വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രചാരണം ചൂട് പിടിക്കുന്നു. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും പ്രചാരണ തിരക്കിലേക്ക് കടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് ലക്കിടിയിൽ സ്വീകരണം നൽകാനാണ് തീരുമാനം. 23ന് വയനാട്ടിലെത്തുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി അന്നാകും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മണ്ഡലത്തിലെത്തിയേക്കും.
നവംബർ 11 വരെ 7 മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് ഷോയിലും മറ്റു പ്രചാരണ പ്രവർത്തനങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ബിജെപിയും ഇന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപി കൂടി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിലെ പ്രചാരണം ശക്തമാകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശിനാണ് വയനാട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പ്രധാന ചുമതല.
യുഡിഎഫിൻ്റെ മണ്ഡലം കൺവെൻഷനുകൾ ഇന്നുച്ചയോടെയാണ് വയനാട്ടിൽ നടക്കുക. ബത്തേരിയിലും, കൽപ്പറ്റയിലും രാവിലെയും മാനന്തവാടിയിൽ ഉച്ച കഴിഞ്ഞുമാണ് യുഡിഎഫ് കൺവെൻഷനുകൾ നടക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ, മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വൈകിട്ട് മൂന്ന് മണിക്കാണ് വയനാട്ടിലെത്തുക. ലക്കിടിയിലെ സ്വീകരണ ചടങ്ങിന് ശേഷം റോഡ് ഷോ ആയി കൽപ്പറ്റയിലേക്ക് എത്തും. 24ന് കൽപ്പറ്റയിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വം നേരത്തെ ഉറപ്പിച്ചതിൻ്റെ മേൽക്കൈ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടെങ്കിലും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വരവ് മത്സരത്തെ അൽപ്പം കടുപ്പിക്കും. 2014ൽ സത്യൻ മൊകേരിയാണ് മണ്ഡലത്തിൽ മികച്ച ലീഡ് നേടി എം.ഐ ഷാനവാസിനെ വെള്ളം കുടിപ്പിച്ചത്. ഇരുപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഷാനവാസ് അന്ന് രക്ഷപെടുകയായിരുന്നു.