NEWSROOM

ഉരുൾപൊട്ടൽ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹർത്താല്‍

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍

Author : ന്യൂസ് ഡെസ്ക്

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെയും ധനസഹായം നൽകാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താൽ. കേന്ദ്രസര്‍ക്കാരിൻ്റെ അവഗണനയിലും, പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതടക്കമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ വീഴ്ചകളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താൽ. അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ആഴവും, പുനരധിവാസ പ്രവർത്തനങ്ങളുടെ വ്യാപ്തിയും പകൽ പോലെ വ്യക്തമായിട്ടും ഒരു സഹായ പ്രഖ്യാപനം പോലും നടത്താൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുക്കുകയാണ്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവില്ലെന്ന കേന്ദ്രസഹമന്ത്രി നിത്യാനന്ദ റായിയുടെ പ്രതികരണമാണ് ഹർത്താലിലേക്ക് നയിച്ചത്. എന്നാൽ പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതിൽ സംസ്ഥാന സര്‍ക്കാരിൻ്റെ വീഴ്ചകളിൽ കടുത്ത പ്രതിഷേധവും ഹർത്താൽ പ്രഖ്യാപനത്തിൽ യുഡിഎഫ് ഉയർത്തുന്നുണ്ട്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ജനകീയ ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ് ഇരു മുന്നണികളും. ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വരഹിതമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സമരത്തിലേക്ക് മുന്നണികൾ ഒന്നിച്ച് എത്തുന്നത്.

Also Read: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

അതേസമയം, പുനരധിവാസം വേഗത്തിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസർക്കാർ. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് ഒരു മാസത്തിനുള്ളിൽ അന്തിമ പദ്ധതിയാകുമെന്നാണ് റവന്യൂ മന്ത്രി കെ.  രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും വയനാട് പുനരധിവാസം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലകളില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി  കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേരളത്തിന്‍റെ ആവശ്യം സാധ്യമല്ലെന്ന് ആഭ്യന്തര സഹമന്ത്രി അറിയിച്ചത്. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്‍റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 388 കോടി രൂപ മുൻകൂറായി നൽകിയെന്നും കേന്ദ്ര മന്ത്രി കത്തില്‍ പറയുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. അതേസമയം, എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രം അറിയിച്ചു. 

SCROLL FOR NEXT