NEWSROOM

പ്രളയവും, കലാപവും അറിയാൻ പ്രതിപക്ഷനേതാവ്; രാഹുൽ ​ഗാന്ധി ഇന്ന് അസമും, മണിപ്പൂരും സന്ദർശിക്കും

പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ ​ഗാന്ധി മണിപ്പൂരിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇന്ന് മണിപ്പൂരും അസമും സന്ദർശിക്കും. രാഹുൽ ഗാന്ധി ആദ്യം അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലെത്തത്തും. തുടർന്ന് ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയ ആളുകളെ  നേരിട്ട് കാണും.

ഇതിന് ശേഷം മണിപ്പൂരിലെത്തി, സംഘർഷം നടന്ന ജിരിബാമിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ജനങ്ങളോട് സംസാരിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ ​ഗാന്ധി മണിപ്പൂരിലെത്തുന്നത്. രാഹുൽ ഗാന്ധി ഇംഫാലിൽ എത്തിയ ശേഷം ചുരാചന്ദ്പൂരിലും, മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. മണിപ്പൂർ ഗവർണ്ണർ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ  മണിപ്പൂരിൽ നിന്ന് രണ്ട് സീറ്റുകളിലും കോൺ​ഗ്രസ് വിജയിച്ചിരുന്നു.

പ്രധാനമന്ത്രിയും ബിജെപിയും മണിപ്പൂരിലെ കലാപഭൂമി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പറഞ്ഞിരുന്നു. ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രാഹുലിൻ്റെ ആദ്യ മണിപ്പൂർ സന്ദർശനം.

SCROLL FOR NEXT