ലബനനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ തിരിച്ചടിച്ചതായി ലബനൻ സൈന്യം. ഇതുവരെ ഹിസ്ബുള്ളയും ഇസ്രയേലുമാണ് യുദ്ധമുഖത്തുണ്ടായിരുന്നത്. അതിൽ തങ്ങൾക്ക് ഒരു പങ്കും ഇല്ലെന്ന് ലബനൻ സൈന്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനനിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനൻ പൗരന്മാർ ഗ്രാമങ്ങളിലേക്ക് മടങ്ങി വരരുതെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ സൈന്യം രംഗത്തെത്തിയിരുന്നു. തെക്കൻ ലബനനിലെ ഗ്രാമത്തിൽ നിന്നും മാറ്റി പാർപ്പിച്ച പൗരന്മാർക്കാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയത്. ലബനനിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസിയും രംഗത്തെത്തിയിരുന്നു.
ഒരറിയിപ്പുണ്ടാക്കുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ലബനനിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യരുത് എന്നാണ് എംബസിയുടെ നിർദേശം.