പിഎസ്‌സി കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ് രംഗത്തെത്തി. റിയാസിൻ്റെ നേതൃത്വത്തിൽ കോഴിക്കാട് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും, കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് ഈ മിനി ക്യാബിനറ്റാണെന്നും ഫിറോസ് ആരോപിച്ചു.
"പ്രമോദിനെ ഒറ്റപ്പെടുത്തി കൈ കഴുകാനാണ് റിയാസ് ശ്രമിച്ചത്. മിനി ക്യാബിനറ്റിലെ വെറും ഇടനിലക്കാരൻ മാത്രമാണ് പ്രമോദ് കോട്ടൂളി.
മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾ ഇപ്പോഴും സുരക്ഷിതരാണ്. പ്രമോദിനെതിരെ മാത്രം നടപടിയെടുത്ത് തടി തപ്പാനുള്ള സി.പി.എം നീക്കം അനുവദിക്കില്ല. ശക്തമായ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകും," പി.കെ ഫിറോസ് പറഞ്ഞു.
സിപിഎമ്മിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രമോദിനെ ഇന്ന് പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് പാർട്ടി അറിയിച്ചു. ഇന്ന് ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം എടുത്തത്.