NEWSROOM

പെരിയ കേസ്: 'കുറ്റം ചെയാത്തവരും കേസിൽ ഉൾപ്പെട്ടു'; സിപിഎം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും നടക്കുന്നില്ലെന്ന് ടി.പി. രാമകൃഷ്ണന്‍

ടി.പി കേസുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും കാസർഗോഡ് നടന്ന ഒരു സംഭവം മാത്രമാണെന്നും ടി.പി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണന്‍. വിധിയുടെ വിശദാംശം മനസിലാക്കിയില്ലെന്നും കോടതിവിധി അംഗീകരിച്ച സമീപനമേ സ്വീകരിക്കാനാകൂ എന്നും എല്‍ഡിഎഫ് കണ്‍വീനർ വ്യക്തമാക്കി.

സിപിഎം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും നടക്കുന്നില്ല. ടി.പി കേസുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും കാസർഗോഡ് നടന്ന ഒരു സംഭവം മാത്രമാണെന്നും ടി.പി പറഞ്ഞു. മേൽ കോടതിയെ സമീപിക്കുന്ന കാര്യം പ്രതികൾക്ക് തീരുമാനിക്കാം. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെ സ്വീകരിക്കാൻ കഴിയൂ. കുറ്റം ചെയാത്തവരും കേസിൽ ഉൾപ്പെട്ടതായാണ് മനസ്സിലാകുന്നത്. മുൻ എംഎൽഎക്ക് ഉൾപ്പെടെ ബാധകമായ കാര്യമാണ് പറയുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 24 പ്രതികളില്‍ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 10 പേരെ കോടതി കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവരില്‍ ഉദുമ മുന്‍ എംഎല്‍എ അടക്കം ആറ് പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്.

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കാസർഗോഡ് മൂന്നാട് കോളേജിലെ എസ്എഫ്ഐ - കെഎസ്‍യു തർക്കത്തിൽ ഇടപെട്ടതാണ് യൂത്ത് കോണ്‍‌ഗ്രസ് പ്രവർത്തകരായ ഇരുവരെയും വകവരുത്താൻ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ്.

SCROLL FOR NEXT