NEWSROOM

പി.വി. അൻവറിൻ്റെ വെളിപ്പെടുത്തൽ; ആരോപണങ്ങൾ തള്ളാതെയും കൊള്ളാതെയും ഇടത് മുന്നണി

എന്നാൽ ആരോപണത്തെ സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബിജെപിയും

Author : ന്യൂസ് ഡെസ്ക്


എഡിജിപി എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരായ പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ തള്ളാതെയും കൊള്ളാതെയും ഇടത് മുന്നണി. എംഎൽഎയുടെ പ്രസ്താവനകൾ പരിശോധിച്ച ശേഷം തുടർനടപടിയെന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണണനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സ്വീകരിച്ചത്. എന്നാൽ ആരോപണത്തെ സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബിജെപിയും.

അൻവറിൻ്റെ ആരോപണങ്ങൾ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ തുടർനടപടി സ്വീകരിക്കണമെന്ന നിലപാടാണ് ഇടത് മുന്നണി കൈക്കൊണ്ടിട്ടുള്ളത്. അൻവർ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണെന്നും തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞത്. ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ അത് ഗൗരതരമാണെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെയും നിലപാട്.

എന്നാൽ അൻവറിനെ പരോക്ഷമായി വിമർശിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈക്കൊണ്ടത്. ആരോപണം പി.വി. അൻവറിൻ്റെ അഭിപ്രായം മാത്രമാണ്. താനൂർ കസ്റ്റഡി മരണത്തിൽ അൻവറിൻ്റേത് അവസാന വാക്കാണോയെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. എഡിജിപി അജിത് കുമാറിനെതിരായ ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പി.വി. അൻവറിൻ്റെ ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കുകയാണ്. പ്രതിപക്ഷം ദീർഘനാളായി ഉന്നയിച്ച കാര്യങ്ങളാണ് ഭരണപക്ഷ എംഎൽഎ ഉന്നയിച്ചിരിക്കുന്നതെന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. മുഖ്യമന്ത്രിയുടേത് ഗുണ്ടാ സംഘങ്ങളെ പോലും നാണിപ്പിക്കുന്ന ഓഫീസ് ആണെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പൊലീസ് ഭരണത്തിൽ അധോലോക ബന്ധമുണ്ടെന്ന് പറയുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുടെ ചോദ്യം. തൃശൂർ പൂരം കലക്കിയത് എഡിജിപി തന്നെയാണെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ച സാഹചര്യത്തിൽ എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണമെന്ന് കോൺഗ്രസ് നേതാവ് മുരളീധരനും ആവശ്യപ്പെട്ടു. പി.വി. അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ട് എന്നുമായിരുന്നു പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.

SCROLL FOR NEXT