പാലക്കാട് നഗരസഭയിയിൽ സംഘർഷം. എൽഡിഎഫ്, ബിജെപി അംഗങ്ങൾ തമ്മിൽ കൗൺസിൽ യോഗത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നഗരസഭാ യോഗമായിരുന്നു ഇന്ന് നടന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ എവിടെപ്പോയെന്ന് എൽഡിഎഫ് അംഗങ്ങൾ ചോദിച്ചു. ഇതിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ ബഹളം വെച്ചതോടെയാണ് വാക്കേറ്റം തുടങ്ങിയത്. അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
അതേസമയം, കൊച്ചിയിൽ നടക്കുന്ന ബിജെപി നേതൃയോഗത്തിലും ഭിന്നത. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എ.എൻ. കൃഷ്ണദാസ് എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിന്നു. താൻ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെയാണ് എറണാകുളത്ത് യോഗം ചേരുന്നത്.
യോഗത്തിൽ പാലക്കാട് തോൽവിയുടെ പേരിൽ കെ. സുരേന്ദ്രന് എതിരെ വിമർശനത്തിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന. വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റാകാൻ ശ്രമിക്കുന്നു എന്ന വാർത്തയിൽ കെ.സുരേന്ദ്രനും അതൃപ്തിയുണ്ട്. അതേസമയം പാലക്കാട് നഗരസഭയിൽ ജയിക്കാൻ കോൺഗ്രസിനെതിരെ വെല്ലുവിളിയുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.