Rinson 
NEWSROOM

ലെബനൻ സ്ഫോടനം: പേജറുകൾ നൽകിയത് മലയാളിയുടെ കമ്പനി? അന്വേഷണം പ്രഖ്യാപിച്ച് ബൾഗേറിയ

പേജർ തായ്‌വാൻ കമ്പനിയുടെ ബ്രാൻഡിൽ ഹംഗറിയിലാണ് നിർമിച്ചിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൻ്റെ അന്വേഷണം മലയാളിയിലേക്ക്. സ്ഫോടനം ഉണ്ടാക്കിയ പേജർ നൽകിയത് മാനന്തവാടി സ്വദേശിയായ റിൻസൺ ജോസിന്‍റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്നു സംശയം. പേജർ തായ്‌വാൻ കമ്പനിയുടെ ബ്രാൻഡിൽ ഹംഗറിയിലാണ് നിർമിച്ചിട്ടുള്ളത്.

റിൻസണ് എതിരെ ബൾഗേറിയ അന്വേഷണം പ്രഖ്യാപിച്ചു. റിൻസൺ ജോസിന് നോർവീജിയൻ പൗരത്വമുണ്ട്. ഹംഗറിയിൽ പേജർ നിർമിച്ച് ഹിസ്ബുല്ലയ്ക്ക് എത്തിച്ചത് റിൻസണിന്‍റെ കമ്പനിയെന്ന് ബൾഗേറിയ അറിയിച്ചു.

ലെബനനിൽ ചൊവ്വാഴ്ച നടന്ന പേജർ സ്ഫോടനത്തിൽ 9 ആളുകൾ മരിക്കുകയും മൂവായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയിലെ ആയിരക്കണക്കിന് അംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ എന്നിവയാണ് ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള ഓർഡർ നൽകിയിരുന്ന പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്ഫോടക വസ്തുക്കൾ നിറച്ചതാണ് സ്ഫോടനങ്ങളിലേക്ക് നയിച്ചതെന്ന് ലെബനൻ ആരോപിച്ചിരുന്നു.

തായ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ നിന്നാണ് ഹിസ്ബുള്ള 5,000 പേജറുകൾ ഓർഡർ ചെയ്തിരുന്നത്. നിർമാണ വേളയിൽ തന്നെ ഇവയിൽ ഇസ്രയേൽ സ്ഫോടന വസ്തുക്കൾ നിറച്ചിരുന്നതായും ഹിസ്ബുള്ള ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പേജറുകൾ തങ്ങളാണ് നിർമ്മിച്ചതെന്ന ആരോപണം തായ്‌വാൻ കമ്പനി തള്ളിക്കളഞ്ഞിരുന്നു. 

പേജർ സ്ഫോടനങ്ങൾ നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ ലെബനനിൽ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചിരുന്നു. ഈ സ്ഫോടനത്തിൽ 20 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 

SCROLL FOR NEXT