന്ന വ്യാജേന വീഡിയോ കോള്‍; വെര്‍ച്വല്‍ അറസ്റ്റ് നടത്താന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തെ നാടകീയമായി കുടുക്കി അഭിഭാഷക

ആഹാ മലയാളം ഒക്കെ നന്നായി അറിയാമല്ലോ എന്ന് താന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ കോള്‍ കട്ട് ചെയ്ത് പോയെന്നും അഭിഭാഷക പറയുന്നു.

Author : ന്യൂസ് ഡെസ്ക്

വെര്‍ച്വല്‍ അറസ്റ്റ് നടത്താന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തെ നാടകീയമായി കുടുക്കി അഭിഭാഷക. കൊല്ലത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറായ ഷറഫുന്നിസയില്‍ നിന്ന് പണം തട്ടാനായിരുന്നു തട്ടിപ്പ് സംഘം ശ്രമിച്ചത്. പൊലീസ് വേഷത്തില്‍ വീഡിയോ കോള്‍ വിളിച്ചയാളെ സൈബര്‍ സെല്‍ പിന്തുടര്‍ന്നതോടെ സംഘം മുങ്ങുകയായിരുന്നു.

തട്ടിപ്പ് സംഘം നിരന്തരം ശല്യം ആരംഭിച്ചതോടെയാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇവരെ കുടുക്കാന്‍ ഷറഫുന്നിസയും തുനിഞ്ഞിറങ്ങിയത്. ഷറഫുന്നിസയുടെ ബി.എസ്.എന്‍.എല്‍. നമ്പര്‍ ഉപയോഗിച്ച് മുബൈയില്‍ തട്ടിപ്പ് നടന്നെന്ന പേരിലായിരുന്നു പണം തട്ടാന്‍ ശ്രമം ആരംഭിച്ചത്.

വീഡിയോ കോളില്‍ മുംബൈ കമ്മീഷണറെന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാരന് ഭാരതീയ ന്യായ സംഹിതയെ കുറിച്ച് ക്ലാസെടുത്ത് കൊടുക്കുകയും ചെയ്തു ഷറഫുന്നിസ. 'നിങ്ങളുടെ പേരില്‍ ഒരു പരാതി മുംബൈ പൊലീസിന് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ ഐഡി ഉപയോഗിച്ച് ആരോ മുംബൈയില്‍ നിങ്ങളുടെ പേരില്‍ 10.12.24 ന് ഒരു സിം എടുത്ത് അതുപയോഗിച്ച് പലരുടെ പേരില്‍ നിന്നും പണം തട്ടുന്നു', എന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞതെന്ന് അഭിഭാഷക ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഷറഫുന്നിസയ്ക്ക് വരുന്ന കോളുകള്‍ സൈബര്‍ സെല്‍ വഴി നിരീക്ഷിക്കുന്നുവെന്ന് മനസിലാക്കിയ സംഘം ഒടുവില്‍ വാട്‌സ്ആപ്പ് വഴി വീഡിയോ കോള്‍ വിളിക്കുകയായിരുന്നു. ഇതേസമയം വാട്‌സ്ആപ്പ് കോളിന്റെ വിവരങ്ങളും സൈബര്‍ സെല്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവില്‍ തട്ടിപ്പിന്റെ കേന്ദ്രം കേരളാ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ സംഘം മുങ്ങി.

ഇത് തട്ടിപ്പാണെന്ന് തനിക്ക് ആദ്യം തന്നെ മനസിലായിരുന്നുവെന്നാണ് ഷറഫുന്നീസ പറയുന്നത്. ഇവരെ വട്ടം ചുറ്റിക്കാനായി താന്‍ സംഭാഷണം നീട്ടിക്കൊണ്ടു പോയെന്നും ഷറഫുന്നീസ പറയുന്നു. എന്തായാലും മുംബൈയില്‍ വരണം എന്നൊക്കെയാണ് തന്നോട് പറഞ്ഞത്. ഇത് പറഞ്ഞപ്പോള്‍ ഇനി കൊല്ലത്ത് നിന്ന് അങ്ങോട്ട് വരണോ എന്ന് താന്‍ അറിയാതെ മലയാളത്തില്‍ ചോദിച്ചു. ഈ സമയം തട്ടിപ്പ് നടത്തിയയാള്‍ കൊല്ലത്ത് എവിടെയാ വീട് എന്ന് തന്നോട് മലയാളത്തില്‍ ചോദിച്ചു. ആഹാ മലയാളം ഒക്കെ നന്നായി അറിയാമല്ലോ എന്ന് താന്‍ അങ്ങോട്ട് ചോദിച്ചപ്പോഴാണ് കോള്‍ കട്ട് ചെയ്ത് പോയതെന്നും അഭിഭാഷക പറയുന്നു.

ഇത്തരം ചതിക്കുഴിയില്‍ ആരും പെട്ട് പോകാതെ തട്ടിപ്പ് നേരിട്ടാല്‍ ഉടന്‍ പൊലീസ് സഹായം തേടിയാല്‍ ഫലം ഉണ്ടാകുമെന്ന സന്ദേശം കൂടി നല്‍കുകയാണ് അഭിഭാഷകയായ ഷറഫുന്നിസ.

SCROLL FOR NEXT