NEWSROOM

"ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചു"; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഉപതെരഞ്ഞെടുപ്പിനായി പോളിങ്ങ് ബൂത്ത് തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്നാണ് പ്രിയങ്കക്കെതിരെയുള്ള പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

നവംബർ പത്തിന് പ്രിയങ്ക ഗാന്ധി വയനാട് പള്ളിക്കുന്ന് ദേവാലയത്തിൽ പ്രചരണത്തിനെത്തിയിരുന്നു. ഇവിടെ നിന്നും പ്രിയങ്ക ഗാന്ധി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ടി.സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ.ഡി.അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ഞായറാഴ്ച പ്രിയങ്ക പള്ളിക്കുന്ന്‌ ദേവാലയത്തിലെത്തിയത്‌. ആരാധനാലയത്തിനുള്ളിൽ നിന്നും പ്രിയങ്ക വിശ്വാസികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. ശക്തമായ നിയമ ലംഘനമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെൻ്റ് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

അതേസമയം വയനാട് ലോക്സഭാ മണ്ഡലം നാളെയാണ് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉൾപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 പേരാണ് നാളെ സമ്മതിദാന അവകാശം രേഖപ്പെടുത്തുക. 1354 പോളിങ് സ്റ്റേഷനുകളാണ് ഏഴ് നിയോജക മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് നാളെ പോളിങ് ബൂത്തിലെത്തുക.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിൽ സജ്ജമാക്കിയത്. ജില്ലയില്‍ രണ്ട് ബൂത്തുകളെയാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളെ പ്രത്യേക സുരക്ഷാ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ നിന്നുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും പൂർത്തിയായി കഴിഞ്ഞു.

SCROLL FOR NEXT