NEWSROOM

ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എല്‍ഡിഎഫ് തയാർ; ആത്മവിശ്വാസത്തില്‍ നേതാക്കള്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് രാഷ്ട്രീയ പാർട്ടികൾ. ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു നേതാക്കള്‍.

ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എല്‍ഡിഎഫ് തയാറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. സ്ഥാനാർഥിയെ അതിവേഗം പ്രഖ്യാപിക്കും. സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ഒരു ആശങ്കയുമില്ല. സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം അതിവേഗം എടുക്കും. രണ്ടു സീറ്റും ജയിക്കും. വയനാട് നില മെച്ചപ്പെടുത്തും. കഴിയാവുന്നത്ര വേഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.


ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നാളെയോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും. രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റം ഉണ്ടായപ്പോൾ അത് പിടിച്ചു നിർത്താൻ കേരളത്തിന്‌ കഴിഞ്ഞു. ഇതെല്ലാം എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കാൻ സാധിക്കും. പാർലമെൻറ് തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവൺമെന്റിനോടുള്ള എതിർപ്പും സംസ്ഥാന ഗവൺമെന്റിനോടുള്ള അനുകൂല സാഹചര്യവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ഗംഭീര വിജയമുണ്ടാകുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. തൃശൂരിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസ് വോട്ടുകൾ അവർക്കു പോയി. 87000 വോട്ടുകൾ യുഡിഎഫിന്റെ കാണാനില്ല. എൽഡിഎഫിൽ എല്ലാ കമ്മിറ്റികളും ഒരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മികച്ച വിജയം കൈവരിക്കും. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എം.എം. വർഗീസ് പറഞ്ഞു.

SCROLL FOR NEXT