NEWSROOM

ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിൽ പ്രതിഷേധം; ഈ മാസം 19 ന് വയനാട്ടിൽ ഹർത്താൽ ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും

കേന്ദ്രത്തിനെതിരെ എൽഡിഎഫ് ഹർത്താൽ ആചരിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫിന്റെ ഹർത്താൽ.

Author : ന്യൂസ് ഡെസ്ക്



വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കാൻ ഇടത് വലത് മുന്നണികൾ. ഇതിന്റെ ഭാഗമായി ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരെ എൽഡിഎഫ് ഹർത്താൽ ആചരിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫിന്റെ ഹർത്താൽ.


മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുള്ള ആവശ്യം നടപ്പാക്കാതെ വന്നതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള പണം എസ്ഡിആർഎഫില്‍ നിന്ന് ഉപയോഗിക്കാമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു മുന്നണികളും പ്രതിഷേധം ശക്തമാക്കുന്നത്.

എൽ ഡി എഫും യു ഡി എഫും ചൊവ്വാഴ്ച വയനാട് ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സംയുക്തമായി പ്രതിഷേധത്തിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതോടെ വയനാട്ടിലും അതിന് സാധ്യതയില്ല. എന്നാൽ ദുരന്തബാധിതരെ കൂടി ഉൾപ്പെടുത്തി സമരം ശക്തമാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം.

Also Read; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം; ഇനിയും കേന്ദ്രത്തെ സമീപിക്കും: കെ.എൻ. ബാലഗോപാൽ

അതേ സമയം വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കേരളമെന്താ ഇന്ത്യക്ക് പുറത്തുള്ളതാണോ എന്ന് പിണറായി ചോദിച്ചു. സർക്കാർ കൃത്യമായി കണക്കുകൾ കേന്ദ്രത്തിന് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരന്‍റെ നിലപാട്. അതേസമയം എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു.

കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം, എസ്‌ഡിആര്‍എഫില്‍ 394 കോടിരൂപ ബാലന്‍സ് ഉണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി ദുരന്തം സംഭവിച്ച വയനാട്ടിലെത്തി. തുടര്‍ന്ന് സമിതി സമർപ്പിച്ച റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ അറിയിച്ചു.

SCROLL FOR NEXT