NEWSROOM

എലപ്പുള്ളി മദ്യക്കമ്പനി വിവാദം: കേരളത്തിൽ ആവശ്യത്തിന് മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല, ആവശ്യത്തിന് ഉൽപ്പാദനമെന്നത് LDF നിലപാട്: ടി.പി. രാമകൃഷ്ണൻ

താൻ മന്ത്രി ആയിരുന്നപ്പോൾ ബ്രൂവറിക്ക് അനുമതി നിഷേധിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നെന്നും രാമകൃഷ്ണൻ വിശദീകരിച്ചു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ ആവശ്യത്തിനനുസരിച്ച് മദ്യം ഉൽപ്പാദിപ്പിക്കുകയെന്നത് എൽഡിഎഫിന്റെ നിലപാടാണെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേരളത്തിൽ ആവശ്യത്തിന് മദ്യം ഉൽപ്പാദിപ്പിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു എൽഡിഎഫ് കൺവീനറിൻ്റെ വിശദീകരണം. എൽഡിഎഫിൽ വ്യതസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവുമെന്നും, വിഷയം ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

ബ്രൂവറി വിഷയത്തിൽ പാർട്ടികളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ചർച്ചചെയ്ത് വ്യക്തത വരുത്തുമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. ജല ചൂഷണം ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. വിഷയത്തിൻ്റെ എല്ലാ വശവും ചർച്ച ചെയ്യും. മദ്യം ഉൽപാദിപ്പിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും വരുമാനം വർധിക്കുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. 


താൻ മന്ത്രി ആയിരുന്നപ്പോൾ ബ്രൂവറിക്ക് അനുമതി നിഷേധിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നെന്നാണ് രാമകൃഷ്ണൻ്റെ വിശദീകരണം. അനാവശ്യ വിവാദങ്ങൾ വേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. താൻ മന്ത്രിയായിരുന്നപ്പോൾ ബ്രൂവറിക്ക് അനുമതി നിഷേധിച്ചെന്ന് കരുതി, അത് ഒരിക്കലും നടത്താൻ പാടില്ല എന്നല്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം എലപ്പുള്ളിയിൽ ഭൂമി തരംമാറ്റാൻ മദ്യനിർമാണ കമ്പനിയായ ഒയാസിസ് നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. എലപ്പുളളിയിലെ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് പാലക്കാട് ആ‍ർഡിഒ കഴിഞ്ഞ ദിവസം തള്ളിയത്. എന്നാൽ കൃഷിഭൂമി ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അനുമതി ലഭിച്ചതെന്നും ഒയാസിസ് കമ്പനി വിശദീകരിച്ചു.


പാലക്കാട് എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനിക്കുള്ളത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഈ ഭൂമി തരം മാറ്റി, ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകണമെന്നുമാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയാണ് പാലക്കാട് ആർഡിഒ തള്ളിയത്. ജനുവരി 24 നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഒയാസിസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എലപ്പുള്ളി കൃഷി ഓഫീസർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഒയാസിസ് തരം മാറ്റം ആവശ്യപ്പെട്ട ഭൂമിയിൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി കൃഷി ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നാലേക്കറിൽ കൃഷിയല്ലാതെ, നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദേശിച്ചു.

SCROLL FOR NEXT