വാശിയേറിയ പോരാട്ടത്തിനൊടുവിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായിട്ടും ചേലക്കരയിലെ ജനവിധി സൂക്ഷ്മമായി പരിശോധിക്കുകയാണ് മുന്നണികൾ. പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയ ഇടതുപക്ഷവും പരാജിതരായ യുഡിഎഫും എൻഡിഎയും മണ്ഡലത്തിൽ നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. പരാജയ കാരണം വിശദമായി തന്നെ പരിശോധിക്കാനാണ് ഇരു മുന്നണികളുടേയും തീരുമാനം.
പാർട്ടിയും മുന്നണിയും നടത്തിയ കണക്കുകൂട്ടലുകളെ കടത്തിവെട്ടിയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻ്റെ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വോട്ടെണ്ണലിലെ തുടക്കം മുതൽ നേടിയ ലീഡും 64,827 വോട്ടുകളും 41.44 % എന്ന കണക്കും സിപിഎമ്മിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ചേലക്കരയിലെ പ്രകടനം നേട്ടമാകുമെന്ന് സിപിഎം വിലയിരുത്തുമ്പോളും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദമായി പഠിക്കാൻ തന്നെയാണ് എൽഡിഎഫ് തീരുമാനം.
യു ആർ പ്രദീപിൻ്റെയും കെ. രാധാകൃഷ്ണൻ്റെയും സ്വീകാര്യതയും മണ്ഡലത്തിലെ സ്വാധീനവും വോട്ടായി മാറിയെങ്കിലും സംഘടനാ സംവിധാനങ്ങളുടെ അടിത്തറ തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതിലും അനുകൂലമാകാൻ കാരണമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട സ്ഥാനാർത്ഥിയെ വീണ്ടും അവതരിപ്പിച്ചത് തിരിച്ചടിയായി എന്നാണ് കോൺഗ്രസിനുള്ളിലെ അടക്കം പറച്ചിൽ. രമ്യ ഹരിദാസിൻ്റെ സ്ഥാനാർത്ഥിത്വം വീണ്ടും അംഗീകരിക്കാൻ മണ്ഡലത്തിലെ ജനങ്ങൾ തയ്യാറായില്ല.
സംസ്ഥാന നേതൃത്വം ഇടപെട്ട് മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയപ്പോഴും ജില്ലാ നേതൃത്വം എന്ന നിലയിൽ ഇടപെടാൻ മണ്ഡലത്തിൽ ആളില്ലാതിരുന്നതും പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് യുഡിഎഫ് ക്യാമ്പ് അനുമാനിക്കുന്നത്. 52137 വോട്ടും 33.64% എന്ന കണക്കും ഉയർത്തിക്കാട്ടി കോൺഗ്രസ് പരാജയത്തെ ലഘൂകരിക്കുന്നുണ്ട്.എന്നാൽ 15.68% എന്ന വോട്ട് വിഹിതത്തിൽ നിന്നും നിന്നും 21.49 % നിലയിലേക്ക് ബിജെപി വളർന്നതും മണ്ഡലത്തിൽ ഉണ്ടാക്കിയ പതിനായിരത്തോളം വോട്ടുകളുടെ വർദ്ധനവുമാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദങ്ങളെ പൊളിക്കുന്നത്.
33,609 വോട്ടുകൾ സ്വന്തമാക്കിയ കെ ബാലകൃഷ്ണൻ എന്ന തദ്ദേശീയനായ പഞ്ചായത്ത് അംഗം നടത്തിയ പ്രകടനം എൻഡിഎ കേന്ദ്രങ്ങളെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി മണ്ഡലത്തിലും ജില്ലയിലും പദ്ധതി തയ്യാറാക്കുന്നത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം സാമ്പിൾ ആയി സ്വീകരിച്ച് ജില്ലയിലെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ മുന്നണികൾ ശ്രമിക്കുന്നത് . അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പിലെ ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇഴ കീറിയുള്ള പരിശോധനകൾക്കാവും വരും ദിവസങ്ങളിൽ മുന്നണികളും രാഷ്ട്രീയപാർട്ടികളും തയ്യാറാവുക.